കാനഡയിലേക്കും യൂറോപ്പിലേക്കും വ്യാജ റിക്രൂട്ട്മെൻറുകൾ; മുന്നറിയിപ്പുമായി സർക്കാർ

തിരുവനന്തപുരം: കാനഡയിലേക്കും യൂറോപ്പിലേക്കും വ്യാജ റിക്രൂട്ട്മെൻറുകൾ നടക്കുന്നെന്ന മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം. കാനഡ, ഇസ്രായേൽ, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് തൊഴിൽ വാഗ്ദാനം നൽകി വ്യാജറിക്രൂട്ട്മെന്റ് ഏജന്റുമാർ തൊഴിലന്വേഷകരെ വഞ്ചിക്കുകയാണ്​. ഇതുസംബന്ധിച്ച്​ നിരവധി പരാതികളാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും അധികൃതർ പറയുന്നു.

വിദേശകാര്യ മന്ത്രാലയത്തിന്റെ ലൈസൻസ് ഇല്ലാതെയാണ്, ഫേസ്ബുക്ക്, വാട്സ്ആപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ ഇത്തരം ഏജന്റുമാർ പ്രവർത്തിക്കുന്നത്. അംഗീകൃത റിക്രൂട്ടിങ്​ ഏജന്റുമാരുടെ സേവനം മാത്രമേ തൊഴിലന്വേഷകര്‍ സ്വീകരിക്കാവൂ.

വ്യാജ റിക്രൂട്ടിങ്​ ഏജന്റുമാരിലൂടെ വിദേശത്തേക്ക് പോകുമ്പോൾ വഞ്ചിക്കപ്പെടാനും പ്രയാസകരമായ സാഹചര്യങ്ങളില്‍ അകപ്പെടാനും സാധ്യതയുണ്ട്. അംഗീകൃത ഏജന്റുമാര്‍ അവരുടെ ലൈസൻസ് നമ്പർ ഓഫീസിലും, പരസ്യങ്ങളിലും പ്രദർശിപ്പിക്കണം. അംഗീകൃത ഏജന്‍സികളെ സംബന്ധിക്കുന്ന വിവരങ്ങള്‍ www.emigrate.gov.in വെബ്സൈറ്റില്‍ ലഭ്യമാമെന്ന് പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സ് (തിരുവനന്തപുരം) ശ്യാംചന്ദ്.സി അറിയിച്ചു.

1983ലെ എമിഗ്രേഷൻ ആക്ട് പ്രകാരം ഏജന്റ് നൽകുന്ന സേവനങ്ങൾക്ക് 30,000 രൂപ+GST(18%)യിൽ കൂടുതൽ പ്രതിഫലമായി ഈടാക്കുവാൻ പാടുള്ളതല്ല. ഇതിന് രസീത് നല്‍കേണ്ടതാണ്. അനധികൃത റിക്രൂട്ട്മെന്റുകള്‍ മനുഷ്യകടത്തിന്​ തുല്യവും ക്രിമിനൽ കുറ്റമാണ്.

വിദേശതൊഴില്‍ തട്ടിപ്പുകള്‍ക്കെതിരായ പരാതികൾക്കും അന്വേഷണങ്ങൾക്കും വിദേശകാര്യ മന്ത്രാലയത്തിന്റെ തിരുവനന്തപുരത്തും (ഫോൺ :0471-2336625 ഇ-മെയിൽ : poetvm@mea.gov.in) കൊച്ചിയിലുമുളള ( ഫോൺ: 0484-2315400 ഇ-മെയിൽ:: poecochin@mea.gov.in) പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സ് ഓഫീസുകളുമായി ബന്ധപ്പെടാവുന്നതാണ്. പരാതിനല്‍കാന്‍ ഓപ്പറേഷന്‍ ശുഭയാത്ര പദ്ധതിയും സംസ്ഥാനത്ത് നിലവിലുണ്ട്. പരാതികള്‍ spnri.pol@kerala.gov.in, dyspnri.pol@kerala.gov.in എന്നീ ഇ മെയിലുകള്‍ വഴിയും, 0471-2721547 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പറിലും അറിയിക്കാം.

Tags:    
News Summary - Kerala: MEA issues advisory against illegal recruiting agents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.