കൊച്ചി: കോവാക്സിന് രാജ്യാന്തര അംഗീകാരമില്ലാത്തതുകൊണ്ട് വിദേശജോലി നഷ്ടപ്പെട്ടവരുടെ കാര്യത്തിൽ ഉത്തരവാദിത്തത്തിൽനിന്ന് കേന്ദ്രസർക്കാറിന് ഒഴിയാനാവുമോയെന്ന് ഹൈകോടതി. കോവിഷീൽഡ് വാക്സിൻ എടുത്തവർക്ക് വിദേശങ്ങളിൽ പോകാൻ കഴിയുമ്പോൾ കോവാക്സിൻ എടുത്തവർക്ക് ഇത് നിഷേധിക്കപ്പെടുന്ന സാഹചര്യമാണുള്ളത്. ഇതിനു മറുപടി പറയേണ്ടത് സർക്കാറല്ലേയെന്നും പ്രശ്നം പരിഹരിക്കാൻ സർക്കാറിന് ഉത്തരവാദിത്തമില്ലേയെന്നും കോടതി ചോദിച്ചു.
രണ്ട് ഡോസ് കുത്തിവെച്ച കോവാക്സിന് സൗദി അറേബ്യയിൽ അംഗീകാരമില്ലാത്തതിനാൽ മൂന്നാം ഡോസായി കോവിഷീൽഡ് നൽകണമെന്നാവശ്യപ്പെട്ട് പ്രവാസി മലയാളിയായ കണ്ണൂർ സ്വദേശി ഗിരികുമാർ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണെൻറ വാക്കാൽ പരാമർശങ്ങൾ.
കോവിഡ് രണ്ടാം തരംഗത്തിെൻറ തുടക്കത്തിൽ മടങ്ങിയെത്തിയ ഹരജിക്കാരൻ കോവാക്സിൻ രണ്ടു ഡോസും എടുത്തിരുന്നു. സൗദിയിൽ ഇതിന് അംഗീകാരമില്ലെന്ന് അറിഞ്ഞതിനെത്തുടർന്നാണ് കോടതിയെ സമീപിച്ചത്. ഇന്ത്യയിലെ ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കോവാക്സിന് അടുത്തിടെ ലോകാരോഗ്യസംഘടന അംഗീകാരം നൽകിയെങ്കിലും സൗദിയിൽ ഇനിയും അംഗീകാരം ലഭിച്ചിട്ടില്ലെന്ന് ഹരജിക്കാരൻ ചൂണ്ടിക്കാട്ടി.
എന്നാൽ, കോവിഡ് വ്യാപനം രൂക്ഷമായേപ്പാൾ രാജ്യാന്തര അംഗീകാരത്തിന് കാത്തുനിൽക്കൽ പ്രായോഗികമായിരുന്നില്ലെന്നും ലോകാരോഗ്യസംഘടന കോവാക്സിൻ അംഗീകരിച്ചതോടെ യു.കെ ഉൾപ്പെടെയുള്ള രാജ്യങ്ങൾ അംഗീകാരം നൽകിയെന്നും കേന്ദ്രസർക്കാറിന് വേണ്ടി അസി. സോളിസിറ്റർ ജനറൽ അറിയിച്ചു. മൂന്നാം ഡോസായി കോവിഷീൽഡ് നൽകാൻ നിർദേശിക്കാനാവില്ലെങ്കിലും പ്രശ്നം ഏറെ വലുതാണെന്ന് കോടതി അഭിപ്രായപ്പെട്ടു. മൗലികാവകാശങ്ങളുടെ ലംഘനമാണിത്. രണ്ടുതരം വാക്സിനെടുത്തവർ രണ്ടുതരം പൗരന്മാരായി മാറിയ അവസ്ഥയാണിപ്പോൾ.
സൗദിയിൽ അംഗീകാരം ലഭിക്കുന്ന കാര്യത്തിൽ കേന്ദ്രസർക്കാറിെൻറ വിശദീകരണം തേടിയ കോടതി ഹരജി വീണ്ടും ഈ മാസം 25ന് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.