നടിയും നർത്തകിയുമായ ആശാ ശരത്തിന്‍റെ നേതൃത്വത്തിൽ അരങ്ങേറിയ നൃത്തശിൽപ്പം 

ആശാ ശരത്തും 55 കുട്ടികളും ചുവടുവെച്ചു; കലോത്സവ വേദിയിൽ നൃത്തശിൽപം ഇതൾവിരിഞ്ഞു

കൊല്ലം: 62ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ വേദികൾ ഉണർന്നത് നടിയും നർത്തകിയുമായ ആശാ ശരത്തിന്‍റെ നേതൃത്വത്തിലുള്ള നൃത്തശിൽപത്തോടെ. കൊല്ലം ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള 55 കുട്ടികളാണ് ആശാ ശരത്തിനോടൊപ്പം ചുവടുവെച്ചത്. വി.ആർ. പ്രസാദും കുരീപ്പുഴ ശ്രീകുമാറും ചേർന്ന് തയാറാക്കിയ വരികൾക്ക് രമേഷ് നാരായണൻ സംഗീതം പകർന്നാണ് നൃത്തശിൽപമൊരുക്കിയത്.

 

കഴിഞ്ഞ വർഷം കോഴിക്കോട് നടന്ന സംസ്ഥാന കലോത്സവത്തിന്‍റെ സമാപനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തത് ആശാ ശരത്തായിരുന്നു. അടുത്ത തവണത്തെ കലോത്സവത്തിൽ വേദിയിൽ നൃത്തംവെക്കണമെന്ന ആഗ്രഹം അന്നേ പ്രകടിപ്പിച്ചിരുന്നു. അതാണ് കൊല്ലം ആശ്രാമം മൈതാനത്തെ പ്രധാന വേദിയിൽ ഇന്ന് യാഥാർഥ്യമായത്.

 

കേരളത്തിന്‍റെ സംസ്കാരവും കലയും കൊല്ലത്തിന്‍റെ സവിശേഷതകളുമെല്ലാം നൃത്തശിൽപത്തിൽ നിറഞ്ഞു. ബിജു ധ്വനിതരംഗാണ് നൃത്തസംവിധാനം നിർവഹിച്ചത്. കേരളത്തിന്‍റെ തനത് കലാരൂപങ്ങളും നർത്തകരോടൊപ്പം വേദിയിൽ നിറഞ്ഞാടി. 

കുട്ടികൾക്ക് നൽകിയ വാക്ക് പാലിക്കാനാണ് ഇത്തവണ കലോത്സവ വേദിയിലെത്തിയതെന്ന് ആശ ശരത്ത് പറഞ്ഞു. മത്സരമായല്ല, ഒരു ഉത്സവമായി വേണം കലോത്സവത്തെ കാണാൻ. പുതിയ കുട്ടികളോടൊപ്പം നൃത്തം അവതരിപ്പിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും ആശ ശരത്ത് പറഞ്ഞു. ആശ ശരത്തിനുള്ള ഉപഹാരം മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറി. 

Tags:    
News Summary - kerala school kalolsavam dance performance by asha sharat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.