കൊല്ലം: കേരള സ്കൂൾ കലോത്സവ മത്സരങ്ങൾ കൃത്യസമയത്തിന് തുടങ്ങണമെന്ന് സംഘാടകർക്ക് വീണ്ടും മന്ത്രിയുടെ കർശന താക്കീത്. ആദ്യ ദിനത്തിൽ സംഘാടനവും പ്രവർത്തന പുരോഗതിയും വിലയിരുത്താൻ ചേർന്ന അവലോകന യോഗത്തിലാണ് മന്ത്രി വി. ശിവൻകുട്ടി സമയനിഷ്ഠ സംബന്ധിച്ച് സംഘാടകർക്ക് ക്ലാസെടുത്തത്.
മത്സരങ്ങൾ കൃത്യസമയത്തിന് തുടങ്ങുമെന്ന് മന്ത്രി നേരത്തെ പലതവണ പറഞ്ഞിട്ടും ആദ്യദിനത്തിൽ തന്നെ വൈകൽ കല്ലുകടി ആയി. ഈ സാഹചര്യത്തിലാണ് അടുത്ത ദിവസങ്ങളിലെ പ്രവർത്തനത്തിൽ സമയം പാലിക്കണമെന്ന് നിർദേശം വന്നത്.
പരിപാടികൾ മുൻ നിശ്ചയിച്ച സമയക്രമത്തിൽ തന്നെ നടത്തണം. ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഉദ്യോഗസ്ഥർ ഉറപ്പ് വരുത്തണം. കൃത്യം 9.30ന് ആദ്യ മത്സരയിനങ്ങൾ അരങ്ങേറണം. സമാപന ദിവസമായ എട്ടിന് വൈകീട്ട് 4.30നകം അപ്പീലുകൾ ഉൾപ്പെടെ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കണമെന്ന് മന്ത്രി പറഞ്ഞു. ഫുഡ്,പ്രോഗ്രാം കമ്മറ്റികൾ വരും ദിവസങ്ങളിൽ കൂടുതൽ ജാഗരൂകരായിരിക്കണം.
ഒന്നാം വേദിയിലെ ഗ്രീൻ റൂം സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തും. എല്ലാദിവസവും അതാത് ദിവസത്തെ സംഘാടനത്തെ സംബന്ധിച്ച് യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു. വിവിധ കമ്മറ്റികളുടെ ഏകോപനവുമായി ബന്ധപ്പെട്ട വിലയിരുത്തലും നടത്തി. എം. നൗഷാദ് എം.എൽ.എ, പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ്, എംപ്ലോയ്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ ധന്യ ആർ. കുമാർ, അക്കാദമിക് അഡീഷനൽ ഡയറക്ടർ ഷൈൻ, അഡീഷനൽ ഡയറക്ടർ സി.എ. സന്തോഷ്, ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ.ഐ. ലാൽ എന്നിവർ പങ്കെടുത്തു.
കൊല്ലം: സ്വന്തം ജില്ലയിലേക്ക് വിരുന്നെത്തിയ സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാനാകാത്തതിന്റെ സങ്കടത്തിലാണ് ആദിത്യ സുരേഷ്. സ്കൂള്‍ വിദ്യാഭ്യാസകാലത്തെ അവസാന സംസ്ഥാന കലോത്സവമായിരുന്നു സ്വന്തം ജില്ലയിൽ നടക്കുന്നത്. കുണ്ടറയില്‍ നടന്ന കൊല്ലം ജില്ല കലോത്സവത്തില്‍ ഹയര്‍സെക്കൻഡറി വിഭാഗം സംസ്കൃത പദ്യം ചൊല്ലലില്‍ നേരിയ വ്യത്യാസത്തില്‍ ഒന്നാം സ്ഥാനം നഷ്ടമായ ആദിത്യ സുരേഷ് സംസ്ഥാന മത്സരത്തിലേക്ക് അപ്പീല്‍ നല്‍കിയിരുന്നു.
എന്നാല്‍, കേന്ദ്രസാമൂഹികനീതി വകുപ്പിന്റെ ശ്രേഷ്ഠദിവ്യബാലപുരസ്കാരം വാങ്ങാനായി ഡല്‍ഹി വിജ്ഞാന് ഭവനില്‍ പോയ ആദിത്യക്ക് അപ്പീല്‍ പരിഗണിക്കുന്ന ദിവസം പങ്കെടുക്കാന്‍ കഴിഞ്ഞില്ല. ഇതോടെയാണ് സ്കൂൾ കലോത്സവം എന്ന സ്വപ്നം പൊലിഞ്ഞത്.
എല്ലുകള്‍ ഒടിയുന്ന ബ്രിറ്റില്‍ ബോണ്‍ എന്ന രോഗം ബാധിച്ച ആദിത്യയെ മാതാപിതാക്കള്‍ എടുത്താണ് മത്സരവേദികളിലേക്ക് എത്തിക്കുന്നത്. ശരീരത്തിനുണ്ടാകുന്ന ചെറിയ ക്ഷതം പോലും ആരോഗ്യത്തെ ബാധിക്കുമ്പോള്‍ അതു നല്കുന്ന വേദന പാട്ടുകളിലൂടെ മറക്കാറുണ്ട് ഈ മിടുക്കന്.
അവാര്‍ഡ് വിവരം കൃത്യമായി സംഘാടകരെ അറിയിച്ചിരുന്നതായും പരിഗണിക്കാമെന്ന് അറിയിക്കുകയും ചെയ്തിരുന്നതായി മാതാപിതാക്കള്‍ പറയുന്നു. സംഭവം ശ്രദ്ധയില്‍ പെട്ടില്ലെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെയും മന്ത്രിയുടെയും വിശദീകരണം. സമൂഹമാധ്യമങ്ങളിലടക്കം സജീവമായ ആദിത്യ സുരേഷ് നെടിയവിള വി.ജി.അംബികോദയം ഹയര്‍സെക്കൻഡറി സ്കൂളിലെ രണ്ടാം വര്‍ഷവിദ്യാർഥിയാണ്.
കൊല്ലം ഏഴാംമൈല്‍ രഞ്ജിനി ഭവനില്‍ സുരേഷ്- രഞ്ജിനി ദമ്പതികളുടെ മകനായ ആദിത്യ ഗായകന് കൂടിയാണ്. സംസ്കൃത പദ്യം ചൊല്ലലില്‍ കുമാരസംഭവമാണ് പരിശീലനം നടത്തിയിരുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്ന സംസ്ഥാനകലോത്സവങ്ങളിലെല്ലാം മികവ് പുലര്‍ത്തിയ ആദിത്യ മാതാപിതാക്കള്‍ക്കൊപ്പം തനിക്ക് നഷ്ടമായ വേദിയിലെ മത്സരങ്ങള്‍ ആസ്വദിക്കാന്‍ ഇത്തവണയും കലോത്സവ നഗരിയിലുണ്ട്.
കൊല്ലം: 39ാം സംസ്ഥാന സ്കൂൾ കലോത്സവത്തിന് കൊല്ലം ആതിഥ്യം വഹിച്ചപ്പോൾ സ്വാഗത ഗാനം രചിച്ച പെരുമ്പുഴ ഗോപാലകൃഷ്ണപിള്ള 62ാം കലോത്സവത്തിന്റെ ഉദ്ഘാടനത്തിന് സദസ്സിലിരുന്ന് പുതിയ സ്വാഗതഗാനവും നൃത്താവിഷ്കാരവും ആസ്വദിച്ചു.
1999 ജനുവരിയിലെ കലോത്സവത്തിന് സ്വാഗതമോതി പെരുമ്പുഴ ഗോപാലകൃഷ്ണപിള്ള എഴുതിയ വരികള്‍ക്ക് വി.എസ്. രാജന് സംഗീതം പകര്‍ന്നപ്പോള്‍ ഓര്‍ക്കസ്ട്രയുമായി ഉദയകുമാര്‍ അഞ്ചല്‍ വരികള്‍ക്ക് പാട്ടിന്റെ പ്രാണന് നല്കി.
ഇപ്പോള്‍ സൂഫി സംഗീതജ്ഞയും സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ ലളിതഗാനത്തിന് ഒന്നാം സ്ഥാനം നേടിയ അഴകിയരാവണനിലെ വെണ്ണിലാ ചന്ദനക്കിണ്ണവും നിറത്തിലെ ശുക്രീയ എന്ന ഗാനവും പാടിയ ഷബ്നമായിരുന്നു സ്വാഗത ഗാനം നയിച്ചത്. സലീന മുരളീധരന്,സംഗീത ബാലകൃഷ്ണന്, ലക്ഷ്മിമോഹന്‍, ഗോപിക കൃഷ്ണന്, ലക്ഷ്മി രാമചന്ദ്രന്, അര്‍ച്ചന, അഞ്ജന, സുജിത എന്നീ വീദ്യാർഥികളുമായിരുന്നു ഗായകര്‍. ക്രിസ്തുരാജ് ഹൈസ്കൂളിലെ പ്രധാന വേദിയിലായിരുന്നു ഗാനാലാപനം. കവി പെരുമ്പുഴ ഗോപാകൃഷ്ണപിള്ള ഇപ്പോഴും കവിതകൾ പാടിയും സംസ്കാരം സംസാരിച്ചും പൊതുമണ്ഡലത്തില്‍ സജീവമാണ്.
കൊല്ലം: കൂട്ടുകാരികളുടെ കൈപിടിച്ച് പടിയിറങ്ങി ഒരുവിധം താഴെയെത്തിയപ്പോഴേക്കും റിയ തെരേസ് ചുമച്ചുകുഴഞ്ഞിരുന്നു. വാതിലിൽ അക്ഷമനായി കാത്തുനിന്ന പിതാവ് സെബാസ്റ്റ്യൻ ജോണും മാതാവ് നിഷ ജോണും മകളെ പുറത്തിറക്കിയപ്പോഴേക്കും അവൾ ചുമച്ചു തളർന്നു.
പൊന്നുമോളുടെ പിടപ്പ് കണ്ട പിതാവിന്റെ നെഞ്ച് നൊന്തതോടെ അതുവരെ കെട്ടിവെച്ച രോഷം മുഴുവൻ അധ്യാപകൻ കൂടിയായ സെബാസ്റ്റ്യൻ അവിടെ നിന്ന സംഘാടകരോട് ഇറക്കിവെച്ചു. ചുമ കാരണം പ്രയാസപ്പെട്ടിരുന്ന മകൾ കളിച്ചിറങ്ങുമ്പോൾ അസ്വസ്ഥത ഉണ്ടാകുമെന്ന് അറിയാവുന്നതിനാൽ തിരികെകൂട്ടാൻ മുകൾനിലയിലെ സ്റ്റേജിന് പിറകിലേക്ക് കയറാൻ ഓടിയെത്തിയിട്ടും തടയപ്പെട്ട പിതാവിന്റെ പ്രതികരണം രൂക്ഷമാകാതിരിക്കുന്നതെങ്ങനെ?.
സി.എസ്.ഐ കൺവെൻഷൻ സെന്ററിലെ മൂന്നാം വേദിയിൽ എച്ച്.എസ്.എസ് മാർഗംകളി ആദ്യം കളിച്ചിറങ്ങിയ കോഴിക്കോട് സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് എച്ച്.എസ്.എസ് വിദ്യാർഥിനി റിയ തെരേസ് ആണ് ശ്വാസം കിട്ടാതെ ബുദ്ധിമുട്ടിയത്. തടയാൻ വാദം പറഞ്ഞ സംഘാടകരുടെ മുഖത്ത് നോക്കി ഫസ്റ്റ് എയ്ഡ് എവിടെയെന്ന ചോദ്യത്തിന് ഉത്തരമുണ്ടായില്ല.
വേദിക്കു മുന്നിൽതന്നെ ആംബുലൻസ് ഉണ്ടായിട്ടും ഡ്രൈവർ ഉണ്ടായിരുന്നില്ല. പുറത്തെ മെഡിക്കൽ കേന്ദ്രത്തിലെ നഴ്സ് എത്തിയപ്പോഴേക്കും സ്വന്തം കാർ എത്തിച്ച് മാതാപിതാക്കൾ കുട്ടിയെ അടുത്തുള്ള ഉപാസന ആശുപത്രിയിലേക്ക് മാറ്റി.
റിയയുടെ അവസ്ഥകണ്ട് കരഞ്ഞ കൂട്ടുകാരികൾക്ക് അവൾ ആശുപത്രിയിൽ ഡ്രിപ്പിട്ട് സുഖമായി കിടക്കുന്നു എന്നറിഞ്ഞപ്പോഴാണ് ആശ്വാസമായത്.
പിന്നാലെ വൈകീട്ട് ഫലപ്രഖ്യാപനത്തിൽ ‘എ ഗ്രേഡ്’ റിയക്കൊപ്പം ഒത്തൊരുമിച്ചിരുന്ന് കേട്ടതോടെ സന്തോഷം ഇരട്ടിയായി.
കൊല്ലം: കലോത്സവുമായി ബന്ധപ്പെട്ട് അടിയന്തര സാഹചര്യം നേരിടാനുള്ള സുസജ്ജ സംവിധാനം ഏര്‍പ്പെടുത്തി. കലക്ടര്‍ അധ്യക്ഷനായ ജില്ലതല ദുരന്തനിവാരണ അതോറിറ്റിയാണ് സംവിധാനം ഒരുക്കിയത്. അടിയന്തിര കാര്യനിര്‍വഹണ കേന്ദ്രമാണ് ആശ്രാമം മൈതാനത്ത് പ്രവര്‍ത്തിക്കുന്നത്. അടിയന്തരാവശ്യങ്ങള്‍ തത്സമയം കണ്ട്രോള് റൂമിലേക്ക് അറിയിക്കാന്‍ പ്രത്യേക കൗണ്ടറുമുണ്ട്.
കലക്ടറേറ്റ് കണ്ട്രോള് റൂം ഫോണ്‍ നമ്പര്‍: 9447677800, ഹസാഡ് അനലിസ്റ്റ്: 9447046288 സെക്ഷന്‍ ജെ.എസ്: 9447737354.
കൊല്ലം: സ്കൂൾ കലോത്സവത്തിനോടനുബന്ധിച്ച് ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ അടിയന്തിരഘട്ട കാര്യനിർവഹണ കേന്ദ്രത്തിന്റെ (ഇ.ഒ.സി) ഭാഗമായി കൊല്ലം ബീച്ചിൽ 20 ലൈഫ് ഗാർഡുമാരെ കൂടി നിയോഗിച്ചു. അടിയന്തരഘട്ടങ്ങളിൽ രക്ഷാപ്രവർത്തനം സുഗമമാക്കുന്നതിനാണിത്. ആശ്രാമം അഡ്വഞ്ചർ പാർക്ക്, ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര അമ്പലക്കുളം, സാമ്പ്രാണിക്കോടി എന്നിങ്ങനെ ജലാശയങ്ങളുമായി ബന്ധപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ലൈഫ് ഗാർഡുമാരെ നിയോഗിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.