തിരുവനന്തപുരം: സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട മാർഗരേഖ പ്രകാരമുള്ള നടപടികൾ 27ന് പൂർത്തികരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഇത് സംബന്ധിച്ച റിപ്പോർട്ട് ജില്ലാ ഭരണകൂടത്തിന് സമർപ്പിക്കണം.
ഒന്നര കൊല്ലത്തിലേറെയായി അടഞ്ഞുകിടക്കുന്ന സ്കൂളുകൾ ശുചീകരിച്ചു ഇഴ ജന്തുക്കളുടെ സാന്നിധ്യം ഇല്ലെന്ന് ഉറപ്പാക്കണം. സ്കൂളുകളിൽ സാനിറ്റൈസർ, തെർമൽ സ്കാനർ, ഓക്സിമീറ്റർ എന്നിവ ഉണ്ടാകണം. അധ്യാപകർക്ക് ഓരോ ക്ലാസിന്‍റെയും ചുമതല നൽകണം. 27ന് പി.ടി.എ യോഗം ചേർന്ന് ക്രമീകരണം വിലയിരുത്തണം. യോഗത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളെ പങ്കെടുപ്പിക്കണം. ഉച്ച ഭക്ഷണം പാചകം ചെയ്യാനും വിതരണം ചെയ്യാനുമുള്ള ചുമതല നിശ്ചയിക്കണം. കുട്ടികൾക്ക് ഹോമിയോ പ്രതിരോധ മരുന്നു കൊടുക്കാനുള്ള സംവിധാനം ഏർപ്പെടുത്തണം. ഒരു സ്കൂളിൽ ഒരു ഡോക്ടറുടെ സേവനം എങ്കിലും ഉറപ്പാക്കണം.
കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് വിദ്യാർത്ഥികളെ വരവേൽക്കാൻ ഓരോ സ്കൂളിലും സംവിധാനമുണ്ടാകണം. സ്കൂളിന്‍റെ പ്രധാന കവാടത്തിൽ നിന്ന് അധ്യാപകരും തദ്ദേശസ്ഥാപന പ്രതിനിധികളും കുട്ടികളെ വരവേൽക്കണം. സ്കൂൾ അന്തരീക്ഷം ആഹ്ലാദകരവും ആകർഷണീയവും ആക്കാനുള്ള ക്രമീകരണം ഉണ്ടാകണം.
27ന് തന്നെ സ്കൂളിൽ ഹെൽപ്പ് ലൈൻ സജ്ജമാക്കുകയും ഇതിന്‍റെ മേൽനോട്ടത്തിന് ഉത്തരവാദിത്തപ്പെട്ട വ്യക്തികളെ ചുമതലപ്പെടുത്തുകയും വേണം. സ്കൂൾ നിൽക്കുന്ന പരിധിയിൽപ്പെട്ട പോലീസ് സ്റ്റേഷനുമായി ഹെഡ്മാസ്റ്റർമാരും പ്രിൻസിപ്പൽമാരും ആശയവിനിമയം നടത്തണം. സ്കൂളുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഫിറ്റ്നസ് ലഭിക്കാത്ത സ്കൂളുകളിലെ കുട്ടികളെ തൊട്ടടുത്ത സ്കൂളിൽ പഠിപ്പിക്കാനാകുമോ എന്ന് പരിശോധിക്കണം. അക്കാദമിക മാർഗരേഖ രണ്ടുദിവസത്തിനുള്ളിൽ പ്രസിദ്ധീകരിക്കും. സ്കൂളിന്‍റെ പ്രവർത്തനങ്ങൾക്കുള്ള മാർഗരേഖയാകുമിതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.