കൊല്ലം: പതിനാറ് വർഷത്തിനുശേഷമെത്തിയ കലോത്സവം ആഘോഷമാക്കി കൊല്ലത്തുകാർ. കൊച്ചുപ്രതിഭകളുടെ പ്രകടനങ്ങൾക്ക് നിറ കൈയടിയുമായി സദസ്സുകളിൽ ജനം ആവേശമായി. തുടക്കത്തിലുണ്ടായിരുന്ന സമയക്രമത്തിലെ പാളിച്ചകളെല്ലാം തിരുത്തി പിന്നീട് സംഘാടകരും ഉഷാറായപ്പോൾ കലോത്സവം മത്സരാർഥികൾക്കും കാണികൾക്കും അവിസ്മരണീയ അനുഭവമായി.
ഏതാനും മത്സരങ്ങൾ മാത്രം ഒഴിച്ചുനിർത്തിയാൽ എല്ലായിടത്തും സമയക്രമം പാലിക്കാനായി. പ്രധാനവേദിയായ ആശ്രാമം മൈതാനത്ത് മോഹിനിയാട്ടത്തിനും ഒപ്പനക്കും കുച്ചിപ്പുടിക്കും തിരുവാതിരക്കും സംഘനൃത്തത്തിനുമെല്ലാം വൻ ജനാവലി എത്തി. ഞായറാഴ്ച വൈകീട്ട് അൽപ്പനേരം ശക്തമായ മഴപെയ്തിട്ടും ആവേശം ഒട്ടും തണുത്തില്ല. മുഖ്യാതിഥിയായി നടൻ മമ്മൂട്ടി പങ്കെടുത്ത സമാപനച്ചടങ്ങിൽ ആശ്രാമം മൈതാനം ജനസമുദ്രമായി.
ഒന്നിനൊന്ന് മികച്ച നാടകങ്ങൾ കാഴ്ചക്കാർക്ക് മികച്ച അനുഭവമായി. ഭരതനാട്യം, ദഫ്മുട്ട്, തിരുവാതിര തുടങ്ങിയവയെല്ലാം നിറഞ്ഞ സദസ്സിലാണ് അരങ്ങേറിയത്. മത്സരാർഥികൾക്കായി മികച്ച സൗകര്യങ്ങൾ ഒരുക്കാനും സംഘാടകർക്ക് സാധിച്ചു. വിവിധ വേദികളിലേക്ക് പോകുന്നതിന് സൗജന്യ ഓട്ടോറിക്ഷ, ബസ് സൗകര്യങ്ങളുമുണ്ട്. വേദികൾ തമ്മിലെ അകലത്തിലെ പ്രയാസം സമയക്രമത്തിലെ ആസൂത്രണത്തിലൂടെ പരിഹരിച്ചു.
ശാരീരിക ബുദ്ധിമുട്ട് നേരിടുന്ന കുട്ടികൾക്കായി വേദി താഴേക്ക് മാറ്റാനും തയാറായി. മത്സര പിരിമുറുക്കം ഒഴിവാക്കാൻ കുട്ടികൾക്ക് കൗൺസലിങ് സൗകര്യവും ഒരുക്കി. ഭക്ഷണ ശാലയിലും തിരക്കിനിടയിലും വലിയ പ്രയാസങ്ങളില്ലാതെ സംവിധാനിക്കാനും സാധിച്ചു.
24 വേദികളിലായി അരങ്ങേറിയ അഞ്ച് ദിവസത്തെ കലാമേളയാണ് സമാപിച്ചത്. എച്ച്.എസ്, എച്ച്.എസ്.എസ് ജനറൽ, എച്ച്.എസ് സംസ്കൃതം, അറബിക് വിഭാഗങ്ങളിൽ ആകെ 239 ഇനങ്ങളിലാണ് മത്സരങ്ങൾ നടന്നത്. 10,000ലേറെ വിദ്യാർഥികൾ മത്സരാർഥികളായെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.