തൃശൂര്‍: ആരോഗ്യ, ധനവകുപ്പുകള്‍ തമ്മിലുള്ള ഒളിച്ചുകളി മൂലം അര്‍ബുദ രോഗികള്‍ക്ക് വലിയ ആശ്വാസമായിരുന്ന സൗജന്യചികിത്സാപദ്ധതിയായ ‘സുകൃതം’ നിലച്ചു. മെഡിക്കല്‍ കോളജുകളിലെ റേഡിയേഷന്‍ യന്ത്രങ്ങളുടെ തകരാറും മരുന്നില്ലായ്മയുമാണ് അര്‍ബുദരോഗികള്‍ക്ക് ദുരിതം സമ്മാനിച്ച് പദ്ധതി നിലക്കാന്‍ വഴി വെച്ചത്. തിരുവനന്തപുരം, മലബാര്‍ കാന്‍സര്‍ സെന്‍ററുകള്‍, ഗവ. മെഡിക്കല്‍ കോളജുകള്‍ എറണാകുളം ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലാണ് സുകൃതം നടപ്പാക്കിയിട്ടുള്ളത്. പ്രതിവര്‍ഷം അരലക്ഷത്തോളം അര്‍ബുദ രോഗികളുണ്ടാവുന്നുണ്ടെന്നാണ് ആരോഗ്യവകുപ്പിന്‍െറ കണക്ക്. അതനുസരിച്ച് ഫണ്ട് നല്‍കാന്‍ ധനവകുപ്പ് മടിക്കുകയാണത്രേ. പദ്ധതി വിപുലീകരിച്ച് തുടരുമെന്ന് ചുമതലയേറ്റ ശേഷം ഇടത് സര്‍ക്കാര്‍ പഖ്യാപിച്ചത് വാക്കിലൊതുങ്ങി.
സുകൃതം വഴിയുള്ള മരുന്ന് വിതരണം നിലച്ചിട്ട് മാസത്തിലേറെയായി. ഫണ്ടില്ലാത്തതാണ് കാരണമത്രേ.
ഇതോടൊപ്പമാണ് റേഡിയേഷന്‍ യന്ത്രങ്ങളുടെ തകരാര്‍. കാലാവധി കഴിഞ്ഞ യന്ത്രങ്ങള്‍ അറ്റകുറ്റപ്പണി നടത്തി തള്ളിനീക്കുകയാണ് ആശുപത്രികള്‍. രോഗികളുടെ എണ്ണമനുസരിച്ച് ഈ ആശുപത്രികളില്‍ കുറഞ്ഞത് നൂറ് യന്ത്രങ്ങളെങ്കിലും വേണമെന്നിരിക്കെ ആകെയുള്ളത് 20 യന്ത്രങ്ങളാണ്. ഇവയില്‍ ഏറെയും ദിനവും തകരാറിലാണ്. യന്ത്രങ്ങള്‍ അതിന്‍െറ ഉപയോഗ കാലാവധി കഴിയുന്നതനുസരിച്ച് മാറ്റി സ്ഥാപിക്കണം. പക്ഷെ, പുതിയത് വാങ്ങുന്നത് ഒഴിവാക്കി തരികിട അറ്റകുറ്റപ്പണി നടത്തുകയാണ് ആരോഗ്യവകുപ്പ് ചെയ്യാറുള്ളത്. കൊബാള്‍ട്ട്, ലിനാക് റേഡിയേഷന്‍ യന്ത്രങ്ങളാണ് സംസ്ഥാനത്ത് ഉപയോഗിക്കുന്നത്. സ്ഥാപിച്ച് പത്തുവര്‍ഷമാണ് അവയുടെ പരമാവധി കാലാവധി. അത് കഴിഞ്ഞാല്‍ മാറ്റി സ്ഥാപിക്കണമത്രേ. എന്നാല്‍, ഏറ്റവും കൂടുതല്‍ അര്‍ബുദരോഗികള്‍ ആശ്രയിക്കുന്ന തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലുള്‍പ്പെടെ കാലാവധി കഴിഞ്ഞ യന്ത്രങ്ങളാണുള്ളത്.
അവ തകരാറായി ചികിത്സ മുടങ്ങുന്നത് സ്ഥിരമാണ്. പന്ത്രണ്ടു മണിക്കൂര്‍ വരെ തുടര്‍ച്ചയായി പ്രവര്‍ത്തിക്കാവുന്ന യന്ത്രങ്ങള്‍ 20 മണിക്കൂറിലധികം ഉപയോഗിക്കുമത്രേ. ഇത് യന്ത്രങ്ങള്‍ കേടാക്കും. ആവശ്യമായ ജീവനക്കാരുമില്ല. കേന്ദ്ര സഹായം കൂടി ഉള്ളതിനാല്‍ തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്‍ററില്‍ മാത്രമാണ് ഭേദപ്പെട്ട ചികിത്സ ലഭിക്കുന്നത്. അര്‍ബുദരോഗികളുടെ കാര്‍ഡുകള്‍ എ.പി.എല്‍ ആണെങ്കില്‍ ബി.പി.എല്‍ ആക്കി നല്‍കാന്‍ കലക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതോടെ പദ്ധതിവഴി സഹായം തേടി എത്തുന്ന രോഗികളുടെ എണ്ണം വര്‍ധിച്ചതാണ് സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കിയതത്രേ. ഇതോടെയാണ് നല്‍കാന്‍ ഫണ്ടില്ലാതായത്. അര്‍ബുദ മരുന്നുകളുടെ വില താങ്ങാവുന്നതിലും അധികമായതിനാല്‍ സുകൃതം പദ്ധതി അനുഗ്രഹമാണെന്നാണ് രോഗികള്‍ പറയുന്നത്.
ലക്ഷങ്ങള്‍ മുടക്കി സ്വകാര്യ ആശുപത്രികളെ സമീപിക്കേണ്ടുന്ന ദുരിതത്തിലാണ് അര്‍ബുദ രോഗികള്‍. ധനവകുപ്പിന്‍െറ കെടുകാര്യസ്ഥതയാണ് ഇതെന്ന ആരോപണം ആരോഗ്യവകുപ്പും എന്നാല്‍ അര്‍ബുദ ചികിത്സക്കായി ബൃഹദ് പദ്ധതികള്‍ സമര്‍പ്പിച്ചാല്‍ പരിഗണിക്കാമെന്ന് അറിയിച്ചിട്ടും ആരോഗ്യ വകുപ്പിന് ഉദാസീനതയാണെന്ന് ധനവകുപ്പും ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.