കോട്ടയം: നിരോധിച്ച 500ന്റെ നോട്ടുകളുമായി കേരളത്തിൽനിന്ന് പോയ പൊലീസ് സംഘത്തെ ആന്ധ്ര പൊലീസ് സംഘം തടഞ്ഞു. റിസർവ് ബാങ്ക് നിർദേശ പ്രകാരം നാല് ട്രക്കുകളിലായി 2000 കോടി രൂപയുമായി പോയ കോട്ടയം നാർകോട്ടിക് സെൽ ഡിവൈ.എസ്.പി ജോൺസന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തെയാണ് ഏപ്രിൽ 30ന് അനന്തപുർ ജില്ലയിൽ തടഞ്ഞത്. നാലുമണിക്കൂറിലേറെ സംഘത്തെ തടഞ്ഞുവെച്ചു. തെരഞ്ഞെടുപ്പ് പരിശോധനയുടെ ഭാഗമായിട്ടായിരുന്നു ഇത്.
റിസർവ് ബാങ്കിൽനിന്ന് ലഭിക്കുന്ന നോട്ടുകൾ ശാഖകൾക്ക് വിതരണം ചെയ്യുന്ന കോട്ടയം തുരുത്തിയിലെ ഫെഡറൽ ബാങ്ക് കറൻസി ചെസ്റ്റിൽ നിന്ന് ഹൈദരാബാദിലെ റിസർവ് ബാങ്ക് കേന്ദ്രത്തിലേക്കായിരുന്നു യാത്ര. രണ്ട് വാഹനങ്ങളിലായിരുന്നു പൊലീസ് സംഘം. ഡിവൈ.എസ്പിയോടൊപ്പം രണ്ട് എസ്.ഐമാരും മൂന്ന് സീനിയർ സി.പി.ഒമാരും എട്ട് സി.പി.ഒമാരുമുണ്ടായിരുന്നു.
കാര്യങ്ങൾ വിശദീകരിച്ചിട്ടും കേരള സംഘത്തെ വിടാൻ ആന്ധ്ര ഉദ്യോഗസ്ഥർ തയാറായില്ല. തുടർന്ന്, സംഘാംഗങ്ങളായ കേരള പൊലീസ് ഉദ്യോഗസ്ഥർ ഉയർന്ന ഉദ്യോഗസ്ഥരെ ഉൾപ്പെടെ വിളിച്ചെങ്കിലും വൈകീട്ട് നാലോടെയാണ് വിട്ടയക്കാൻ ആന്ധ്ര പൊലീസ് സംഘം തയാറായത്. ഭക്ഷണം കഴിക്കാൻ പോലും ആന്ധ്ര സംഘം അനുവദിച്ചില്ലെന്നും കേരള പൊലീസ് സംഘം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.