കൊച്ചി: പി.വി. അൻവർ എം.എൽ.എയുടെ കക്കാടംപൊയിലിലെ പി.വി.ആർ നേച്വർ പാർക്ക് പ്രവർത്തനത്തിന് പഞ്ചായത്ത് അനുവദിച്ച ലൈസൻസിൽ ഹൈകോടതി വ്യക്തത തേടി.
പാർക്ക് അധികൃതരുടെ അപേക്ഷയെത്തുടർന്ന് കഴിഞ്ഞ ദിവസം കൂടരഞ്ഞി പഞ്ചായത്ത് പാർക്കിന്‍റെ ലൈസൻസ് പുതുക്കി നൽകിയിരുന്നു. ഫീസ് ഇനത്തിൽ കുടിശ്ശികയായ ഏഴുലക്ഷം രൂപ ഈടാക്കിയാണ് ലൈസൻസ് നൽകിയത്. ഇതിനുപുറമെ പാർക്കിന്‍റെ പേരിലുള്ള റവന്യൂ റിക്കവറി കുടിശ്ശികയായ 2.5 ലക്ഷം രൂപ വില്ലേജ് ഓഫിസിലും അടച്ചു. കുട്ടികളുടെ പാർക്ക് തുറക്കാനാണ് അനുമതിയുള്ളത്. ഇക്കാര്യങ്ങൾ പഞ്ചായത്ത് വ്യാഴാഴ്ച കോടതിയെ അറിയിച്ചു.
ഉരുൾപൊട്ടൽ ഉണ്ടായതിനെ തുടർന്ന് അടച്ചുപൂട്ടിയ പി.വി.ആർ നേച്വർ പാർക്ക് പഠനം നടത്താതെ തുറക്കാനുള്ള ഉത്തരവ് റദ്ദാക്കണമെന്നും അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കണമെന്നും ആവശ്യപ്പെട്ട് കേരള നദീ സംരക്ഷണ സമിതി മുൻ ജനറൽ സെക്രട്ടറി ടി.വി. രാജൻ നൽകിയ ഹരജിയിലാണ് ഇക്കാര്യം അറിയിച്ചത്.
ചൊവ്വാഴ്ച കേസ് പരിഗണിക്കവേ ലൈസൻസ് അനുവദിച്ചിട്ടില്ലെന്നായിരുന്നു പഞ്ചായത്ത് അറിയിച്ചത്. ഒരു ദിവസത്തിനുശേഷം കുടിശ്ശികകൾ ഈടാക്കി ലൈസൻസ് അനുവദിച്ചതായും അറിയിച്ചു. ഇതോടെയാണ് ലൈസൻസിന്‍റെ കാര്യത്തിൽ ജസ്റ്റിസ് വിജു എബ്രഹാം വ്യക്തത തേടിയത്.
എന്തിനാണ് ലൈസൻസ് നൽകിയതെന്നും കൃത്യമായ പരിശോധന നടത്തിയശേഷം ലൈസന്‍സ് നല്‍കിയാല്‍ പോരേയെന്നും കോടതി ചോദിച്ചു. പഞ്ചായത്ത് നൽകിയ ലൈസൻസിന്‍റെ സ്വഭാവമെന്താണെന്നും പാര്‍ക്കിലെ പ്രവര്‍ത്തനം എന്തെന്ന് വ്യക്തമാക്കണമെന്നും കോടതി നിർദേശിച്ചു. കൂടരഞ്ഞി പഞ്ചായത്തും പി.വി. അന്‍വറും സത്യവാങ്മൂലം നല്‍കണം. ലൈസൻസ് നൽകിയെങ്കിലും റൈഡുകളും പൂളുകളും ഉപയോഗിക്കാന്‍ അനുമതിയില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.