കേരളത്തിൽ അവർ വെറും സ്ഥാാനാർഥികളായിരിക്കാം. എന്നാൽ, ഇതര സംസ്ഥാങ്ങളിലെത്തുമ്പോൾ പദവികൾ മാറിമറിയും; താരപപ്രചാരകരും ചില മണ്ഡലങ്ങളുടെ തെരഞ്ഞെടുപ്പ് ചുമതലയുള്ളവരുമൊക്കെയായി ഭാരിച്ച ഉത്തരവാദിത്തങ്ങളിലേക്ക് കടക്കുകയാണവർ. സംസ്ഥാനത്ത് മത്സര രംഗത്തുണ്ടായിരുന്ന പലരുമിപ്പോൾ മറ്റു സംസ്ഥാനങ്ങളിൽ പ്രചാരണത്തിൽ സജീവമാണ്.
വയനാട്ടിലെ ‘ദേശീയ’പോരിനുശേഷം റായ്ബറേലിയിൽ മത്സരിക്കുന്ന രാഹുൽ കുറച്ചുദിവസം മാത്രമാണ് അവിടെ ചെലവഴിക്കുക. ഞായറാഴ്ച രാഹുൽ ഗാന്ധി തെലങ്കാനയിലും തിങ്കളാഴ്ച മധ്യപ്രദേശിലും പ്രചാരണത്തിനെത്തും. തുടർന്ന് മറ്റിടങ്ങളിലും പ്രചാരണത്തിന് പോകും. രാഹുലിനെതിരെ ഇവിടെ മത്സരിച്ച സി.പി.ഐ നേതാവ് ആനി രാജക്ക് ഛത്തിസ്ഗഢ്, ഹിമാചൽ, കശ്മീർ എന്നിവിടങ്ങളിലെ പ്രചാരണ ചുമതലയുണ്ട്. ഈ സംസ്ഥാനങ്ങളിൽ രാഹുലും ആനിയുമെല്ലാം ഒരു മുന്നണിയാണെന്നതും ശ്രദ്ധേയം. മണിപ്പൂർ കലാപ വാർഷികദിനത്തോടനുബന്ധിച്ച ഡൽഹിയിലെ പരിപാടികളിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ആനി രാജ.
യു.ഡി.എഫ് സ്ഥാനാർഥി ശശി തരൂർ കേരളത്തിലെ വോട്ടെടുപ്പ് ദിനത്തിന് തൊട്ടു പിന്നാലെ ഡൽഹിയിലേക്ക് തിരിച്ചു. മേയ് ഏഴിന് തെരഞ്ഞെടുപ്പ് നടക്കുന്ന ബിഹാർ, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിലടക്കം പ്രചാരണ യോഗങ്ങളുണ്ടായിരുന്നു. വെള്ളിയാഴ്ച തെലങ്കാനയിലായിരുന്നു തരൂർ. ശനിയാഴ്ച ഡൽഹിയിലേക്ക് മടങ്ങിയെത്തി. എൻ.ഡി.എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന് മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് ചുമതലയുണ്ട്. സ്വന്തം തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞയുടൻ അദ്ദേഹം ഡൽഹിയിലേക്ക് പോയി. അവിടെനിന്ന് മഹാരാഷ്ട്രയിലേക്കും.
മാവേലിക്കര യു.ഡി.എഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷ് തെലങ്കാനയിലേക്കും ആലപ്പുഴ യു.ഡി.എഫ് സ്ഥാനാർഥി കെ.സി. വേണുഗോപാൽ ഡൽഹിയിലേക്കും തിരിച്ചു. തെരഞ്ഞെടുപ്പ് അവലോകനത്തിനായി ശനിയാഴ്ച തിരുവനന്തപുരത്ത് ചേർന്ന കെ.പി.സി.സി നേതൃയോഗത്തിൽ പങ്കെടുത്ത ഇരുവരും ഞായറാഴ്ച വീണ്ടും പോകും. തെരഞ്ഞെടുപ്പിന് പിന്നാലെ ഡൽഹിയിലേക്ക് പോയ കെ.സി. വേണുഗോപാലിന് എ.ഐ.സി.സിയുടെ തെരഞ്ഞെടുപ്പ് ചുമതലയാണുള്ളത്. ജനറൽ സെക്രട്ടറി എന്ന നിലയിൽ വിവിധ സംസ്ഥാനങ്ങളിലെ വിവിധ പാർട്ടികളുമായുള്ള ഏകോപനവും വിലയിരുത്തലുകളും നടത്തി ഡൽഹി കേന്ദ്രീകരിച്ചാണ് പ്രവർത്തനം. തെലങ്കാന മേധക് ലോക്സഭ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി നീലം മധു മുതിരാജിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ എ.ഐ.സി.സിയുടെ പ്രത്യേക തെരഞ്ഞെടുപ്പ് നിരീക്ഷകനായാണ് കൊടിക്കുന്നിലിന്റെ പ്രവർത്തനം. മേയ് 10 വരെ മേധക് മണ്ഡലത്തിലുണ്ടാകും.
എറണാകുളം പാർലമെന്റ് മണ്ഡലത്തിലെ ചൂടേറിയ പ്രചാരണത്തിന്റെ ക്ഷീണം വിട്ടുമാറും മുമ്പേ യു.ഡി.എഫ് സ്ഥാനാർഥി ഹൈബി ഈഡൻ തെലങ്കാനയിലെത്തി. അവിടെ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളും വിജയതന്ത്രങ്ങളും ആസൂത്രണം ചെയ്യുന്ന തിരക്കിലാണിപ്പോൾ. ഹൈദരാബാദിനോട് ചേർന്ന് കിടക്കുന്ന ചേവല്ല മണ്ഡലത്തിന്റെ ചുമതലയാണ് ഹൈബിക്ക്. എ.ഐ.സി.സി നിരീക്ഷകനായി ചൊവ്വാഴ്ച അവിടെ എത്തിയ ഹൈബി, ഒരാഴ്ച മണ്ഡലത്തിലുണ്ടാകും. ചേവല്ലയിൽ നല്ല മത്സരമാണ് കോൺഗ്രസ് കാഴ്ചവെക്കുന്നതെന്ന് ഹൈബി പറഞ്ഞു.
കോൺഗ്രസിലേക്ക് വന്ന ടി.ആർ.എസിന്റെ സിറ്റിങ് എം.പി ഡോ. രജിത് റെഡ്ഡിയെ ആണ് പാർട്ടി കളത്തിലിറക്കിയിട്ടുള്ളത്. ബി.ജെ.പിയുടെ വിശ്വേശ്വര റെഡ്ഡിയാണ് എതിരാളി. മണ്ഡലത്തിലുടനീളം ന്യൂനപക്ഷങ്ങൾക്കിടയിൽ മോദി സർക്കാരിനെതിരായ വികാരം ശക്തമാണ്. ആകെയുള്ള 17 സീറ്റിൽ കഴിഞ്ഞ തവണ മൂന്നിടത്തായിരുന്നു കോൺഗ്രസിന് വിജയം. ഇത്തവണ ഒമ്പതിടത്ത് വിജയം ഉറപ്പാണെന്നും കടുത്ത മത്സരം നടക്കുന്ന മൂന്നിടത്ത് കോൺഗ്രസിന് പ്രതീക്ഷയുണ്ടെന്നും ഹൈബി ‘മാധ്യമ’ത്തോട് പറഞ്ഞു. വടകരയിലെ യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിലും അടുത്തയാഴ്ച തെലങ്കാനയിലെത്തും. അദിലാബാദ് മണ്ഡലത്തിൽ പ്രത്യേക നിരീക്ഷകനായാണ് ഷാഫിയുടെ ചുമതല. വയനാട്ടിൽ ബി.ജെ.പി സ്ഥാനാർഥിയായ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ആദ്യം മഹാരാഷ്ട്രയിലേക്കാണ് പ്രചാരണത്തിനായി പോകുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.