സംഘാടകർക്ക് പണം മാത്രം മതി, മനുഷ്യത്വം എന്നൊന്നില്ലേ ? രൂക്ഷ വിമർശനവുമായി ഹൈകോടതി

കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ ഉണ്ടായ അപകടത്തിൽ കടുത്ത വിമർശനവുമായി ഹൈകോടതി. സംഘാടകർക്ക് പണം മാത്രം മതിയെന്നും മനുഷ്യത്വം എന്നൊന്നില്ലേയെന്നും ഹൈകോടതി ചോദിച്ചു. ഒരാൾക്ക് അപകടം പറ്റിയിട്ട് അരമണിക്കൂറെങ്കിലും പരിപാടി നിർത്തിവെക്കാൻ സംഘാടകർ തയാറായോ എന്നും കോടതി ചോദിച്ചു. നൃത്തപരിപാടിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയായിരുന്നു ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്റെ വിമര്‍ശനം.

നൃത്തപരിപാടിയില്‍ പങ്കെടുത്തവരില്‍ നിന്ന് സംഘാടകര്‍ എന്ത് അടിസ്ഥാനത്തിലാണ് പണം വാങ്ങിയതെന്ന് കോടതി ആരാഞ്ഞു. ഉമ തോമസിന് പരിക്കേറ്റപ്പോള്‍ സംഘാടകര്‍ കാണിച്ചത് ക്രൂരതയാണെന്നും കോടതി വിമര്‍ശിച്ചു. ഒരാൾ വീണ് തലയ്ക്ക് പരിക്കേറ്റു കിടക്കുമ്പോഴും പരിപാടി തുടർന്നു. ഉമ തോമസിനെ ആശുപത്രിയിൽ എത്തിക്കുന്നത് വരെ എങ്കിലും കാത്തിരിക്കാമായിരുന്നുവെന്നും കോടതി വിമര്‍ശിച്ചു. ഇത്രയും ഗൗരവമേറിയ കേസിൽ എങ്ങനെയാണ് പ്രതികൾക്ക് ഇടക്കാല ജാമ്യം ലഭിച്ചതെന്നും കോടതി ചോദിച്ചു. പരിപാടിയുടെ ബ്രോഷര്‍, നോട്ടീസ് തുടങ്ങി എല്ലാ രേഖകളും ഹാജരാക്കാനും കോടതി സംഘാടകര്‍ക്ക് നിര്‍ദേശം നല്‍കി.

പരിപാടിയുടെ സംഘാടകരായ മൃദംഗവിഷന്‍ ഉടമ നിഘോഷ് കുമാര്‍, സി.ഇ.ഒ ഷമീര്‍ അബ്ദുല്‍ റഹീം, നിഘോഷിന്റെ ഭാര്യ സി മിനി എന്നിവര്‍ക്കെതിരെ സാമ്പത്തിക തട്ടിപ്പിനും വിശ്വാസവഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തി പാലാരിവട്ടം പൊലീസ് കേസെടുത്തിരുന്നു. ഈ കേസിലാണ് മൂന്നുപേരും മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചത്. കലൂര്‍ സ്‌റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ ഉണ്ടായ സുരക്ഷാവീഴ്ച മൂലം തൃക്കാക്കര എം.എല്‍.എ ഉമ തോമസിന് സ്‌റ്റേജില്‍നിന്നു വീണ് ഗുരുതര പരുക്കേറ്റിരുന്നു. ഇതിലും സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Tags:    
News Summary - Organizers only need money is there no such thing as humanity High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.