കൊച്ചി: ഹൈകോടതി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നിയമബിരുദം നിര്‍ബന്ധമാക്കി. റെഗുലര്‍, താല്‍ക്കാലിക അക്രഡിറ്റേഷന്‍ ലഭിക്കാന്‍ ഹൈകോടതിയിലോ സുപ്രീംകോടതിയിലോ പ്രവൃത്തിപരിചയം വേണമെന്നതുള്‍പ്പെടെ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയാണ് മാര്‍ഗനിര്‍ദേശം കൊണ്ടുവന്നത്. റെഗുലര്‍ അക്രഡിറ്റേഷന് നിയമബിരുദത്തിന് പുറമെ കോടതി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത് അഞ്ചു വര്‍ഷത്തെ പരിചയമാണ് നിഷ്കര്‍ഷിക്കുന്നത്. ഇതില്‍ മൂന്നരവര്‍ഷം സുപ്രീംകോടതിയിലെയോ ഹൈകോടതികളിലെയോ റിപ്പോര്‍ട്ടിങ് പരിചയം വേണം. ദൃശ്യമാധ്യമ റിപ്പോര്‍ട്ടര്‍മാര്‍ക്ക് റെഗുലര്‍ അക്രഡിറ്റേഷന് ഹൈകോടതികളിലോ സുപ്രീംകോടതിയിലോ റിപ്പോര്‍ട്ടങ്ങില്‍ രണ്ടുവര്‍ഷം പ്രവൃത്തിപരിചയമാണ് വേണ്ടത്. ആറുമാസം കേരള ഹൈകോടതിയില്‍ താല്‍ക്കാലിക അക്രഡിറ്റേഷനില്‍ റിപ്പോര്‍ട്ടറായി പ്രവര്‍ത്തിക്കണം. താല്‍ക്കാലിക അക്രഡിറ്റേഷന് നിയമബിരുദത്തിനു പുറമെ രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയം വേണം. അപേക്ഷിക്കുന്നതിന് തൊട്ടുമുമ്പ് ഒരുവര്‍ഷം ഏതെങ്കിലും ഹൈകോടതിയിലെ റിപ്പോര്‍ട്ടിങ് പരിചയം ഉണ്ടായിരിക്കണം. മൂന്നു വര്‍ഷത്തേക്കാണ് താല്‍ക്കാലിക അക്രഡിറ്റേഷന്‍ അനുവദിക്കുക. അക്രഡിറ്റേഷന്‍ ലഭിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. ഈ രണ്ടു വിഭാഗങ്ങള്‍ക്കു പുറമെ പ്രത്യേക കേസ് റിപ്പോര്‍ട്ട് ചെയ്യാനോ ഒരു ദിവസത്തേക്കോ ചെറിയ കാലയളവിലേക്കോ താല്‍ക്കാലിക അനുമതി നല്‍കും. ഇതിന് രജിസ്ട്രാര്‍ക്ക് അപേക്ഷ നല്‍കണം. നിലവിലെ റിപ്പോര്‍ട്ടര്‍മാര്‍ പ്രത്യേക അപേക്ഷ നല്‍കിയാല്‍ ആറുമാസം അനുമതി നല്‍കും. ഇക്കാലയളവില്‍ അക്രഡിറ്റേഷന് അപേക്ഷിക്കണം. ഒരു സ്ഥാപനത്തില്‍നിന്ന് രണ്ടുപേര്‍ക്ക് അക്രഡിറ്റേഷന്‍ നല്‍കും.
വ്യവസ്ഥകളില്‍ ഇളവുനല്‍കാനുള്ള അധികാരം ചീഫ് ജസ്റ്റിസിനാണ്. ജഡ്ജിമാരുടെ സമിതിയാണ് അക്രഡിറ്റേഷന്‍ അപേക്ഷ പരിഗണിച്ച് ശിപാര്‍ശനല്‍കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.