തിരുവനന്തപുരം: കോൺഗ്രസിലെ പ്രമുഖർ പ്രതിസ്ഥാനത്തുള്ള സോളാർ പീഡനക്കേസുകൾ സി.ബി.ഐ അന്വേഷണത്തിന് വിട്ടത് പൊലീസ് മേധാവിയുടെ റിപ്പോർട്ട് തേടാതെ, നിയമോപദേശത്തിെൻറ അടിസ്ഥാനത്തിൽ മാത്രം. ദിവസങ്ങൾക്കുമുമ്പ് സി.ബി.െഎ അന്വേഷണമാവശ്യപ്പെട്ട് പരാതിക്കാരി നൽകിയ കത്തിെൻറ അടിസ്ഥാനത്തിൽ സർക്കാർ ഡയറക്ടർ ഓഫ് പ്രോസിക്യൂഷെൻറ നിയമോപപദേശം തേടുകയായിരുന്നു. അന്വേഷണം കൈമാറുന്നതിൽ പ്രശ്നമില്ലെന്ന് അദ്ദേഹവും അനുകൂലിക്കുന്ന നിലപാട് നിയമവകുപ്പും കൈക്കൊണ്ടതിനെ തുടർന്നാണ് അന്വേഷണം സി.ബി.ഐക്ക് വിടാൻ സർക്കാർ തീരുമാനിച്ചത്.
എന്നാൽ, സാധാരണ ഗതിയിൽ പൊലീസ് അന്വേഷണം നടത്തുന്ന കേസുകൾ സി.ബി.െഎ പോലുള്ള ഏജൻസിക്ക് വിടുേമ്പാൾ ഡി.ജി.പിയുടെ റിപ്പോർട്ട് തേടാറുണ്ട്. നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിക്കലെത്തി നിൽക്കെയാണ് ഇൗ നീക്കം പുതിയ രാഷ്ട്രീയവിവാദമുണ്ടാക്കിയിട്ടുള്ളത്. യു.ഡി.എഫിനും ബി.ജെ.പിക്കും മാത്രമല്ല, എൽ.ഡി.എഫിലേക്ക് പുതുതായി ചേക്കേറിയ കേരള കോൺഗ്രസ് എമ്മിനും തിരിച്ചടിയാണ്. സോളാർ തട്ടിപ്പ് കേസിലെ പ്രതിയായ സ്ത്രീ നൽകിയ ബലാത്സംഗ പരാതികളിലെ അന്വേഷണമാണ് സി.ബി.ഐക്ക് വിട്ടത്. എന്നാൽ, ഏറെ രാഷ്ട്രീയ മാനമുള്ള ഇൗ കേസ് സി.ബി.െഎ ഏറ്റെടുക്കുമോയെന്നാണ് കാത്തിരുന്ന് കാണേണ്ടത്.
കഴിഞ്ഞ നാലുവർഷമായി സോളാർ തട്ടിപ്പ് കേസും പീഡന പരാതികളിലെ അന്വേഷണവും ഇഴഞ്ഞുനീങ്ങുകയായിരുന്നു. നാലര വർഷം പിണറായി സർക്കാർ ഒന്നും ചെയ്തില്ലെന്നും ഇപ്പോൾ രാഷ്ട്രീയ ലക്ഷ്യം മുൻനിർത്തി സി.ബി.ഐക്ക് വിടുകയാണെന്നുമാണ് പ്രതിപക്ഷ ആരോപണം.
പ്രതിപക്ഷത്തിനെതിരെ സോളാർ കേസ് ഉയർത്തുന്നത് തെരഞ്ഞെടുപ്പിൽ നേട്ടമാകുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. സ്വർണക്കടത്ത് കേസിലും ഡോളർ കടത്ത് കേസിലുമടക്കം കേന്ദ്ര ഏജൻസികളെ ബി.ജെ.പി രാഷ്ട്രീയമായി സി.പി.എമ്മിനെതിരെ ഉപയോഗിക്കുന്നെന്ന് ആരോപണമുയർത്തിയ ഭരണപക്ഷത്തിനെതിരെ പ്രതിപക്ഷം സോളാർ മുൻനിർത്തി ആരോപണം കടുപ്പിച്ചാൽ എൽ.ഡി.എഫിനും പ്രതിരോധം ശക്തമാക്കേണ്ടിവരും.
പരാതികൾ സംബന്ധിച്ച് അന്വേഷിക്കുന്ന കാര്യത്തിൽ മുമ്പ് സംസ്ഥാന പൊലീസ് എ.ഡി.ജി.പിമാർ സംശയം പ്രകടിപ്പിച്ചിരുന്ന സാഹചര്യത്തിൽ സി.ബി.െഎ എന്ത് നിലപാടെടുക്കുമെന്നതാണ് നിർണായകം. ബി.ജെ.പി നേതാവ് ഉൾപ്പെടെ പ്രതിസ്ഥാനത്തുള്ള കേസായതിനാൽ വളരെ കരുതലോടെയായിരിക്കും സി.ബി.െഎ നീക്കവും. അതിനാൽ തന്നെ കേസിെൻറ വിശദാംശങ്ങൾ സി.ബി.െഎ ഡയറക്ടർ സി.ബി.െഎ തിരുവനന്തപുരം യൂനിറ്റിനോട് ആരായും. അതിനുശേഷമാകും കേസന്വേഷണം ഏറ്റെടുക്കുന്ന കാര്യത്തിൽ അന്തിമതീരുമാനം കൈക്കൊള്ളുകയെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.