കേരള അതിഥി ആപ്പ് 25 നെത്തും; രജിസ്‌ട്രേഷൻ ത്വരിതഗതിയിൽ പൂർത്തിയാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെത്തുന്ന മുഴുവൻ അതിഥിതൊഴിലാളികളെയും രജിസ്റ്റർ ചെയ്യുന്നതിനുള്ള അതിഥി ആപ്പ് 25ന് എത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി. സെക്രട്ടേറിയറ്റ് ലയം ഹാളിൽ അതിഥി ആപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മുഴുവൻ അതിഥിതൊഴിലാളികളെയും രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കേരള അതിഥി ആപ്പ് കൂടി എത്തുന്നതോടെ രജിസ്‌ട്രേഷൻ നടപടികൾ കൂടുതൽ സുഗമമായി ത്വരിതഗതിയിൽ പൂർത്തിയാക്കാനാകുമെന്നും മന്ത്രി അറിയിച്ചു.

നാഷണൽ ഇൻഫോമാറ്റിക് സെന്റർ വികസിപ്പിച്ചെടുത്ത ആപ്പിന്റെ ടെസ്റ്റിങ് പൂർത്തിയാക്കി കഴിഞ്ഞു. ആപ്പ് പ്ലേസ്റ്റോറിൽ ലഭ്യമാക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. ഒക്ടോബർ 25 മുതൽ ലഭ്യമായി തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.

മികച്ച കൂലി, തൊഴിൽ സാഹചര്യം, കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യസുരക്ഷ തുടങ്ങി അതിഥിതൊഴിലാളികൾക്ക് മികച്ച സാമൂഹിക സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്ന നയങ്ങളാണ് സർക്കാർ അനുവർത്തിച്ചു പോരുന്നത്.

ഭൂരിഭാഗം അതിഥിതൊഴിലാളികളും നാടിന്റെ രീതികൾക്കൊത്തു പോകുന്നവരാണെങ്കിലും ചിലരെങ്കിലും ആശ്വാസ്യകരമല്ലാത്ത പ്രവൃത്തികളിൽ ഏർപ്പെടുന്നുണ്ട്. ഇത്തരക്കാർ ക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

അതിഥി പോർട്ടൽ വഴി ഇതിനോടകം 159884 പേർ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. അതിഥി പോർട്ടലിലെന്നപോലെ അതിഥിതൊഴിലാളികൾക്കും, അവരുടെ കരാറുകാർ, തൊഴിലുടമകൾ എന്നിവർക്കും മൊബൈൽ ആപ്പിലൂടെ തൊഴിലാളികളെ രജിസ്റ്റർ ചെയ്യാം. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ ലഭിക്കുന്ന നിർദേശങ്ങൾ പ്രകാരം വ്യക്തിവിവരങ്ങൾ, ഫോട്ടോ, ആധാർ കാർഡ് എന്നിവ നൽകി രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാവുന്നതാണ്.

അതിഥിപോർട്ടൽ വഴി ലഭിക്കുന്ന പ്രസ്തുത വിവരങ്ങൾ ബന്ധപ്പെട്ട അസി ലേബർ ഓഫീസർ പരിശോധിച്ച് ഉറപ്പുവരുത്തും. പരിശോധന പൂർത്തിയാകുന്ന മുറയ്ക്ക് വെർച്വൽ ഐഡി കാർഡുകൾ തൊഴിലാളികൾക്ക് ആപ്പിൽ നിന്ന് ഡൗൺ ലോഡ് ചെയ്യാവുന്നതാണെന്നും ഇനി ഇൻഷുറൻസ് അടക്കമുള്ള എല്ലാ ആനുകൂല്യങ്ങൾക്കും ആവശ്യങ്ങൾക്കും അടിസ്ഥാനമായി ഈ കാർഡാവും ഉപയോഗിക്കുകയെന്നും മന്ത്രി അറിയിച്ചു.

ചടങ്ങിൽ തൊഴിൽ വകുപ്പ് സെക്രട്ടറി ഡോ കെ വാസുകി, ലേബർ കമ്മിഷണർ സഫ്‌ന നസറുദ്ദീൻ,അഡീ ലേബർ കമ്മിഷണർ കെ എം സുനിൽ ,അതിഥി തൊഴിലാളികൾ, തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.

Tags:    
News Summary - Kerala Guest App 25 Nethum; Minister V.Sivankutty that the registration will be completed speedily.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.