കൊച്ചി: കോടതിയലക്ഷ്യ ഉത്തരവ് നടപ്പാക്കാത്തതിന് ജല അതോറിറ്റി എം.ഡി ഷൈന മോൾ ഐ.എ.എസിന് ഹൈകോടതിയുടെ അറസ്റ്റ് വാറണ്ട്. കോടതിയിൽ നേരിട്ടു ഹാജരാകുന്നതിൽ നിന്ന് ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഷൈന മോൾ നൽകിയ ഹരജി ഹൈകോടതി തള്ളി. ഷൈന മോളെ തിങ്കളാഴ്ച രാവിലെ 10.15ന് അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്ന് ഉത്തരവിട്ട കോടതി ജാമ്യം അനുവദിക്കാവുന്നതാണെന്നും വ്യക്തമാക്കി.
25,000 രൂപയാണ് ജാമ്യ തുക. വ്യാഴാഴ്ച കേസ് പരിഗണിക്കവേ വെള്ളിയാഴ്ച ഹാജരാകും എന്നാണ് ജല അതോറിറ്റി അഭിഭാഷകൻ അറിയിച്ചിരുന്നത്. എന്നാൽ, വെള്ളിയാഴ്ച കേസെടുത്തപ്പോൾ എം.ഡി സ്ഥലത്തുണ്ടായിരുന്നില്ല. തുടർന്നാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
ജല അതോറിറ്റിയുടെ കരാർ ജോലിയേറ്റ കമ്പനിക്ക് ലേബർ ചെലവ് പുതുക്കി നൽകാനുള്ള ഹൈകോടതി നിർദേശം പാലിക്കാത്തതിനാണ് കോടതിയുടെ നടപടി. നിർദേശം പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ചെന്നൈയിലെ എൻജിനീയറിങ് പ്രോജക്സ് ഇന്ത്യ ലിമിറ്റഡ് സീനിയർ മാനേജർ ശ്രീനേഷ് നൽകിയ കോടതിയലക്ഷ്യ ഹരജിയിലാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
വർധിച്ച ചെലവ് കണക്കിലെടുത്ത് കരാറുകാർക്ക് ലേബർ കൂലി പുതുക്കി നൽകാൻ സിംഗിൾ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ജല അതോറിറ്റിയുടെ അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളി. എന്നാൽ, ലേബർ ചെലവ് പുതുക്കി നൽകാമെന്ന് കമ്പനിയുമായുള്ള കരാറിൽ പറഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ജല അതോറിറ്റി എം.ഡി ഈ ആവശ്യം വീണ്ടും നിരസിച്ചു. തുടർന്നാണ് കമ്പനി മാനേജർ കോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.