തിരുവനന്തപുരം: കോവിഡ് ബാധിച്ച് മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണത്തിന് പ്രത്യേക പാക്കേജ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മൂന്നുലക്ഷം രൂപ കുട്ടികള്‍ക്ക് ഒറ്റത്തവണയായി നല്‍കും. 18 വയസ്സ് വരെ 2000 രൂപ മാസംതോറും നല്‍കും. ബിരുദതലം വരെയുള്ള വിദ്യാഭ്യാസച്ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പത്തനംതിട്ട, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളില്‍ കഴിഞ്ഞ രണ്ടാഴ്ചയായി മരണനിരക്ക് കൂടുതലാണ്. ഈ ജില്ലകളില്‍ വിദഗ്ധസംഘത്തെ നിയോഗിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
പ്ലസ് വണ്‍ പരീക്ഷ ഓണാവധിക്കടുത്ത സമയത്ത് നടത്താന്‍ ക്രമീകരണം ഒരുക്കാന്‍ പൊതുവിദ്യാഭ്യാസവകുപ്പിന് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു. എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി മൂല്യനിര്‍ണയത്തിന് നിശ്ചയിക്കപ്പെട്ട അധ്യാപകര്‍ കോവിഡ് ഡ്യൂട്ടിയില്‍ നിയോഗിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ ആ ഡ്യൂട്ടിയില്‍നിന്ന് ഒഴിവാക്കും. ഓണ്‍ലൈന്‍ അഡ്വൈസിെൻറ വേഗം വര്‍ധിപ്പിക്കണമെന്ന് പി.എസ്.സിയോട് ആവശ്യപ്പെട്ടു.
ബ്ലാക്ക് ഫംഗസ് രോഗം സംബന്ധിച്ച് വലിയ ആശങ്കകള്‍ ഉയരുന്നുണ്ട്. അത് പരിഹരിക്കാനാവശ്യമായ ഇടപെടലുകള്‍ നടത്തും. 52 പേര്‍ക്ക് മാത്രമാണ് നിലവില്‍ ഇവിടെ രോഗം വന്നിട്ടുള്ളത്. എന്നിട്ടും ജനങ്ങളെ ആശങ്കപ്പെടുത്തുന്ന വലിയ തരത്തിലുള്ള പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. അത് ഒഴിവാക്കണം.
കാലവര്‍ഷഘട്ടത്തില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാകുമ്പോള്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തും. ഓക്സിമീറ്റര്‍ സ്വന്തമായി ഉണ്ടാക്കുമെന്ന് കെല്‍ട്രോണ്‍ അറിയിച്ചിട്ടുണ്ട്. അത് പരമാവധി പ്രോത്സാഹിപ്പിക്കാനാണ് തീരുമാനം. ആവശ്യമായ മരുന്നുകള്‍ വാങ്ങിനില്‍കാന്‍ വിദേശത്തുള്ള പലരും സന്നദ്ധത അറിയിച്ചിട്ടുണ്ട്. എന്നാല്‍, പല മരുന്നുകളും അവര്‍ക്ക് അവിടെ ലഭ്യമല്ല. അത് എവിടെ ലഭ്യമാവും എന്ന് അറിയിച്ചാല്‍ വാങ്ങി നല്‍കാന്‍ തയാറാണെന്നാണ് പല വിദേശമലയാളികളും അറിയിച്ചിട്ടുള്ളത്. കെ.എം.എസ്.സി.എല്‍ നോര്‍ക്കയുമായി ചേര്‍ന്ന് ഇതുസംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ നടത്തും.
സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള പോളിടെക്നിക് കോളജുകളിലെ മുടങ്ങിക്കിടക്കുന്ന അഞ്ചാം സെമസ്റ്ററിലെ പൂര്‍ത്തീകരിച്ച പരീക്ഷകളുടെ മൂല്യനിര്‍ണയം ഉടന്‍ നടത്തും. മുടങ്ങിയ പരീക്ഷകള്‍ക്ക് ഇേൻറണല്‍ അസസ്മെൻറ് മാര്‍ക്കുകളുടെ അടിസ്ഥാനത്തിലും ഫലപ്രഖ്യാപനം ജൂണ്‍ മാസത്തില്‍ നടത്തും. അഞ്ചാം സെമസ്റ്റർ പരീക്ഷയുടെ ഫലപ്രഖ്യാപനത്തിന് ശേഷം ആറാം സെമസ്റ്റർ പരീക്ഷകള്‍ ജൂലൈയില്‍ നടത്തും. ഒന്നുമുതല്‍ നാലു വരെയുള്ള സെമസ്റ്ററുകളുടെ പരീക്ഷകളും ഉചിതമായി ക്രമീകരിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.