കൊച്ചി: കേരള മീഡിയ അക്കാദമിയുടെ മീഡിയ പേഴ്സൺ ഓഫ് ദി ഇയർ പുരസ്‌കാരം അൽജസീറ ഗസ്സ ബ്യൂറോ ചീഫ് വാഇൽ ദഹ്ദൂഹിന്. നിലവില്‍ ചികിത്സക്കായി ഖത്തറിലാണ് ദഹ്ദൂഹ്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങുന്നതാണ് അവാര്‍ഡ്. മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരം സമ്മാനിക്കും.
കേരളത്തില്‍ നിന്നുളള ഈ ബഹുമതി വിലമതിക്കുന്നതാണെന്ന് ദഹ്ദൂഹ് അറിയിച്ചതായി മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ് ബാബു പറഞ്ഞു. ഡിസംബറിൽ ഖാൻ യൂനിസിലെ യു.എൻ സ്‌കൂളിനെതിരായ ആക്രമണം റിപ്പോർട്ട് ചെയ്യുന്നതിനിടെ ഇസ്രായേൽ നടത്തിയ ഡ്രോൺ ആക്രമണത്തില്‍ വാഇലിന് പരിക്കേറ്റിരുന്നു. ആക്രമണത്തിൽ അദ്ദേഹത്തിന്‍റെ കാമറാമാൻ സാമിർ അബൂ ദഖ കൊല്ലപ്പെട്ടിരുന്നു. വാഇൽ ദഹ്ദൂഹിന്റെ ഭാര്യയും മക്കളും സഹപ്രവർത്തകരുമെല്ലാം ഇസ്രായേൽ നടത്തിയ വ്യത്യസ്ത ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിരുന്നു.
പ്രിയപ്പെട്ടവരെല്ലാം കൊല്ലപ്പെട്ടപ്പോഴും അപാരമായ മനസ്സാന്നിധ്യത്തോടെ യുദ്ധഭൂമിയിൽ ഇസ്രായേലിന്‍റെ ക്രൂരതകൾ അൽ ജസീറയിലൂടെ ലോകത്തിന് മുന്നിലെത്തിച്ചത് വാഇൽ ആയിരുന്നു. ഒക്ടോബർ 28ന് നുസൈറത് അഭയാർഥി ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിലാണ് വാഇലിന്റെ ഭാര്യയും 15കാരനായ മകനും ഏഴ് വയസുള്ള മകളും ഉൾപ്പെടെ എട്ട് കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടത്. പ്രിയപ്പെട്ടവരുടെ വിയോഗം സൃഷ്ടിച്ച സങ്കടങ്ങള്‍ക്കിടയിലും വാഇൽ കാമറക്ക് മുന്നിലേക്ക് മടങ്ങിയെത്തിയിരുന്നു. ജനുവരി ഏഴിനുണ്ടായ ആക്രമണത്തിലാണ് വാഇലിന്റെ മറ്റൊരു മകനും മാധ്യമപ്രവർത്തകനുമായ ഹംസ ദഹ്ദൂഹ് കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.