തെറ്റ്​ ചെയ്യുന്നവരെ സംരക്ഷിച്ചാണോ​​ ആത്​മവീര്യം കാത്തുസൂക്ഷിക്കുന്നത്​; പൊലീസിനെതിരെ ഹൈകോടതി

കൊച്ചി: തെറ്റ്​ ചെയ്യുന്ന ഉ​ദ്യോഗസ്ഥരെ സംരക്ഷിച്ചാണോ പൊലീസിന്‍റെ ആത്​മവീര്യം കാത്തുസൂക്ഷിക്കാൻ ശ്രമിക്കുന്നതെന്ന്​ ഹൈകോടതി. പാലക്കാട് ആലത്തൂരിൽ അഭിഭാഷകനോട് പൊലീസ് ഉദ്യോഗസ്ഥൻ അപമര്യാദയായി പെരുമാറിയ സംഭവവുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കവേ​ ജസ്റ്റിസ്​ ദേവൻ രാമചന്ദ്രന്‍റേതാണ് വിമർശനം. തുടർന്ന്​ ഹരജി വീണ്ടും മേയ്​ 29ന്​ പരിഗണിക്കാൻ മാറ്റി.

അപകടത്തിൽപെട്ട വാഹനം വിട്ടുകിട്ടാനുള്ള കോടതിയുത്തരവുമായി ആലത്തൂർ സ്റ്റേഷനിലെത്തിയ അഡ്വ. ആക്വിബ് സുഹൈലിനോട് ആലത്തൂർ എസ്.ഐ റിനീഷ് അപമര്യാദയായി പെരുമാറുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു. തുടർന്ന് വിഷയം ഹൈകോടതിയുടെ പരിഗണനക്കെത്തുകയായിരുന്നു. സംഭവത്തെ തുടർന്ന് റിനീഷിനെ സ്ഥലംമാറ്റിയിരുന്നു. ഇദ്ദേഹം കോടതിയിലെത്തി നിരുപാധികം മാപ്പും പറഞ്ഞിരുന്നു.

ഈ ഉദ്യോഗസ്ഥനെതിരെ ഒട്ടേറെ ആരോപണങ്ങളുണ്ടായിട്ടും സംസ്ഥാന പൊലീസ്​ മേധാവി നടപടി സ്വീകരിക്കാത്തത്​ അത്​ഭുതകരമാണെന്ന് കോടതി വിമർശിച്ചു. ഇത്തരം ആരോപണങ്ങളിൽ പക്ഷപാതരഹിതമായ അ​ന്വേഷണമാണ്​ വേണ്ടത്​. പൊലീസ്​ ഉദ്യോഗസ്ഥർ എന്ത്​ തെറ്റ്​ ചെയ്യുമ്പോഴും നടപടിയെടുക്കാൻ മടിക്കുന്നതിന്​ സേനയുടെ ആത്​മവീര്യം നഷ്ടപ്പെടുത്തുമെന്ന ന്യായമാണ്​ പറയാറുള്ളത്​. എന്ത്​​ തോന്ന്യവാസം ചെയ്താലും ആത്​മവിശ്വാസം ചോരാതിരിക്കാൻ കൂടെനിൽക്കണമെന്നാണോ പറയുന്നത്​. തെറ്റ്​ ചെയ്തവരെ എന്തിനാണ്​ ഇങ്ങനെ പിന്തുണക്കുന്നത്​. നടപടി സ്വീകരിച്ചുവെന്ന്​ കരുതി ആത്​മവീര്യമൊന്നും നഷ്ടമാവില്ല. ഒരു പദവിയിലിരുന്ന്​ ​തെറ്റ്​ ചെയ്താൽ പിന്നെ അവിടെയിരിക്കാൻ യോഗ്യന​ല്ല എന്നാണ്​ തന്‍റെ അഭിപ്രായം -ജസ്റ്റിസ് പറഞ്ഞു.

പൊതുജനങ്ങളോട് പൊലീസിന്‍റെ പെരുമാറ്റം എങ്ങനെയാകണമെന്നത് സംബന്ധിച്ച് ഡി.ജി.പി പുറപ്പെടുവിച്ച സർക്കുലർ എല്ലാ പൊലീസ്​ ഉദ്യോഗസ്ഥരും മനസ്സിലാക്കിയിരിക്കേണ്ടതല്ലേയെന്നും കോടതി ചോദിച്ചു.

Tags:    
News Summary - Kerala High Court criticize Kerala Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.