‘കോയാ നിങ്ങ​ള് അങ്ങോട്ട് കൊണ്ടുപോകണ്ട, ഓരെ ഞമ്മള് ഇങ്ങോട്ട് കൊണ്ടു വരും’; കലോത്സവത്തിലെ വിദ്വേഷ ദൃശ്യത്തിനെതിരെ അബ്ദുറബ്ബ്

കോഴിക്കോട്: 61ാമത് സംസ്ഥാന സ്കൂൾ കലോത്സവം കോഴി​ക്കോട് നഗരത്തിൽ പുരോഗമിക്കുകയാണ്. കലോത്സവത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രധാനവേദിയായ അതിരാണിപ്പാടത്ത് (വിക്രം മൈതാനി) അരങ്ങേറിയ  സ്വാഗത ഗാനത്തിനൊപ്പമുള്ള ദൃശ്യാവിഷ്‌കാരത്തിനെതിരെ വ്യാപക വിമർശനം ആണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്.

തീവ്രവാദിയായി മുസ്‍ലിം വേഷം ധരിച്ച വ്യക്തിയെ കാണിച്ചതിനെതിരെയാണ് ഇപ്പോൾ വിമർശനങ്ങൾ ഉയർന്നിരിക്കുന്നത്. സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിലെ ദൃശ്യാവിഷ്‌കാരത്തിൽ മുസ്‌ലിം വേഷധാരിയായ ആളെ തീവ്രവാദിയെന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ ചിത്രീകരിച്ചതിനെതിരെ മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് രംഗത്തെത്തി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതിഷേധ കുറിപ്പ് പങ്കുവെച്ചത്.

കോഴിക്കോട് മുജാഹിദ് സമ്മേളനത്തിൽ 'മഴു ഓങ്ങി നിൽപ്പുണ്ട് അതിന് ചുവട്ടിലേക്ക് ആരും കഴുത്ത് നീട്ടി കൊടുക്കരുത്' എന്ന് മുഖ്യമന്ത്രി പ്രസംഗിച്ചതിന് പിന്നാലെയാണ് അതേ കോഴിക്കോട് തന്നെ ഇത്തരമൊരു സംഭവമുണ്ടാകുന്നത്. മുഖ്യമന്ത്രി പറഞ്ഞത് കൃത്യമാണ് നിങ്ങൾ അങ്ങോട്ട് പോണ്ടാ, അവരെ ഇങ്ങോട്ട് കൊണ്ടുവരുമെന്നാണ് അദ്ദേഹം ഉദ്ദേശിച്ചതെന്നും അബ്ദുറബ്ബ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

കോഴിക്കോട് മുജാഹിദ് സമ്മേളനത്തിൽ വെച്ച് മുഖ്യമന്ത്രി ഘോര ഘോരം നമ്മെ ഓർമ്മപ്പെടുത്തി 'മഴു ഓങ്ങി നിൽപ്പുണ്ട് അതിന് ചുവട്ടിലേക്ക് ആരും കഴുത്ത് നീട്ടി കൊടുക്കരുത്' കേട്ടപാതി കേൾക്കാത്ത പാതി എല്ലാവരും നിർത്താതെ കയ്യടിച്ചു. രണ്ടു ദിവസം കഴിഞ്ഞില്ല, അതെ, കോഴിക്കോട്; സംസ്ഥാന സ്കൂൾ യുവജനോത്സവമാണ് വേദി, മുഖ്യമന്ത്രിയുടെയും, വിദ്യഭ്യാസമന്ത്രിയുടെയും, പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും സാന്നിധ്യം.

സ്വാഗത ഗാനത്തോടൊപ്പമുള്ള ചിത്രീകരണത്തിൽ തലയിൽകെട്ട് ധരിച്ച ഒരാൾ വരുന്നു. തീർത്തും മുസ്ലിം വേഷധാരിയായ അയാളെ ഭീകരവാദിയെന്നു തോന്നിപ്പിക്കും വിധമാണ് ചിത്രീകരണം. ഒടുവിൽ പട്ടാളക്കാർ വന്നു അയാളെ കീഴ്പ്പെടുത്തുന്നതാണ് രംഗം. ഇളം തലമുറകളുടെ മനസ്സിലേക്ക് പോലും ഇസ്ലാം ഭീതി സൃഷ്ടിക്കുന്ന ഈ ചിത്രീകരണം നടക്കുമ്പോൾ സംഘാടകരോട് തിരിഞ്ഞു നിന്നു ചോദിക്കാൻ ആരുമുണ്ടായില്ല. ഓങ്ങി നിൽക്കുന്ന മഴുവിന് ചുവട്ടിലേക്ക് ആരും കഴുത്ത് നീട്ടിക്കൊടുക്കണ്ട! മുഖ്യമന്ത്രി പറഞ്ഞതെത്ര കൃത്യം. 'അതായത് കോയാ...നിങ്ങൾ അങ്ങോട്ട് പോണ്ടാ, ഓരെ ഞമ്മള് ഇങ്ങോട്ട് കൊണ്ടു വരും, എന്താല്ലേ! അതേസമയം, സ്വാഗത ഗാനത്തിലെ ദൃശ്യ വിസ്മയത്തിനെതിരെ പ്രതിഷേധം സമൂഹമാധ്യമങ്ങളിൽ വ്യാപകമായിരിക്കുകയാണ്. കലോത്സവത്തിലെ ഏറ്റവും ആകർഷകമായ ആസ്വാദനങ്ങളിൽ ഒന്നാണ് സ്വാഗത ഗാനം.

ഏത് ജില്ലയിലാണോ കലോത്സവം അരങ്ങേറുന്നത്. ആ ജില്ലയിലെ സംഗീത അധ്യാപകരായിരിക്കും സ്വാഗത ഗാനം ആലപിക്കുക. കവി പി.കെ ഗോപി ആയിരുന്നു ഇത്തവണ കലോത്സവത്തിനുള്ള സ്വാഗത ഗാനം തയ്യാറാക്കിയത്. കെ. സുരേന്ദ്രൻ സംഗീത സംവിധാനം നിർവഹിച്ച ഗാനത്തിന് മാതാ പേരാമ്പ്രയാണ് ദൃശ്യാവിഷ്കാരം ഒരുക്കിയത്. ഈ ദൃശ്യത്തിന് എതിരെയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി വിമർശനം ഉയർന്നിരിക്കുന്നത്. മത സൗഹാർദവും മാനുഷികതയും ഒക്കെ ഊന്നിപ്പറയുന്നതാണ് സ്വാഗതഗാനം. കോഴിക്കോടിന്റെ മഹിതമായ പാരമ്പര്യവും ഗാനത്തിൽ ഇഴ ചേർത്തിട്ടുണ്ട്. ഇതിനൊപ്പം ഒരുക്കിയ ദൃശ്യാവിഷ്‍കാരത്തിനെതിരെയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ അടക്കം വിമർശനം ഉയർന്നിരിക്കുന്നത്. ഇന്ത്യൻ സുരക്ഷസേന പിടികൂടുന്ന തീവ്രവാദി ഒരു പ്രത്യേക സമുദായത്തിൽ പെട്ടതാണെന്ന് ധ്വനിപ്പിക്കുന്ന രീതിയിലാണ് ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത് എന്നാണ് വിമർശനം. എന്നാൽ, ദൃശ്യങ്ങൾ മനഃപൂർവം സൃഷ്ടിച്ചതല്ലെന്നും ഉന്നത വിദ്യാഭ്യാസ ഉദ്യോഗസ്ഥരുടെ അടക്കം മുന്നിൽ പ്രദർശിപ്പിച്ച ശേഷമാണ് സ്റ്റേജിൽ അവതരിപ്പിച്ചതെന്നും കലോത്സവം റിസപ്ഷൻ കമ്മിറ്റി ഭാരവാഹി ടി. ഭാരതി ടീച്ചർ ‘മാധ്യമം’ ഓൺലൈനോട് പറഞ്ഞു. അങ്ങനെയൊന്നും ചിന്തിച്ച് ചെയ്തതല്ലെന്നും ക്യാപ്ടൻ വിക്രം കാർഗിൽ യുദ്ധത്തിൽ കൊല്ലപ്പെട്ടതിന്റെ ദൃശ്യവിഷ്‍കാരമാണ് ഉദ്ദേശിച്ചതെന്നും ദൃശ്യ സംവിധാനം ഒരുക്കിയ മാതാ പേ​രാമ്പ്രയുടെ ഡയറക്ടർ കനകദാസ് ‘മാധ്യമം ഓൺലൈനോട്’ പറഞ്ഞു. സ്വതന്ത്രമായ ഒരു സംഘടനയാണ് മാതാ എന്നും മുൻവിചാരത്തോടെ ചെയ്തതല്ല ദൃശ്യാവിഷ്‍കാരമെന്നും കനകദാസ് പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന കുറിപ്പുകളിൽ ഒന്ന് ഇങ്ങനെയാണ്:

ഇതാണ് കാലം, ഒട്ടും ശരിയല്ലാത്തൊരു കാലം! . ഇന്ന് സംസ്ഥാന യുവജനോത്സവം കോഴിക്കോട് ആരംഭിച്ചു. ഉത്ഘാടനച്ചടങ്ങിലെ പാട്ടും അതിനോടൊപ്പമുള്ള ചില രംഗങ്ങളും കാണുകയുണ്ടായി. സംഗീത ശില്പമാണ്. സാഹോദര്യം, മതമൈത്രി ഇതൊക്കെയാണ് ലക്ഷ്യം എന്നത് വ്യക്തമാണ് ആലാപനത്തിൽ. രംഗങ്ങളിൽ പക്ഷെ, ഇന്ത്യൻ ആർമി പിടികൂടുന്നത് മുസ്ലിം വേഷധാരിയായ ഒരു ഭീകരനെയാണ്. തീവ്രവാദികൾ എന്നാൽ മുസ്ലിംകൾ തന്നെ എന്നത് വളരെ നിഷ്കളങ്കമായ ഒരു പൊതുബോധമാണ്. മുസ്ലിം എന്നാൽ തീവ്രവാദി എന്നതും.

എന്നിരിക്കെ, കേരളത്തിൽ ഒട്ടുമിക്ക കുട്ടികളും കാണുമെന്നുറപ്പുള്ള ഇടത്ത് ഒരു കലാരൂപം പ്രദർശിപ്പിക്കുമ്പോൾ അത് തയാറാക്കുന്നവർ അല്പം ജാഗ്രത കാണിക്കണ്ടേ? മതസൗഹാർദ്ദവും മൈത്രിയും ദേശസ്നേഹവും കാണിക്കാൻ ഇത്തരമൊരു പ്ലോട്ടല്ലാതെ മറ്റൊന്നും കിട്ടില്ലേ? ഒരു വിഭാഗത്തെയും അക്രമകാരികളായി ചിത്രീകരിക്കാതെയല്ലേ ഇത്തരം ദൃശ്യങ്ങൾ/ചിന്തകൾ കുട്ടികളിലേക്ക് എത്തിക്കേണ്ടത്? ഇത് കണ്ട് മിക്ക കുട്ടികളും കൈയടിക്കുമ്പോൾ തല കുനിച്ചിരിക്കേണ്ടിവരുന്ന മുസ്ലിം കുട്ടികൾ ഉണ്ടാവില്ലേ? മതത്തിന്റെ പേരിൽ എങ്ങുനിന്നെന്നില്ലാതെ കുട്ടികളിൽ പരസ്പരവിദ്വേഷം വന്നുകൊണ്ടിരിക്കുന്നുണ്ട്.

അതിന് പുറമെ ഇനി സർക്കാർ സംഘടിപ്പിക്കുന്ന ഒരു പ്രോഗ്രാമിലൂടെ വിദ്വേഷത്തിന്റെ അളവ് കൂട്ടിക്കൊടുക്കേണ്ടതില്ലെന്ന് തോന്നുന്നു.

Tags:    
News Summary - kerala state school kalolsavam kohikkode welcome song

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.