പറങ്കികളുടെ നാട്ടിൽനിന്നെത്തി കശുവണ്ടിയുടെ നാട്ടിൽ അരങ്ങേറിയ സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ചവിട്ടുനാടകം കാണാൻ കങ്കാരുക്കളുടെ നാട്ടിൽനിന്ന് സഹോദരങ്ങളും. അഞ്ചാം വേദിയായ എസ്.ആർ ഓഡിറ്റോറിയത്തിൽ ആസ്ട്രേലിയൻ സ്വദേശികളായ ഐസക്കും അലോഷിയുമാണ് എത്തിയത്.
തിരുവനന്തപുരം സ്വദേശിയായ ബ്ലസിയുടെ സുഹൃത്തുക്കളാണ് കാൻബറ സ്വദേശികളാണ് ഐസക്കും അലോഷിയും. ബ്ലെസിയും കുടുംബവും നാട്ടിലേക്ക് വരുന്നത് അറിഞ്ഞതോടെ സുഹൃത്തും സഹപാഠിയുമായ ഐസക്കും സഹോദരനും കേരളം കാണണമെന്ന ആഗ്രഹം പറഞ്ഞു. കൂടെ പോന്നോളാൻ ബ്ലെസിക്കും സമ്മതം. ബ്ലെസിയും കുടുംബവും ആസ്ട്രേലിയയിൽ സ്ഥിരതാമസമാണ്. ബ്ലെസിക്കൊപ്പം കാൻബറയിൽ മെഡിസിന് പഠിക്കുകയാണ് ഐസക്. അലോഷി കാൻബറയിൽ എൽ.എൽ.ബി വിദ്യാർഥി. ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കം ആസ്വദിക്കാനായി ബ്ലെസിയുടെ ബന്ധുക്കൾക്കൊപ്പം തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്ക് കലോത്സവ വേദിയിൽ എത്തിയതായിരുന്നു ഇരുവരും. അപ്പോഴാണ് ചവിട്ടുനാടകം നടക്കുന്നത് അറിഞ്ഞത്.
വി. സെബസ്ത്യാനോസിന്റെയും കാറമാന്റെയും അലക്സാണ്ടർ ചക്രവർത്തിയുടെയും ചരിത്രം പറയുന്ന ചവിട്ടുനാടകം വേദിയിൽ അരങ്ങേറുമ്പോൾ ഐസക്കിനും അലോഷിക്കും ബ്ലെസി കഥ വിവരിച്ചു കൊടുക്കുന്നുണ്ടായിരുന്നു. തങ്ങളുടെ നാട്ടിലും തിയറ്റർ നാടകങ്ങൾ ആസ്വദിക്കാറുണ്ടെന്നും വസ്ത്രധാരണത്തിലും വേദി അലങ്കാരത്തിലുമെല്ലാം പാശ്ചാത്യസ്വാധീനം പ്രകടമാണെന്നും ഇരുവരും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.