കോഴിക്കോട്: വഴികാണിച്ച വിളക്കിനെ ഊതിക്കെടുത്തും പോലെ ബ്രിട്ടീഷുകാർക്ക് വയനാട്ടിലേക്കുള്ള വഴികാണിച്ച കരിന്തണ്ടനെ ചതിച്ച് കൊലപ്പെടുത്തിയ ചരിത്രം അരങ്ങിലെത്തിച്ച് മലപ്പുറം അരിയല്ലൂർ എം.വി. എച്ച്.എസ്.എസിന്‍റെ കരിന്തണ്ടൻ കലോത്സവത്തിന്‍റെ നാടക സദസിൽ നിറഞ്ഞ കൈയടി നേടി.
കാടിനുള്ളിലെ നിധി കാണുമ്പോൾ കണ്ണ് മഞ്ഞളിക്കരുത്, വള്ളിയൂർ കാവിലെ അടിമലേലം അവസാനിപ്പിക്കണം എന്നിങ്ങനെയുള്ള കരിന്തണ്ടന്‍റെ നിബന്ധനകൾ ബ്രിട്ടീഷുകാർ അംഗീകരിച്ചതോടെയാണ് കാട്ടിലൂടെയുള്ള വഴികാണിക്കാൻ അദ്ദേഹം അവർക്കൊപ്പം പുറപ്പെടുന്നത്. മലകളും പുഴകളും അരുവികളും തണ്ടുന്നതും കാട്ടുവള്ളികളിൽ നിന്നും പാമ്പുകളിൽ നിന്നുമെല്ലാം രക്ഷനേടുന്നതുമെല്ലം ആളുകളെ അമ്പരപ്പിക്കും വിധമാണ് വേദിയിൽ അവതരിപ്പിച്ചത്.
അവസാനം കരിന്തണ്ടനെ വെടിവെച്ച് കൊല്ലുന്നതും പിന്നീട് നാുവാഴി കരിന്തണ്ടന്‍റെ കുല ദൈവങ്ങളെ എടുത്തുമാറ്റി സവർണ ദൈവത്തെ പ്രതിഷ്ഠിക്കുകയും ചെയ്യുന്നു. മേൽ ജാതിക്കാരൻ കരിന്തണ്ടന്‍റെ അടിയാത്തിയെ മോശമായി സമീപിക്കുന്നതോടെ അവൾ കീഴാളരുടെ പോരാട്ട വീര്യം വീണ്ടെടുത്ത് നാടുവാഴിയെ അരിഞ്ഞു വീഴ്ത്തുന്നതോടെയാണ് നാടകത്തിന് തിരശ്ശീല വീഴുന്നത്. മികച്ച രംഗപടത്തിനപ്പുറം മികവുറ്റ ശബ്ദ മിശ്രണവും സംഗീതവും നാടകത്തെ വേറൊരു തരത്തിലേക്ക് മാറ്റുന്നു.
ഹരിലാൽ ബത്തേരിയും നിരഞ്ജൻ പരപ്പനങ്ങാടിയും ചേർന്നാണ് സംവിധാനം നിർവഹിച്ചത്. നിരഞ്ജൻ ആനന്ദ്, യു.വി. അനുഷേക്, അലിൻഷ ഷാജി, ദേവിക, ഗായത്രി, ശിഖ, ശ്രീലക്ഷ്മി, മോനിഷ, ആര്യനന്ദ, ഹർഷ എന്നിവരായിരുന്നു അഭിനേതാക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.