സൂര്യ കുടുംബത്തോടൊപ്പം

ഒരു നെരിപ്പോടായി നെഞ്ചിലുണ്ടായിരുന്നു, അച്ഛന്‍റെ ആഗ്രഹം; മിമിക്രി വേദിയിൽ സഫലമാക്കി സൂര്യ

കൊല്ലം: മിമിക്രി വേദിയില്‍ ആസ്വാദകസദസിനെ ആഹ്ലാദിപ്പിക്കുകയും കൈയ്യടി വാങ്ങുകയും ചെയ്യുമ്പോഴും സൂര്യയുടെ മനസില്‍ ഒരു നെരിപ്പോട് പുകയുന്നുണ്ട്. തന്‍റെ പിതാവ് മത്സരാർഥിയായിരുന്ന കാലത്ത് ആഗ്രഹിച്ച് പരിശീലിച്ച മിമിക്രിയെ പകുതി വഴിയില്‍ ഉപേക്ഷിച്ച് ഉപജീവനത്തിനായി ഇറങ്ങിത്തിരിച്ചതിന്‍റെ വേദന. ഇപ്പോഴും തന്‍റെ ജീവിതം ഓര്‍ത്തെടുക്കുമ്പോള്‍ ആ പിതാവിന്‍റെ കണ്ണുകള്‍ നിറയും. അതിനാല്‍ തന്നെ മകള്‍ സംസ്ഥാനതല മത്സരത്തിലേക്ക് യോഗ്യത നേടിയപ്പോള്‍ ആ മാതാപിതാക്കള്‍ തങ്ങളുടെ നിത്യചിലവിന്‍റെ ഒരു വിഹിതം എന്നും മാറ്റി വച്ചു. കൊല്ലത്ത് എത്തി മത്സരവേദിയില്‍ മകള്‍ കയറുന്നത് വരെ അവര്‍ പ്രാര്‍ത്ഥനയോടെ കാത്തിരുന്നു.

പാലക്കാട് വെള്ളിനേഴി പഞ്ചായത്തിലെ കുളക്കാട് തെക്കുംഭാഗം ലക്ഷംവീട് കോളനിയിലെ താമസക്കാരായ ബാലസുബ്രഹ്മണ്യം-രഞ്ചിനി ദമ്പതികളുടെ മകള്‍ ശ്രീകൃഷ്ണപുരം എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാർഥിനി ബി.സി. സൂര്യയാണ് പരാധീനതകള്‍ക്ക് നടുവിലും കലയെ നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്നത്. പിതാവിന്‍റെ ശിക്ഷണത്തിലാണ് അനുകരണകല പരിശീലിക്കുന്നത്. തനിക്ക് നഷ്ടമായ വേദികളില്‍ മകള്‍ പങ്കെടുക്കണം എന്നത് മാത്രമാണ് ബാലസുബ്രഹ്മണ്യത്തിന്‍റെ ആഗ്രഹം.

കോളനിയില്‍ ഇന്ദിരഗാന്ധി ഭവനനിര്‍മ്മാണ പദ്ധതി പ്രകാരം ലഭിച്ച വീട്ടിലാണ് ഈ കുടുംബം താമസിക്കുന്നത്. 1998 ലെ സംസ്ഥാന കലോല്‍സവത്തില്‍ മിമിക്രി വേദിയില്‍ ബാലസുബ്രഹ്മണ്യം പങ്കെടുത്ത് വിജയിച്ചിരുന്നു. എന്നാല്‍ വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം മിമിക്രി രംഗത്ത് സജീവമാകാന്‍ കഴിഞ്ഞില്ല. തന്‍റെ ആഗ്രഹം മാറ്റിവച്ച് ഇലക്ട്രീഷ്യനായി ജോലി ചെയ്ത് കുടുംബം പോറ്റാനായി ഇറങ്ങി തിരിച്ചു. മിമിക്രിയ്ക്ക് പുറമെ സംഗീതത്തിലും താല്‍പര്യമുള്ള സൂര്യയുടെ വാസന തിരിച്ചറിഞ്ഞ് കോവിഡിന് മുന്‍പ് സുബ്രഹ്മണ്യം വെള്ളിനേഴി സൗജന്യമായി കര്‍ണ്ണാടകസംഗീതം പഠിപ്പിച്ചിരുന്നു.

സ്കൂളിലെ അധ്യാപകരുടെയും അയല്‍വാസികളുടെയും സഹായത്തോടെയാണ് വിവിധ പരിപാടികള്‍ക്ക് സൂര്യ പോകുന്നത്. നാടന്‍പാട്ട്, ലളിതഗാനം എന്നിവയിലും സൂര്യ ജില്ലാതലം വരെ മല്‍സരിച്ചിരുന്നു. നൂറോളം പുരസ്ക്കാരങ്ങളും ഈ യുവകലാകാരിയെ തേടി എത്തിയിട്ടുണ്ട്. അനുജന്‍ യദുകൃഷ്ണനും മിമിക്രി അഭ്യസിക്കുന്നുണ്ട്. മകളെ കലോല്‍സവത്തിലെത്തിക്കാനായി തുച്ഛമായ വരുമാനത്തില്‍ മാതാവ് രഞ്ചിനിയും ഇപ്പോള്‍ ഒരു കടയില്‍ ജോലിയ്ക്കായി പോകുന്നുണ്ട്. ഭാവിയില്‍ സൂര്യയും കലാരംഗത്ത് സജീവമാകുന്നത് ഈ കുടുംബം സ്വപ്നം കാണുന്നുണ്ട്.


Tags:    
News Summary - Kerala School Kalolsavam 2024 mimicry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.