തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും കേസുകൾ വാദിക്കാനായി പുറത്ത് നിന്നും അഭിഭാഷകരെ എത്തിച്ച വകയിൽ സംസ്ഥാന സർക്കാർ മുടക്കിയത് വൻ തുക. നിർണായക കേസുകളും പ്രത്യേക അഭിഭാഷകരെ ഏർപ്പാടാക്കുന്നതിനാണ് വൻ തുക ചെലവഴിച്ചത്. ഇതുസംബന്ധിച്ച് കഴിഞ്ഞ ആറ് വർഷത്തെ കണക്കുകൾ നിയമ മന്ത്രി നിയമസഭയിൽ സമർപ്പിച്ചു.
പുറത്തുനിന്ന് എത്തിച്ച അഭിഭാഷകർക്കായി ഇതുവരെ 8.72 കോടി നൽകിയെന്നാണ് കണക്ക്. 80 അഭിഭാഷകരെയാണ് ഇത്തരത്തിൽ എത്തിച്ചത്. അഡ്വക്കറ്റ് ജനറലിന്റേയും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റേയും നേതൃത്വത്തിലാണ് അഭിഭാഷകർ പ്രവർത്തിച്ചിരുന്നത്. ആദ്യ പിണറായി സർക്കാറിന്റെ കാലയളവിൽ 19 അഭിഭാഷകർ കേരള സർക്കാറിനെ 32 കേസുകളിൽ പ്രതിനിധീകരിച്ചു. അഭിഭാഷകരുടെ വിമാനക്കൂലിയായി 33.54 ലക്ഷം രൂപയും നൽകിയിട്ടുണ്ട്.
സിക്കിം, പശ്ചിമബംഗാൾ ലോട്ടറിയുമായി ബന്ധപ്പെട്ടുള്ള കേസുകളിൽ ഹാജരാവാൻ അഭിഭാഷകൻ പല്ലവ് സിസോദിയക്ക് 1.78 കോടിയാണ് നൽകിയത്. ഉമ്മൻചാണ്ടിക്കെതിരായ സോളാർ കേസിൽ ഹാജരാവാൻ മുൻ സോളിസിറ്റർ ജനറൽ രഞ്ജിത് കുമാറിന് 1.20 കോടിയും നൽകി.
വടക്കാഞ്ചേരി ലൈഫ് മിഷൻ കേസിൽ ഹാജരാവുന്നതിന് കെ.വി വിശ്വനാഥന് 55 ലക്ഷവും ചെറുവള്ളി എസ്റ്റേറ്റ് കേസിൽ 16.50 ലക്ഷവും ഫീസിനത്തിൽ നൽകി. പെരിയ ഇരട്ട കൊലപാതക കേസിൽ ഹാജരാവുന്ന അഭിഭാഷകർക്ക് 88 ലക്ഷം രൂപയാണ് നൽകിയത്. അതേസമയം, പുറത്ത് നിന്നും അഭിഭാഷകരെ എത്തിച്ച് കേസ് വാദിക്കുന്നതിൽ പുതുമയൊന്നും ഇല്ലെന്നായിരുന്നു സംസ്ഥാന സർക്കാർ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.