ആലപ്പുഴ സെന്‍റ്​ ജോസഫ്സ്​ ഗേൾസ്​ എച്ച്​.എസ്​.എസ്​ ടീമിന്‍റെ ഒപ്പനക്കിടെ സംഘാംഗം ആസ്യ കുഴഞ്ഞുവീണപ്പോൾ (ഫോട്ടോ: ദിലീപ് പുരക്കൽ)

കൊല്ലം: ആശ്രാമം മൈതാനത്തെ ഒന്നാം വേദി ഒരുനിമിഷം ഒന്ന്​ സ്തബ്​ധമായി. എച്ച്​.എസ്​ ഒപ്പന മുന്നേറുന്നതിനിടയിൽ തോഴിമാരിലൊരാൾ ദാ വീഴുന്നു താഴെ. കുട്ടി വീണത്​ കണ്ട്​ സ്​ട്രക്​ചറുമായി ഓടിയെത്തിയ മെഡിക്കൽ സംഘം കളി എങ്ങനെ മുടക്കുമെന്ന് അറിയാതെ നിൽക്കുന്നു. ഒടുവിൽ പാതിവഴിയിൽ പാട്ടുനിർത്തി കൂട്ടുകാർ അവൾക്ക്​ കരുതലൊരുക്കി.

ഇന്നലെ ഒപ്പന വേദിയിൽ രാത്രി എട്ടോടെയായിരുന്നു കളിക്കിടയിൽ കുട്ടി കുഴഞ്ഞുവീണത്​. ആദ്യ കുട്ടി വീണ്​ കർട്ടനിട്ടതോ​ടെ അതേ ടീമിലെ മറ്റ്​ രണ്ട്​ പേർ കൂടി വീണു. ആലപ്പുഴ സെന്‍റ്​ ജോസഫ്​ ഗേൾസ്​ എച്ച്​.എസ്​.എസ്​ സംഘത്തിനാണ്​ കളിക്കാരി കുളഞ്ഞുവീണതിനെ തുടർന്ന്​ കളി പാതിയിൽനിർത്തേണ്ടി വന്നത്​.

ടീമിലെ എൻ. ആസ്യയാണ്​ ആദ്യം സ്​റ്റേജിൽ വീണത്​. പിന്നാലെ അൻസിയയും വീണു. കൂട്ടത്തിൽ മറ്റൊരാളും. ഇവർക്കെല്ലാം വേദിക്ക്​ പിന്നിൽ പ്രവർത്തിക്കുന്ന മെഡിക്കൽ സംഘം പ്രഥമ ശുശ്രൂഷ നൽകിയപ്പോഴേക്കും സ്ഥിതി സാധാരണ നിലയിലെത്തി.

കഥ ഇവി​ടെ തീരുന്നില്ല, ഈ സംഘം വീഴുന്നതിന്​ മുമ്പ്​ 45 പേരാണ്​ വിവിധ ഒപ്പന ടീമുകളിൽ നിന്നായി കുഴഞ്ഞു വീണും അസ്വസ്ഥത പ്രകടിപ്പിച്ചും മെഡിക്കൽ സഹായം തേടിയത്​. അവരെല്ലാം ഒപ്പന പൂർത്തിയായ ശേഷം വീണു എന്നത്​ മാത്രം വ്യത്യാസം. ഇതിനു ശേഷവും ഇരുപതോളം കുട്ടികൾ കുഴഞ്ഞെത്തി. കൂട്ടത്തിൽ ഒരു മണവാട്ടിയും കുഴഞ്ഞുവീണു. മൊഞ്ചത്തിമാരെ മുഴുവൻ കുഴക്കുന്നതായി അങ്ങനെ ഒപ്പന. എന്നാൽ, ആരെയും ഇതിന്‍റെ പേരിൽ ആശുപത്രിയിലേക്ക്​ മാറ്റേണ്ടിവന്നില്ല.

കാലിന്​ ഉളുക്കുണ്ടായ കുട്ടിയെ മാത്രം എക്സ്​റേ എടുക്കാൻ ജില്ല ആശുപത്രിയിലേക്ക്​ മാറ്റി. ഒപ്പന ആടയാഭരണത്തിൽ ഉൾപ്പെ​ട്ട അരപ്പെട്ടയാണ്​ കുട്ടികൾക്ക്​ കൂടുതൽ പ്രശ്നമാക്കിയതെന്നാണ്​ ഡി.എം.ഒ ഡോ. വസന്തദാസ്​ പറഞ്ഞു. ഇറുകി കെട്ടിയ അരപ്പട്ടയുമായി ആടിക്കളിച്ച കുട്ടികൾ ശ്വാസംകിട്ടാ​തെ കുഴയുകയായിരുന്നു. മെഡിക്കൽ സംഘം അരപ്പട്ട മുറിച്ചെടുത്താണ്​ കുട്ടികൾക്ക്​ ഉടൻ ആശ്വാസം നൽകിയത്​. വേഷവിധാനത്തിൽ ഏറെ നേരം കാത്തിരിക്കേണ്ടി വന്നതും കുട്ടികളെ കുഴച്ചിരുന്നു. 

Tags:    
News Summary - Kerala School Kalolsavam 2024 oppana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.