മുഹമ്മദ്​ സഹൽ കേരളനടനം അവതരിപ്പിക്കുന്നു

മാതാപിതാക്കളുടെ ആഗ്രഹം​; സഹൽ ചിലങ്ക കെട്ടി

കൊല്ലം: കലക്ക്​ ജാതിയും മതവും ഉണ്ടോ... സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്.എസ് വിഭാഗം കേരളനടനത്തിൽ എ ഗ്രേഡ്​ നേടിയ എറണാകുളം സ്വദേശി മുഹമ്മദ് സഹലിന്‍റെ വാക്കുകളാണ്​. അർജുനന് വരംനൽകാൻ പാർവതി ശിവനോട് പറയുന്ന ഭാഗമാണ് സഹൽ അരങ്ങിലാടിയത്. ഭക്തിരസം ഒട്ടുംചോരാതെ കേരളനടനം ആടാൻ പ്രേരണയായത്. അർജുനനെയാണ്​ മുഹമ്മദ്​ സഹലിന്​ ഏറെയിഷ്ടം. ചെറുപ്പം മുതൽ സുഹൃത്തുക്കൾ പറയുന്ന മഹാഭാരതത്തിലെയും രാമായണത്തിലെയും കഥകൾ സഹൽ കേൾക്കുമായിരുന്നു. അർജുനനോട് അന്നുമുതൽ പ്രത്യേക ഇഷ്ടമുണ്ട്.

നൃത്തം അഭ്യസിച്ചത് മുതൽ പുരാണഭാഗങ്ങൾ മനഃപാഠമാക്കിയിരുന്നു. എറണാകുളം മാർക്കറ്റിൽ ചുമടെടുക്കുമ്പോഴും സി.ഐ.ടി.യു തൊഴിലാളിയായ പിതാവ്​ സമീറിന്‍റെയും മാതാവ്​ അനീഷയുടെയും സ്വപ്നമായിരുന്നു മക്കളെ ചിലങ്ക അണിയിക്കണമെന്നത്​. കഴിഞ്ഞവർഷംവരെ സഹോദരി സഹലയും ഭരതനാട്യം, കുച്ചിപ്പുടി, നാടോടിനൃത്തം എന്നീ ഇനങ്ങളിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡ്​ ​നേടിയിട്ടുണ്ട്​. ദഫ്മുട്ടും മാപ്പിളപ്പാട്ടും പഠിക്കാൻ അന്ന് ചിലർ സഹലിനെ ഉപദേശിച്ചെങ്കിലും മിന്നിത്തിളങ്ങുന്ന കുപ്പായവും ആഭരണങ്ങളും അണിയുന്ന നൃത്തങ്ങളായിരുന്നു സമീറിന്‍റെ മനസ്സിൽ. മക്കളുടെ താൽപര്യം അറിയിച്ചതോടെ മൂത്ത മകൾ സഹല നർഗീസിനെ വീടിനടുത്തുള്ള ഗുരു സൂരജിന് കീഴിൽ നൃത്തം അഭ്യസിപ്പിച്ചു. സഹോദരിയിൽനിന്ന് സഹലും നൃത്തം പഠിച്ചെടുത്തു. സുഹൃത്തുക്കളും കൂടെ ചുമടെടുക്കുന്നവരും സഹായിക്കാറുണ്ട്​. തേവര സേക്രഡ് ഹാർട്ട്സ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് സഹൽ. സഹോദരി സഹല എൻട്രൻസ് പരീക്ഷക്ക്​ തയാറെടുക്കുന്നു.

Tags:    
News Summary - kerala school kalolsavam- keralanadanam- muhammad sahal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.