തിരുവനന്തപുരം: സംഘാടനം കൊണ്ടും മത്സരിക്കുന്ന കായിക താരങ്ങളുടെ എണ്ണം കൊണ്ടും ലോകത്തെ ഏറ്റവും വലിയ കൗമാര കായിക മേള ആയിരിക്കുകയാണ് കേരള സ്കൂൾ കായികമേള '24 എന്ന് മന്ത്രി വി. ശിവൻകുട്ടി. ആകെ 39 കായിക ഇനങ്ങൾ ആണ് മേളയിലുള്ളത്. ഇതിൽ പൂർത്തിയാക്കിയ മത്സരങ്ങൾ 28 ആണ്
എറണാകുളത്ത് നടക്കുന്നത് 35 ഇനങ്ങൾ ആണ്. ആകെ ജനറൽ വിഭാഗത്തിൽ കായികമേളയുടെ ഭാഗമാകുന്നത് 23,330 കുട്ടികൾ ആണ്. ഇൻക്ലൂസീവ് സ്പോർട്സിൽ 1587 കുട്ടികൾ മേളയിൽ പങ്കെടുത്തു. അങ്ങിനെ എങ്കിൽ കായികമേളയുടെ ഭാഗമാകുന്നത് 24,917 കുട്ടികൾ ആണ്. മത്സരം നിയന്ത്രിക്കുന്ന ഒഫീഷ്യൽസിന്റെ എണ്ണം 1244 ആണ്. 400 മാധ്യമ പ്രവർത്തകർ ആണ് മേളയുടെ കവറേജുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത്. ഇനി രജിസ്റ്റർ ചെയ്യാനുള്ള കുട്ടികളുടെ എണ്ണം 250 ആണ്.
മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാക്കി കൊണ്ട് കേരള സ്കൂൾ കായിക മേള കൊച്ചി’24ൽ സംഘടിപ്പിച്ച ഇൻക്ലൂസീവ് സ്പോർട്സ് വിജയകരമായി പൂർത്തീകരിക്കുവാൻ പൊതുവിദ്യാഭ്യാസ വകുപ്പിന് സാധിച്ചു. മേളയിൽ വിജയിയാകുന്ന ജില്ലക്ക് മുഖ്യമന്ത്രിയുടെ പേരിൽ എവർ റോളിംഗ് ട്രോഫി നൽകുന്നതോടൊപ്പം അണ്ടർ പതിനാല്, പതിനേഴ്, പത്തൊമ്പത് കാറ്റഗറികളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കുന്ന ജില്ലക്കും, അത് ലറ്റിക്സ്, അക്വാട്ടിക്സ് മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച് ഒന്ന് ,രണ്ട് ,മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കുന്ന സ്കൂൾ, ജില്ല തുടങ്ങിയവക്കും ട്രോഫികൾ സമ്മാനിക്കും.
അത് ലറ്റിക്സ്, അക്വാട്ടിക്സ് മത്സര ഇനങ്ങളിൽ വ്യക്തിഗത ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കുന്ന അണ്ടർ ഫോർട്ടീൻ, സെവ്ന്റീൻ,നയന്റീൻ (ആൺകുട്ടികൾ-പെൺകുട്ടികൾ) മത്സരാർഥികൾക്കും ട്രോഫി സമ്മാനിക്കുന്നു. ഓരോ മത്സര ഇനങ്ങളിലും വിജയികളായി ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കുന്ന കുട്ടികളെ തലപ്പാവ് അണിയിക്കുകയും മെഡലുകൾ സമ്മാനിക്കുകയും ചെയ്യുന്നത് കുട്ടികൾക്ക് കൂടുതൽ ആവേശം പകരുകയും പ്രോത്സാഹനം നൽകുകയും ചെയ്യും.
വൈവിധ്യം കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ മേളയായ ഒളിമ്പിക്സിന്റെ മാതൃകയിൽ സംഘടിപ്പിച്ച കേരള സ്കൂൾ കായികമേള കൊച്ചി’24 ന് സംഘാടനമികവുകൊണ്ടും കുട്ടികളുടെ പങ്കാളിത്തംകൊണ്ടും കായിക രംഗത്ത് ഒരു പുത്തൻ അനുഭവമാണ് കായിക പ്രതിഭകൾക്ക് നൽകിയത്. ദേശീയ, അന്തർദേശീയ തലത്തിൽ കായിക രംഗത്ത് ഒരു പുത്തൻ മാറ്റത്തിന്റെ തുടക്കമാണ് കേരള സ്കൂൾ കായികമേള കൊച്ചി’24.
എറണാകുളം ജില്ലയിലെ 17 വേദികളിൽ അരങ്ങേറുന്ന കേരള സ്കൂൾ കായികമേളക്ക് നവംബർ 11 ന് മഹാരാജാസ് കോളജിൽ തിരശീല വീഴും. മുഖ്യമന്ത്രി പിണറായി വിജയൻ നവംബർ 11 നാലിന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കും. മന്ത്രി കെ.എൻ. ബാലഗോപാൽ അടക്കം മന്ത്രിമാരും ജനപ്രതിനിധികളും വിശിഷ്ട അതിഥികളും സമ്മാനവിതരണം നടത്തും.
ഇന്ത്യൻ മുൻ ഫുട്ബോൾ ക്യാപ്റ്റൻ ഐ.എം. വിജയനും ചലച്ചിത്ര നടൻ വിനായകനും ചടങ്ങിൽ വിശിഷ്ട അതിഥികളായി പങ്കെടുക്കും.സമാപന സമ്മേളനത്തിൽ എറണാകുളം ജില്ലയിലെ വിവിധ സ്‌കൂളുകളിൽ പഠിക്കുന്ന കുട്ടികൾ പങ്കെടുക്കുന്ന കലാവിരുന്ന് സംഘടിപ്പിക്കും. അത് ലറ്റിക് പരേഡും ഉണ്ടായിരിക്കുമെന്നും മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.