ഇടംതലയിലും വലംതലയിലും കൈവഴക്കത്തിന്റെ താളം, കൊമ്പിലും കുഴലിലും ഒന്നായിപ്പകർന്ന ഉത്സവമേളം, എച്ച്.എസ്.എസ് വിഭാഗം ചെണ്ടമേള വേദിയെ അക്ഷരാർഥത്തിൽ ഉത്സവാന്തരീക്ഷത്തിലെത്തിച്ച് പെൺകുട്ടികളെയും അണിനിരത്തി വയനാട് മീനങ്ങാടി, എച്ച്.എസ്.എസ്, പാലക്കാട് ഭാരത് മാത എച്ച്.എസ്.എസ് സ്കൂളുകളുടെ കൊട്ടിക്കയറ്റം. കുട്ടികൾ കൊട്ടിക്കയറിയപ്പോൾ ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര മൈതാനത്തെ വേദിയിൽ ഉത്സവാവേശം. ചെണ്ടമേള മത്സരത്തിലെ പെൺകുട്ടികളുടെ സാന്നിധ്യം അപൂർവതയെന്ന് വിശേഷിപ്പിക്കുമ്പോൾ, അത്രയേറെ ഈ കലയെ നെഞ്ചേറ്റിയാണ് തങ്ങൾ സംസ്ഥാന തലം വരെയെത്തിയതെന്ന് അഭിമാനത്തോടെ പറയുകയാണ് കുട്ടികൾ. മീനങ്ങാടി ജി.എച്ച്.എസ്.എസ് ടീമിലെ ഏഴംഗ സംഘത്തിൽ നാലുപേരും പാലക്കാട് ഭാരതമാതയിലെ മൂന്നുപേരും പെൺകുട്ടികളാണ്. മീനങ്ങാടി സ്കൂൾ ടീമിൽ പെൺകുട്ടികളായ ഗ്രീഷ്മയും മിസ്മയയും ഇലത്താളം, ധനു-വലംതല, ശാരിക-കുഴൽ എന്നിവയുമായാണ് വിസ്മയിപ്പിച്ചത്. അനന്ദുനാരായണനും അലനും ഇടംതലയിൽ മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ കൈലാസ് കൊമ്പിൽ മികവ് തെളിയിച്ചു. കലാനിലയം വിജേഷ് മാരാരാണ് ഇവരെ പരിശീലിപ്പിച്ചത്. ഭാരതമാതയിലെ ടീമിൽ വലംതലയിൽ അതുല്യയും കൊമ്പിൽ നേഹയും കുഴലിൽ ആതിരയും മികച്ച പ്രകടനം നടത്തി വേദിയിൽ നിറഞ്ഞു. തകർത്ത് കൊട്ടിക്കയറി ഈശ്വർദേവും അവിനാഷും ഇടംതലയിൽ വിസ്മയം തീർത്തു. ഇവരിൽ ആതിരയും അതുല്യയും ഇരട്ട സഹോദരങ്ങളാണെന്ന പ്രത്യേകതയുമുണ്ട്. ആദർശ് വലംതലയിലും അനന്തകൃഷ്ണൻ ഇലത്താളത്തിലും കൂടി മികവ് തെളിയിച്ചപ്പോൾ സദസ്സിലാകെ കരഘോഷമായിരുന്നു. കല്ലേപ്പുള്ളി സതീഷ്, മഠത്തിൽ ഹരി, ഓലശ്ശേരി രാമദാസ് എന്നിവരാണ് പരിശീലകർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.