പുല്ലാങ്കുഴലുമായി കാശിനാഥും ശ്രുതിപ്പെട്ടിയുമായി സൂര്യനാരായണനും 

'ചങ്ങാതീ, നിനക്കായിതാ എന്‍റെ ശ്രുതിപ്പെട്ടി'; പിന്നെ, പുല്ലാങ്കുഴലിൽ നിന്നൊഴുകിപ്പരന്നത് സൗഹൃദ നാദം

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിലെ വേദി 19 - അയ്യങ്കാളി ഹാള്‍. സ്റ്റേജില്‍ ഹയര്‍ സെക്കൻഡറി വിഭാഗം പുല്ലാങ്കുഴല്‍ മത്സരം പുരോഗമിക്കുമ്പോള്‍ തന്‍റെ ഊഴമെത്തുന്നതും കാത്ത് സദസ്സില്‍ നിറയെ ആശങ്കയുമായി കാശിനാഥ് ഇരിപ്പുണ്ട്. പത്തനംതിട്ട മാര്‍ത്തോമ എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർഥിയാണ് കാശിനാഥ്. കഴിഞ്ഞ വര്‍ഷം കൊല്ലത്ത് നടന്ന സംസ്ഥാന കലോത്സവത്തിൽ പുല്ലാങ്കുഴലിൽ ബി ഗ്രേഡ് കൊണ്ട് മടങ്ങേണ്ടി വന്നതാണ്. ശ്രുതിപ്പെട്ടിയില്ലാതെ മത്സരിച്ചതാണ് കാരണം.

4000ത്തിലധികം രൂപ ചിലവഴിച്ച് ശ്രുതിപ്പെട്ടി വാങ്ങാൻ ദിവസക്കൂലിക്കാരായ മാതാപിതാക്കള്‍ക്ക് കഴിയുമായിരുന്നില്ല. ഇത്തവണയും അതേ വ്യസനത്തോടെയാണ് കാശിനാഥ് തിരുവനന്തപുരത്തേക്ക് വണ്ടികയറിയത്. ക്ലസ്റ്റര്‍ പ്രകാരം റിപ്പോര്‍ട്ട് ചെയ്ത് വേദിയുടെ പിന്നിലെത്തിയപ്പോള്‍ ഒപ്പമുണ്ടായിരുന്ന കണ്ണൂര്‍ തോട്ടട സ്കൂളിലെ സൂര്യനാരായണനെ പരിചയപ്പെട്ടു. കാശിക്ക് ശ്രുതിപ്പെട്ടിയില്ലെന്ന് സംസാരത്തിനിടെ സൂര്യനാരായണന് മനസിലായി. സഹൃദയത്വമാണല്ലോ കലാകാരന്‍റെ മുഖമുദ്ര. എന്‍റെ ശ്രുതിപ്പെട്ടിയെടുത്തോ എന്ന് സൂര്യനാരായണൻ.

സൂര്യനാരായണന്‍ തന്‍റെ മത്സരശേഷം ശ്രുതിപ്പെട്ടി കാശിനാഥന് നല്‍കി. സുഹൃത്ത് സമ്മാനിച്ച ശ്രുതിപ്പെട്ടിയുമായാണ് കാശി മത്സരിച്ചത്. കോവിഡ് കാലത്തുണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറുവാന്‍ പ്രയാസപ്പെടുകയാണ് കാശിയുടെ കുടുംബം. അതിനിടെ അച്ചന്‍കോവില്‍ പോകുന്നവഴിയ്ക്ക് കാശിക്കുണ്ടായ വാഹനാപകടവും കുടുംബത്തെ തളർത്തിയിരുന്നു. കലാപരമായ കഴിവ് കൈവിടേണ്ടല്ലോ എന്ന് കരുതിയാണ് കലോത്സവത്തിനെത്തിയത്. ചാരുകേശി വര്‍ണ്ണത്തിലാണ് കാശിനാഥ് മത്സരിച്ചത്.

Tags:    
News Summary - Kerala State School Kalolsavam 2025 flute competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.