ഹയർ സെക്കൻഡറി നാടൻപാട്ടിൽ എ ഗ്രേഡ് നേടിയ കൊണ്ടോട്ടി ഇ.എം.ഇ.എ ഹയർ സെക്കൻഡറി സ്കൂളിലെ മാളവികയും സംഘവും 

സ്കൂൾ കലോത്സവം: നാടൻപാട്ടിൽ അപ്പീലുമായെത്തിയ കൊണ്ടോട്ടി ഇ.എം.ഇ.എ ഹയർ സെക്കൻഡറിക്ക് എ ഗ്രേഡ്

കൊല്ലം: മലപ്പുറം ജില്ലയിൽ നിന്ന് ഹയർ സെക്കൻഡറി നാടൻപാട്ടിൽ അപ്പീലുമായെത്തിയ കൊണ്ടോട്ടി ഇ.എം.ഇ.എ ഹയർ സെക്കൻഡറി സ്കൂളിലെ മാളവികയ്ക്കും സംഘത്തിനും എ ഗ്രേഡ്. ഇതോടെ തുടർച്ചയായ രണ്ടാം വർഷമാണ് സംസ്ഥാനതലത്തിൽ ഇ.എം.ഇ.എ സ്കൂൾ എ ഗ്രേഡ് കരസ്ഥമാക്കുന്നത്.

തനതായ കലയും സംസ്കാരവും ഭാഷയുമുള്ള കേരളത്തിലെ പ്രാചീന ഗോത്രജന വിഭാഗമായ കാട്ട്നായ്ക്കരുടെ, വിഷുവിനോട് അനുബന്ധിച്ച് തിരുനെല്ലി ഭാഗങ്ങളിൽ നടന്നുവരാറുള്ള കോൽക്കളിപ്പാട്ടാണ് വിദ്യാർഥികൾ അവതരിപ്പിച്ചത്. കോടാങ്കി സൂളെ എന്ന ത്രിമൂർത്തി ദൈവസങ്കൽപ്പങ്ങളെ വിശ്വാസം അർപ്പിച്ച് കണിക്കൊന്നയും അരമണിയും മുളകൊണ്ടുള്ള കിരീടവും ചൂടി അരിയും നെല്ലും പണവും കാണിക്കയായി സ്വീകരിച്ചുകൊണ്ട് അവതരിപ്പിക്കാറുള്ള കോൽക്കളി പാട്ടാണിത്. അതിന്‍റെ തനിമയും പാരമ്പര്യവും വിശ്വാസവും ആചാരവും ഉൾക്കൊണ്ടുകൊണ്ട് തനതു വാദ്യങ്ങളായ ജോഡ്മറാ, ദമ്പട്ടെ, ഗജ്ജെ, ബുരുടെ, മണി, ഗോൽ എന്നിവയുടെ വാദ്യ മേളങ്ങളോടെയാണ് വിദ്യാർഥികൾ നാടൻ പാട്ട് അവതരിപ്പിച്ചത്. രണ്ടു വർഷമായി രഞ്ജി കൊല്ലമാണ് പരിശീലകൻ.

പാർവണ എസ്. പ്രകാശ്, അഞ്ജലിന, ശ്രീരൂപ്, നഹ്‌ല നസ്മി, ദേവിക ദിനേശ്, അനാമിക എന്നിവരാണ് ടീമിലെ മറ്റ് അംഗങ്ങൾ. 

Tags:    
News Summary - Kerala School kalolsavam 2024 folk song kondotty emea college

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.