ജനങ്ങളോട്​ പോർവിളിച്ചല്ല സിൽവർ ​ലൈൻ പദ്ധതി നടപ്പാക്കേണ്ടതെന്ന് ഹൈകോടതി

കൊച്ചി: സിൽവർ ​ലൈൻ എന്ന സർക്കാറിന്‍റെ വലിയ പദ്ധതി ജനങ്ങളോട്​ പോർവിളിച്ചല്ല നടപ്പാക്കേണ്ടതെന്ന് ഹൈകോടതി. പദ്ധതിക്ക് തത്ത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ടെന്ന് റെയിൽവേ പറയുമ്പോഴും രേഖകൾ ഹാജരാക്കിയിട്ടില്ല. ഇതിൽ കേന്ദ്രസർക്കാറിന്‍റെ റിപ്പോർട്ട് പ്രധാനമാണെന്ന്​ വ്യക്തമാക്കിയ സിംഗിൾ ബെഞ്ച്, നിലപാട് അറിയിക്കാൻ അസിസ്റ്റന്‍റ്​ സോളിസിറ്റർ ജനറൽ ഹാജരാകാൻ നിർദേശിച്ചു.

പദ്ധതിക്ക്​ സാമൂഹികാഘാത പഠനം നടത്താൻ സർവേ നിയമങ്ങൾക്ക് വിരുദ്ധമായി കോൺക്രീറ്റ് തൂണുകൾ സ്ഥാപിക്കുന്നതിനെതിരെ കോട്ടയം സ്വദേശിയായ മുരളീകൃഷ്‌ണൻ ഉൾപ്പെടെ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇക്കാര്യം പറഞ്ഞത്.

സർവേ കല്ലിനുപകരം കോൺക്രീറ്റ് തൂണുകൾ സ്ഥാപിക്കുന്നത് ഇടക്കാല ഉത്തരവിലൂടെ ഹൈകോടതി തടഞ്ഞശേഷം സർവേ നിയമപ്രകാരമുള്ള കല്ലുകളാണ് സ്ഥാപിക്കുന്നതെന്ന് കെ-റെയിൽ അധികൃതർ വിശദീകരിച്ചു. പദ്ധതിക്കുവേണ്ടി കെ-റെയിൽ ഡെവലപ്​മെന്‍റ്​ കോർപറേഷൻ നേരിട്ട് സർവേ നടത്തരുതെന്ന് സിംഗിൾ ബെഞ്ച് നിർദേശിച്ചു. സർവേ നിയമപ്രകാരം സർവേ ഉദ്യോഗസ്ഥർക്കാണ് ഇതിന്​ അധികാരം. നിയമപ്രകാരമുള്ള സർവേ കല്ലുകളാണ് സ്ഥാപിക്കേണ്ടത്. കെ-റെയിൽ എന്നു രേഖപ്പെടുത്തിയ 2834 കോൺക്രീറ്റ് തൂൺ നീക്കണമെന്ന് ഹരജിക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിലെന്തു ചെയ്യാനാവുമെന്ന് അറിയിക്കാനും നിർദേശിച്ച കോടതി, ഹരജി ഈ മാസം 20ലേക്ക് മാറ്റി.

പദ്ധതിയുടെ കാര്യത്തിൽ കേന്ദ്രസർക്കാർ മൗനം പാലിക്കുകയാണ്. കോടതിയെ ഇരുട്ടിൽ നിർത്താനാവില്ല. വലിയ കല്ലുകൾ സ്ഥാപിക്കുന്നത് തടഞ്ഞതിന്‍റെ പേരിൽ പൊതുയിടങ്ങളിൽ കോടതിയെ വിമർശിക്കുകയാണ്. വലിയ കോൺക്രീറ്റ് തൂണുകൾ സ്ഥാപിച്ച് ജനങ്ങളെ ഭീഷണിപ്പെടുത്താനാവില്ല. ഭൂമി ഏറ്റെടുക്കാൻ വിജ്ഞാപനം പുറപ്പെടുവിച്ചാൽ ഇത്തരത്തിൽ വലിയ കല്ലുകൾ സ്ഥാപിക്കാം. തത്ത്വത്തിലെ അംഗീകാരം മാത്രം ലഭിച്ച പദ്ധതിക്ക്​ വിവിധ ജില്ലകളിൽ 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം എങ്ങനെ നടപടി സാധ്യമാകുമെന്ന് ആരാഞ്ഞ ഹൈകോടതി, ഇത്രയും വലിയ പദ്ധതി നിയമപ്രകാരമാണ് നടപ്പാക്കേണ്ടതെന്നും വാക്കാൽ പറഞ്ഞു. 

Tags:    
News Summary - Kerala high court about k rail project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.