കേരളം കടക്കെണിയിലല്ല -മുഖ്യമന്ത്രി

കൊച്ചി: സംസ്ഥാനം കടക്കെണിയിലാണെന്ന വിമർശനം തള്ളി മുഖ്യമന്ത്രി. റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ പ്രകാരം, കേരളത്തിന്റെ പൊതുകടം 2016ല്‍ സംസ്ഥാന ജി.ഡി.പിയുടെ 29 ശതമാനം ആയിരുന്നു. 2021ല്‍ അത് 37ശതമാനമായി. എട്ട് ശതമാനമാണ് വർധന. അതേ കാലയളവില്‍ കേന്ദ്രസര്‍ക്കാറിന്റെ പൊതുകടം ജി.ഡി.പിയുടെ 47ശതമാനത്തില്‍നിന്ന് 59 ശതമാനമായി. 12 ശതമാനത്തിന്റെ വർധന. ഇത്രയധികം കടഭാരമുള്ള ഒരു രാജ്യത്തിന്റെ ഭാഗമാണ് വിവിധ സംസ്ഥാനങ്ങള്‍. അവക്ക് സ്വന്തം നിലക്ക് കടത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാമെന്ന് കരുതുന്നത് യുക്തിക്ക് നിരക്കുന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയിൽ സംരംഭക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

പല സംസ്ഥാനങ്ങളിലും കേരളത്തിലെ പോലെയുള്ള മികച്ച പൊതുവിദ്യാലയങ്ങളോ സര്‍ക്കാര്‍ ആശുപത്രികളോ സിവില്‍ സര്‍വിസോ സാർവത്രിക ക്ഷേമ പദ്ധതികളോ ക്ഷേമ പെന്‍ഷനുകളോ ഒന്നുമില്ല. എന്നിട്ടും കേരളത്തെക്കാള്‍ കൂടുതല്‍ പൊതുകടമുള്ള എട്ട് സംസ്ഥാനങ്ങള്‍ ഇന്ത്യയിലുണ്ട്. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും എല്ലാം കടം വർധിച്ചു വരുന്നത് രാജ്യം അനുവര്‍ത്തിക്കുന്ന സാമ്പത്തിക നയത്തിന്റെ ഫലമായാണ്. തിരുത്തപ്പെടേണ്ടത് ആ നയമാണ്. അത് തിരുത്തിയാല്‍ തന്നെ കടഭാരങ്ങള്‍ ക്രമേണ ഒഴിവാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ വരുമാനം കേന്ദ്രത്തില്‍നിന്നാണെന്ന് സ്ഥാപിക്കാനുള്ള ശ്രമങ്ങളുമുണ്ട്. കേരളത്തിന്റെ വരുമാനത്തിന്റെ 64 ശതമാനത്തോളം തനത് വരുമാനമാണ്. എന്നിട്ടും കേന്ദ്രത്തിന്റെ സാമ്പത്തികസഹായം കൊണ്ടാണ് കേരളം നിലനില്‍ക്കുന്നത് എന്നതാണ് പൊതുവില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന പ്രതീതി. ഇതിനു കാരണം കേരളവിരുദ്ധ ശക്തികളുടെ സ്വാർഥതാല്‍പര്യങ്ങളും കള്ളപ്രചാരണങ്ങളുമാണ്. അവയെ ചെറുത്തുതോല്‍പിക്കുന്നതാണ് സംരംഭകവര്‍ഷം പദ്ധതിയുടെ വലിയ വിജയം.

നമ്മുടെ സംസ്ഥാനത്തിന്റെ ജി.ഡി.പി തൊട്ടുമുമ്പത്തെ സാമ്പത്തിക വര്‍ഷത്തെക്കാള്‍ 12.01 ശതമാനം ഉയര്‍ന്നു. ഉൽപാദനമേഖലയും കൃഷിയും വ്യവസായവും കാര്യമായ മുന്നേറ്റമുണ്ടാക്കി. കൃഷി അനുബന്ധ മേഖല 4.64 ശതമാനവും വ്യവസായിക മേഖല 3.87 ശതമാനവും സേവനമേഖല 17.3 ശതമാനവുമാണ് ഇക്കാലയളവില്‍ വളര്‍ച്ച നേടിയത്. കേരളത്തിന്റെ പ്രതിശീര്‍ഷ വരുമാനം അഖിലേന്ത്യ ശരാശരിയുടെ ഇരട്ടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയുടെ മൊത്തം ഭൂവിസ്തൃതിയുടെ 1.2 ശതമാനം മാത്രവും ജനസംഖ്യയുടെ 2.6 ശതമാനം മാത്രവുമുള്ള കേരളത്തിന്റെ ജി.എസ്.ഡി.പി ഇന്ത്യയുടെ ജി.ഡി.പിയുടെ 4.2 ശതമാനമാണ്. ഇവിടെ വ്യവസായവും വാണിജ്യവും ഇല്ലെങ്കില്‍ പിന്നെ, ഇതെങ്ങനെയാണ് സംഭവിക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു.

Tags:    
News Summary - Kerala is not in debt problem - Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.