അൻവർ ജയിൽ മോചിതനാകുന്നതിനിടെ അടുത്ത അനുയായിയെ പിടികൂടി പൊലീസ്; ഇ.എ. സുകു അറസ്റ്റിൽ

നിലമ്പൂർ: ഡി.എഫ്.ഒ ഓഫിസ് തകർത്ത കേസിൽ അറസ്റ്റിലായി ജയിലിലടച്ച പി.വി. അൻവർ എം.എൽ.എ മോചതനാകുന്നതിന് പിന്നാലെ അടുത്ത അനുയായിയെ അറസ്റ്റ് ചെയ്ത് നിലമ്പൂർ പൊലീസ്. ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡി.എം.കെ) നേതാവായ ഇ.എ. സുകുവിനെയാണ് ​മഫ്ത്തിയിൽ എത്തിയ പൊലീസ് വഴിക്കടവ് അങ്ങാടിയിൽ വെച്ച് പിടികൂടിയത്.

സി.പി.എം മരുത മുന്‍ ലോക്കല്‍ സെക്രട്ടറിയായ ഇ.എ. സുകു പി.വി. അന്‍വറിന്റെ അടുത്ത അനുയായിയാണ്. വഴിക്കടവ് പഞ്ചായത്ത് മുൻ പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം. അൻവറിനെതി​രെ ചുമത്തിയ നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്.ഒ ഓഫിസ് ആക്രമിച്ചുവെന്ന അതേകേസ് തന്നെയാണ് സുകുവിനെതിരെയും പൊലീസ് രജിസ്റ്റർ ചെയ്തത്. അന്‍വര്‍ എം.എല്‍.എക്ക് ജാമ്യം ലഭിക്കുന്നതിന് തൊട്ടുമുമ്പാണ്‌ സുകുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പി.വി. അന്‍വര്‍ അടക്കം 11 പേരാണ് കേസിലെ പ്രതികള്‍. അതില്‍ എം.എല്‍.എയടക്കം അഞ്ചുപേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. കണ്ടാലറിയാവുന്ന മറ്റുള്ളവരിൽ ഉൾപ്പെടുത്തിയാണ് സുകുവി​നെ പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി.

ശനിയാഴ്ച രാത്രി കരുളായി വനത്തിൽ ആദിവാസി യുവാവ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് അൻവറിന്റെ നേതൃത്വത്തിൽ ഞായറാഴ്ച രാവിലെ 11.30ഓടെ നിലമ്പൂർ നോർത്ത് ഡി.എഫ്.ഒ ഓഫിസിലേക്ക് നടത്തിയ മാർച്ചാണ് അക്രമാസക്തമായത്. മാർച്ച് സംഘർഷത്തിൽ കലാശിക്കുകയും ഡി.എഫ്.ഒ ഓഫിസിന്‍റെ പൂട്ട് തകർത്ത് ഉള്ളിൽ കയറിയ പ്രവർത്തകർ ഫർണിച്ചർ തകർക്കുകയും ചെയ്തിരുന്നു. ശേഷം ആദിവാസി യുവാവിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാനായി സൂക്ഷിച്ച നിലമ്പൂർ ജില്ല ആശുപത്രിയിലേക്കും എം.എൽ.എയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി. ആശുപത്രിക്ക് മുന്നിൽ പൊലീസ് മാർച്ച് തടയുകയും മൂന്ന് ഡി.എം.കെ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു.

ഡി.എഫ്.ഒ ഓഫിസ് ആക്രമിച്ച സംഭവത്തിൽ നടപടി ആവശ‍്യപ്പെട്ട് വനം വകുപ്പ് നിലമ്പൂർ പൊലീസിൽ പരാതി നൽകുകയും ചെയ്തു. അൻവർ എം.എൽ.എ ഉൾപ്പെട്ട 11 പേർക്കെതിരെയാണ് നിലമ്പൂർ പൊലീസ് കേസെടുത്തത്. പൊതുമുതൽ നശിപ്പിക്കൽ, പൊലീസിന്‍റെ കൃത‍്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങി ജാമ‍്യമില്ല വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. തുടർന്ന് ഇന്നലെ രാത്രി 9.45ന് അൻവറിനെ വീടുവളഞ്ഞ് അറസ്റ്റ് ചെയ്തു. രാത്രി 11.30 ഓടെ നിലമ്പൂര്‍ ഫസ്റ്റ്ക്‌ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് തവനൂര്‍ ജയിലിലേക്ക് മാറ്റി. ഇന്ന് അന്‍വറിന് നിലമ്പൂര്‍ കോടതി ജാമ്യം അനുവദിച്ചു. 

Tags:    
News Summary - pv anvar's dmk leader ea suku arrested in dfo office attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.