കൊല്ലം: 62ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ആദ്യ ദിനം മത്സരങ്ങൾ ചൂടുപിടിച്ചപ്പോൾ തന്നെ കിരീടപോരാട്ടവും ശക്തമായി. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി ആദ്യ ദിനം കോഴിക്കോട്, തൃശൂർ ജില്ലകൾ 172 പോയന്റുമായി ഒപ്പത്തിനൊപ്പം. 170 പോയന്റുമായി കണ്ണൂർ മൂന്നാം സ്ഥാനത്താണ്. രാത്രി വൈകിയും മത്സരങ്ങൾ തുടരുകയാണ്. തുടക്കത്തിൽ ജനപങ്കാളിത്തം കുറവായിരുന്നെങ്കിലും രാത്രിയോടെ വൻതോതിൽ ജനം വേദികളിലെത്തി.
വാക്കുകളാണെന്റെ ജീവചക്രം
സന്തത സഹചാരിയായ വീൽ ചെയറിൽ എസ്.എം.എ (സ്പൈനൽ മസ്കുലാർ അട്രോഫി) എന്ന അപൂർവരോഗം തളർത്തിയ ശരീരവുമായാണ് ഹയർ സെക്കൻഡറി വിഭാഗം കഥാരചന മത്സരത്തിൽ പങ്കെടുക്കാൻ തൃശൂരിൽനിന്ന് അസ്ന ഷെറിൻ വണ്ടി കയറിയത്. രോഗം തളർത്തുമ്പോഴും പഠനത്തിനൊപ്പം ചിത്രകലയിലും സാഹിത്യത്തിലും സ്വന്തമായ ഇടംനേടാൻ ഈ മിടുക്കിക്ക് കഴിഞ്ഞിട്ടുണ്ട്.
ഒന്നര വയസ്സുള്ളപ്പോഴാണ് അസ്നയിലെ ശാരീരിക ബുദ്ധിമുട്ടുകള്‍ മാതാപിതാക്കൾക്ക് മനസ്സിലായിത്തുടങ്ങുന്നത്. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ നടുവിന് ശസ്ത്രക്രിയയും നടത്തി. 10 ലക്ഷം രൂപ ചെലവായി. സ്പൈനല്‍ മസ്കുലാര്‍ അട്രോഫി (എസ്.എം.എ) ആയതിനാല്‍ മറ്റുള്ള കുട്ടികളെപ്പോലെ എഴുന്നേറ്റ് നടക്കാനോ സ്വന്തം കാര്യങ്ങള്‍ ചെയ്യാനോ അസ്നക്ക് കഴിയില്ല. മസില് വീക്കമായതിനാല് ഒരാളുടെ സഹായം എപ്പോഴും ആവശ്യമാണ്.
അസ്നയുടെ ശാരീരിക പ്രയാസങ്ങൾ മനസ്സിലാക്കിയ സംഘാടകർ മത്സരം താഴത്തെനിലയിലേക്ക് മാറ്റിയിരുന്നു. മേലടൂർ ഗവ. സമിതി സ്കൂളിൽനിന്ന് എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ അസ്ന പാലിശ്ശേരി എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്. കൈവേദനകൾക്കിടയിലും സഹായികളെ ഉപയോഗിക്കാതെയാണ് പരീക്ഷയെഴുതിയതും മുഴുവൻ എ പ്ലസ് നേടിയതും.
ഐ.എ.എസുകാരിയാവണമെന്നതാണ് ആഗ്രഹം. ഡ്രൈവറായ പിതാവ് ഷിയാദിനും മാതാവ് അനീസക്കും സഹോദരി നാലാം ക്ലാസുകാരി അയിഷക്കുമൊപ്പം അന്നമനട മേലടൂരിലാണ് അസ്ന താമസിക്കുന്നത്. കോവിഡ് കാലത്തും അല്ലാതെയും പഠനത്തിനിടയിലെ ഒഴിവുസമയത്ത് മനോഹരമായ ഒട്ടേറേ ചിത്രങ്ങളാണ് അസ്ന വരച്ചിട്ടുള്ളത്.
കാലിക്കുപ്പികൾ വർണങ്ങൾകൊണ്ട് മനോഹരമാക്കിയും ശ്രദ്ധനേടിയിട്ടുണ്ട്. അസ്ന രചിച്ച ‘ഉമ്മ’ എന്ന കവിത ഏറെ ശ്രദ്ധനേടിയിരുന്നു. അസ്നയെത്തേടി സർഗാത്മക കഴിവിനുള്ള ഉജ്ജ്വലബാല്യ പുരസ്കാരവും എത്തിയിട്ടുണ്ട്.
വീൽചെയറിലിരുന്ന് അസ്ന പറയുന്നു ‘കെ.ആർ. മീരയെ കാണണം, അതാണ് ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം’. ബാല്യത്തിൽതന്നെ എന്തും കിട്ടിയാൽ വായിച്ചുതുടങ്ങിയിരുന്ന അസ്നക്ക് അൽപംകൂടി മുതിർന്നപ്പോഴാണ് കെ.ആർ. മീരയെന്ന എഴുത്തുകാരിയോട് ആരാധന തുടങ്ങിയത്. ശാരീരികബുദ്ധിമുട്ടുകളെ അതിജീവിക്കാൻ പ്രിയ എഴുത്തുകാരിയുടെ രചനകൾ അസ്നക്ക് കരുത്തേകുന്നുണ്ട്.
അത്രമാത്രം സ്വാധീനം കെ.ആർ. മീരയെന്ന എഴുത്തുകാരി ഈ കൊച്ചുകലാകാരിയുടെ ജീവിതത്തിൽ ചെലുത്തുന്നുണ്ട്. അതുകൊണ്ടുതന്നെ പ്രിയ എഴുത്തുകാരിയെ കാണുകയാണ് ഏറ്റവും വലിയ ആഗ്രഹമെന്ന് കൊല്ലത്ത് സ്കൂൾ കലോത്സവത്തിനെത്തിയപ്പോഴും അസ്ന പറയുന്നു.
കൊല്ലം: മതമൈത്രിയും മാനവികതയുമാണ് അഞ്ചലയുടെ കലാമുദ്ര. അതാണ് മുസ്ലിം കുടുംബത്തിൽ ജനിച്ച അഞ്ചല ഹൈന്ദവ പുരാണത്തിലെ കംസവധം നങ്ങ്യാർകൂത്തിലൂടെ അരങ്ങിലെത്തിച്ചത്. മാതാവ് റഹീന മകളുടെ ഇഷ്ടങ്ങൾക്ക് പൂർണ പിന്തുണ നൽകി ഒപ്പം നിന്നതോടെ മലപ്പുറം പോട്ടൂർ മോഡേൺ എച്ച്.എസ്.എസിലെ ഈ വിദ്യാർഥി കലോത്സവത്തിൽ മുഖാഭിനയവും മുദ്രാഭിനയവും പകർന്നാടി തിളങ്ങി.
കുട്ടിക്കാലത്ത് ടി.വിയിൽ കൈലാസം സീരിയൽ കണ്ട് അതിലെ ശിവതാണ്ഡവം ഇഷ്ടമായതോടെയാണ് അഞ്ചല നൃത്തരംഗത്തേക്ക് ചുവടുവെച്ചത്. നാടോടിനൃത്തത്തിലായിരുന്നു തുടക്കം. കേരള നടനത്തിലും നാടോടിനൃത്തത്തിലും ഇത്തവണ ജില്ല വരെയെത്തി. ഹൈസ്കൂൾ വിഭാഗം നങ്ങ്യാർകൂത്തിൽ ജില്ലയിൽ ഒന്നാമതായി കൊല്ലത്തേക്കും വണ്ടികയറി.
ഇത്തവണയും സ്കൂൾ അധികൃതർ പത്തോളം പേരെ പരിശീലകയായ കലാമണ്ഡലം സംഗീത ടീച്ചറെ ഏൽപിച്ചുവെങ്കിലും, പ്രതിഭ കണ്ട് ടീച്ചർ അഞ്ചലയെ തെരഞ്ഞെടുക്കുകയായിരുന്നു. സാമ്പത്തികപ്രശ്നമടക്കം മാതാവ് റഹീനയെ അലട്ടിയെങ്കിലും സ്കൂളിലെ അധ്യാപകരായ സി.എച്ച്. അബ്ബാസിന്റെയും കെ.വി. വിജിയുടെയും പൂർണപിന്തുണയിൽ പ്രതിസന്ധികൾ വഴിമാറി.
കംസനെ കൊല്ലാൻ കൃഷ്ണൻ ഭൂമിയിൽ ജനിച്ചു എന്നറിയുമ്പോൾ മധുര നിവാസികളുടെ മുഖത്തെ രൗദ്രം, ശ്യംഗാരം, വീരം, കരുണം, ഭയം എന്നീ ഭാവങ്ങളാണ് ഇരുപത് മിനിറ്റിലെ പകർന്നാട്ടത്തിൽ അഞ്ചല അടയാളപ്പെടുത്തിയത്. ഭാവിയിൽ ഡോക്ടറാവാനും കലാരംഗത്ത് ചുവടുറപ്പിക്കാനുമാണ് ഈ ഒമ്പതാം ക്ലാസുകാരിയുടെ ആഗ്രഹം.
കൊല്ലം: 62ാം സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ ലോഗോ പിറന്നത് പട്ടാമ്പിയില്‍. പാലക്കാട് പട്ടാമ്പി ഉപജില്ലയിലെ പേരടിയൂര്‍ എല്‍.പി.എസിലെ അധ്യാപകനും ചിത്രകാരനും ശില്പിയുമായ എം.ടി. അബ്ദുല്‍ സമദാണ് ലോഗോ തയാറാക്കിയത്. കൊല്ലം ജില്ലയുടെ ഭൂമിശാസ്ത്ര സവിശേഷതകളില്‍ പ്രധാനപ്പെട്ട തങ്കശ്ശേരി വിളക്കുമാടവും അഷ്ടമുടിക്കായലും, 62 എന്നത് സൂചിപ്പിക്കുന്ന അക്കങ്ങളും കലോത്സവ ഇനങ്ങളും സമന്വയിപ്പിച്ചാണ് ലോഗോ തയാറാക്കിയത്.
കൊല്ലം: എച്ച്.എസ്.എസ് വിഭാഗം മാർഗംകളിയിൽ വിധികർത്താക്കൾക്കെതിരെ പരാതി. രണ്ട് വിധികർത്താക്കൾക്കെതിരെ കണ്ണൂർ കരിവെള്ളൂർ എ.വി.ജി.എച്ച്.എസ്.എസ് സംഘമാണ് ഡി.പി.ഐക്കും ഡി.ഡി.ഇക്കും രേഖാമൂലം പരാതി നൽകിയത്.
വിധി നിർണയിച്ചവരിൽ ഒരാൾ പാലക്കാടും തൃശൂരും സബ്ജില്ലകളിലും ഒരാൾ കണ്ണൂരിൽ സബ് ജില്ലകളിലും ജഡ്ജ് ആയിരുന്നെന്ന് പരാതിയിൽ പറയുന്നു. ഇതുകൂടാതെ, കണ്ണൂരിലെ സബ്ജില്ലകളിൽ ജഡ്ജ് ആയിരുന്ന ആൾ സബ്ജില്ല തലത്തിൽ പരിശീലിപ്പിച്ച ടീം കരിവെള്ളൂർ എ.വി.ജി.എച്ച്.എസ്.എസിനെതിരെ മത്സരിച്ചിരുന്നതായി സംഘം പറയുന്നു.
സബ്ജില്ലയിൽ തങ്ങൾ ബി ഗ്രേഡിലേക്ക് താഴ്ത്തപ്പെട്ടതിനെതിരെ അപ്പീൽനേടി ജില്ലയിൽ മത്സരിച്ച് ഒന്നാം സ്ഥാനം പിടിച്ചാണ് കരിവെള്ളൂർ സംഘം സംസ്ഥാനത്ത് എത്തിയത്. സംസ്ഥാനത്ത് ഇന്നലെ വിധി വന്നപ്പോൾ ഈ ടീം ഉൾപ്പെടെ അഞ്ചോളം ടീമുകൾക്ക് ബി ഗ്രേഡ് നൽകിയത് വൈരാഗ്യംകൊണ്ട് ആണെന്നും കരിവെള്ളൂർ സ്കൂൾ പരിശീലകൻ ആരോപിക്കുന്നു. ആട്ടപ്രകാരം ചുവടുകൾ വെച്ചാണ് എല്ലാ ടീമുകളും കളിച്ചതെന്നും തെറ്റുകൾ അപൂർവമായിരുന്നെന്നും പറയുന്നു.
നിയമപ്രകാരം കറുപ്പ് ഒഴികെ ഏത് നിറവും ധരിക്കാമെന്നിരിക്കെ ഒരു തെറ്റും വരുത്താത്ത കരിവെള്ളൂരിന് വസ്ത്രത്തിന്റെ അരികുനിറം നീലയായി എന്നത് വെച്ചാണ് മാർക്ക് കുറച്ചതെന്നും ആരോപിക്കുന്നു. വിധിക്കെതിരെ കരിവെള്ളൂർ ഉൾപ്പെടെ മൂന്ന് ടീമുകൾ വ്യാഴാഴ്ച രാത്രിതന്നെ അപ്പീൽനൽകി. ജഡ്ജുമാർക്കെതിരെ പരാതി മത്സരത്തിനു മുമ്പുതന്നെ നൽകാൻ ശ്രമിച്ചിട്ടും അധികൃതർ വാങ്ങാൻ തയാറായില്ലെന്നും ആക്ഷേപമുണ്ട്.
കൊല്ലം: കലോത്സവ നഗരിയില്‍ അക്ഷരത്തിളക്കമായി ‘മാധ്യമം’ സ്റ്റാള്‍. റവന്യൂ മന്ത്രി കെ. രാജന് ഉദ്ഘാടനം ചെയ്തു. ചിന്നൂസ് ഫാഷന്‍ ജ്വല്ലറി മാനേജിങ് ഡയറക്ടര്‍ ഒ. അബ്ദുല്‍ മുത്തലിഫ്, മാനേജിങ് പാർട്ണര്‍ ചിങ്കുമിയാന്ദാദ്, വിദ്യാഭ്യാസ സ്ഥാപനമായ ബീമാക്സ് അക്കാദമി മാനേജിങ് ഡയറക്ടര്‍ ഷാന്‍ ഷൗക്കത്ത്, മാധ്യമം സര്‍ക്കുലേഷന്‍ മാനേജര്‍ ടി.ടി. അബ്ദുനാസര്‍, ബിസിനസ് ഡെവലപ്മെന്റ് ഓഫിസര്‍ നവാസ് വരവിള എന്നിവര്‍ പങ്കെടുത്തു.
മാധ്യമം വെളിച്ചം പ്രശ്നോത്തരി, സ്പോട്ട് ഫോട്ടോ അടിക്കുറിപ്പ് മത്സരം, മൈലാഞ്ചി കൊണ്ട് മാധ്യമം ലോഗോ, ഷൂട്ടൗട്ട് തുടങ്ങി, ഭാഗ്യക്കുടം വൈവിധ്യങ്ങളായ മത്സരങ്ങളാണ് മാധ്യമം സ്റ്റാളില്‍ ഒരുക്കിയിട്ടുള്ളത്. മത്സരത്തിലെ വിജയികള്‍ക്ക് കുണ്ടറ ചിന്നൂസ് ഫാഷന്‍ ജ്വല്ലേഴ്സ് ആകര്‍ഷകമായ സമ്മാനങ്ങളും നല്കുന്നു. കൂടാതെ മാധ്യമം പ്രസിദ്ധീകരണങ്ങളായ മാധ്യമം ബുക്സ്, ആഴ്ചപ്പതിപ്പ്, കുടുംബം മാസിക, ഡയറി, കലണ്ടര്‍ എന്നിവയും വിൽപനക്ക് സ്റ്റാളില്‍ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.