തൃശൂര്‍: കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാറിന്റെ സ്ത്രീപക്ഷ നിലപാടുകള്‍ രാജ്യം മാതൃകയാക്കണമെന്ന് നാഷനല്‍ ഫെഡറേഷന് ഓഫ് ഇന്ത്യന്‍ വിമൻ (എന്‍.എഫ്.ഐ.ഡബ്ല്യു) ദേശീയ സെക്രട്ടറി നിഷ സിദ്ധു. എന്‍.എഫ്.ഐ.ഡബ്ല്യുവിന്റെ കേരള ഘടകമായ കേരള മഹിളാസംഘം 16ാം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
രാജ്യത്തിന് തന്നെ മാതൃകയാണ് കേരളത്തിലെ ഇടതു സർക്കാറിന്റെ ഭരണം. പ്രളയത്തിലും കോവിഡ് കാലത്തും സർക്കാർ ഒപ്പം നിന്ന് നടത്തിയ പ്രവർത്തനം ജനങ്ങൾ അനുഭവിച്ചറിഞ്ഞവരാണ്. രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുകയാണ്. തൊഴില്‍ മേഖലയിലും മറ്റും അവര്‍ മറയ്ക്കുള്ളിലേക്ക് തള്ളപ്പെടുന്നു. ഇത്തരം അതിക്രമങ്ങളെ നിയമപരമായി നേരിടുന്നതിന് പത്ത് ലക്ഷം യുവതിക്കൾക്ക് നിയമപഠനം ലഭ്യമാക്കുമെന്നും നിഷ സിദ്ധു പറഞ്ഞു.
മണിപ്പൂരിലെ സ്ഥിതി അതി ഗുരുതരമാണ്. മഹിള ഫെഡറേഷൻ നേതാക്കൾ അവിടം സന്ദർശിക്കുകയും ക്യാമ്പുകളിൽ പോയി ദുരിതം നേരിട്ട് കണ്ടതുമാണ്. വിലക്കയറ്റം, ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള അതിക്രമം തുടങ്ങി രാജ്യത്തെ കലുഷിതമായ വിഷയങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കുന്നതിന് വേണ്ടിയുള്ള അടവുനയമാണ് മോദി സർക്കാർ നടത്തുന്നത്. ഭാരത് എന്നാക്കിയാൽ മോദി സർക്കാറിന്റെ മേക്ക് ഇൻ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ പദ്ധതികൾക്ക് എന്ത് സംഭവിക്കുമെന്ന് ബി.ജെ.പി വ്യക്തമാക്കണമെന്നും അവർ പറഞ്ഞു. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ഓണ്‍ലൈനായി മുഖ്യപ്രഭാഷണം നടത്തി.
മഹിളാസംഘം സംസ്ഥാന പ്രസിഡന്റ് ജെ. ചിഞ്ചുറാണി അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പി. ബാലചന്ദ്രന് എം.എല്‍.എ സ്വാഗതം പറഞ്ഞു. ദേശീയ ജനറൽ സെക്രട്ടറി ആനി രാജ, സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി പി.പി. സുനീര്‍, മുന്‍ കേന്ദ്ര ആസൂത്രണ കമീഷന് അംഗം സെയ്ത് ഹമീദ്, സി.പി.ഐ ദേശീയ കൗണ്‍സിലംഗം കെ.പി. രാജേന്ദ്രൻ, എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്മോൻ, എന്‍.എഫ്.ഐ.ഡബ്ല്യു വൈസ് പ്രസിഡന്റ് കമലാ സദാനന്ദന് എന്നിവര്‍ സംസാരിച്ചു. ശനിയാഴ്ച രാവിലെ 10 മുതല്‍ പ്രതിനിധി സമ്മേളനം തുടരും. വൈകീട്ട് അഞ്ചിന് തെക്കേഗോപുര നടയില്‍ നടക്കുന്ന ഫാഷിസ്റ്റ് വിരുദ്ധ സമ്മേളനം ടീസ്റ്റ സെറ്റല്‍വാദ് ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.