തിരുവനന്തപുരം: പൊലീസിനെ വെല്ലുവിളിച്ച ഗുണ്ട നേതാവ് പല്ലൻ ഷൈജുവിനെ പിടികൂടിയ ശേഷം ട്രോൾ വീഡിയോ പുറത്തിറക്കി കേരള പൊലീസ്. പൊലീസ് കാപ്പ ചുമത്തിയ പല്ലന്‍ ഷൈജു 'ഇപ്പോൾ കടലിലാ' എന്നുപറയുന്ന വീഡിയോയും പിടികൂടി സ്റ്റേഷനിലെത്തിച്ച് ലോക്കപ്പിലിടുന്നതിന്റെ വീഡിയോയും ചേർത്താണ് ട്രോൾ ഉണ്ടാക്കിയിരിക്കുന്നത്.
'നാട്ടിലല്ലേ നിൽക്കാൻ പറ്റാത്തതുള്ളൂ, കടലിലാ' എന്ന് ബോട്ടിലിരുന്ന് ഷൈജു പറയുന്നതാണ് വീഡിയോയുടെ തുടക്കം. 'അപ്പോൾ എല്ലാവരോടും ഒരിക്കൽ കൂടി വന്ദനം, വണക്കം. നമുക്ക് വീണ്ടും കാണാം' എന്നും ഷൈജു പറയുന്നുണ്ട്. ഷൈജുവിനെ അറസ്റ്റ് ചെയ്ത് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്ന ദൃശ്യത്തിനുശേഷം 'കുമ്പളങ്ങി നൈറ്റ്സ്' സിനിമയിൽ ഫഹദ് ഫാസിൽ ചെയ്ത 'ഷമ്മി' എന്ന കഥാപാത്രത്തിന്റെ ഡയലോഗ് ആണ് ട്രോളാൻ പൊലീസ് ഉപയോഗിച്ചിരിക്കുന്നത്. സ്റ്റേഷൻ വളപ്പിലെത്തുന്ന ഷൈജുവിനെ 'ഇങ്ങ് പോര്' എന്ന് പറഞ്ഞ് വിളിച്ചുകയറ്റുകയാണ്.
പിന്നെ ലോക്കപ്പിൽ കിടക്കുന്ന ഷൈജുവിന്റെ ഫോട്ടോയിലാണ് വീഡിയോ അവസാനിക്കുന്നത്. കാപ്പ ചുമത്തി തൃശൂര്‍ ജില്ലയില്‍ നിന്നും പുറത്താക്കിയിരുന്ന പല്ലന്‍ ഷൈജു സമൂഹമാധ്യമങ്ങളിലൂടെ പൊലീസിനെ വെല്ലുവിളിച്ച ശേഷം മുങ്ങുകയായിരുന്നു. ഇതിനിടെ, ബത്തേരി മൂലങ്കാവിലെ റിസോര്‍ട്ടില്‍ നിന്ന് ഷൈജുവിനെ മലപ്പുറം കോട്ടക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു.
പുല്‍പ്പള്ളിയിലാണ് ഷൈജുവിന്റെ ഭാര്യ വീട്. ഇവിടെ വന്ന ഷൈജു ഏതാനും ദിവസം മുമ്പാണ് റിസോര്‍ട്ടില്‍ റൂം എടുത്തതെന്നാണ് സൂചന. മലപ്പുറം എസ്.പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച പുലർച്ചെ കോട്ടക്കല്‍ സി.ഐയുടെ നേതൃത്വത്തിലാണ് ഇയാളെ റിസോര്‍ട്ടില്‍ നിന്ന് പിടികൂടിയത്.
ഒട്ടേറെ കൊലപാതക, ഹൈവേ കവര്‍ച്ച കേസുകളിലെ പ്രതിയായ ഷൈജു കോടാലി ശ്രീധരന്റെ കൂട്ടാളിയായിരുന്നു. കൊടകര, പുതുക്കാട്, തൃശൂർ, എറണാകുളം, ചെങ്ങമനാട്, സുല്‍ത്താന്‍ ബത്തേരി, തിരുനെല്ലി എന്നീ പോലീസ് സ്‌റ്റേഷനുകളിലും കര്‍ണ്ണാടക ഗുണ്ടല്‍പേട്ട് പോലീസ് സ്‌റ്റേഷനിലും ഷൈജുവിനെതിരെ കേസുകളുണ്ട്. കാപ്പ ചുമത്തിയ ഇയാള്‍ക്ക് തൃശൂര്‍ ജില്ലയില്‍ ഒരു വര്‍ഷം പ്രവേശിക്കാന്‍ വിലക്കുണ്ട്. ഇത് ലംഘിച്ചാല്‍ മൂന്ന് വര്‍ഷം വരെ വിചാരണ കൂടാതെ ശിക്ഷ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.