തിരുവനന്തപുരം: വ്യാപക പരാതി ഉയർന്നതോടെ കേരള സർവകലാശാല കലോത്സവം നിർത്തിവെച്ചു. വൈസ് ചാൻസലറുടെ നിർദേശത്തെ തുടർന്നാണ് നടപടി. ഇതോടെ ഇനി മത്സരങ്ങൾ നടത്തുകയോ ഫലപ്രഖ്യാപനങ്ങളോ സമാപന സമ്മേളനമോ ഉണ്ടാകില്ല. ലഭിച്ച മുഴുവൻ പരാതികളും പരിശോധിക്കാനാണ് തീരുമാനം.
അതേസമയം, കലോത്സവം നിർത്തിവെച്ചതിനെ സ്വാഗതം ചെയ്യുന്നതായി കെ.എസ്.യു അറിയിച്ചു. വിദ്യാർഥികളുടെ പരാതിയിൽ അടിയന്തര നടപടി വേണമെന്നും പരാതികൾ പരിഹരിച്ച് കലോത്സവം പുനരാരംഭിക്കണമെന്നും കെ.എസ്.യു ആവശ്യപ്പെട്ടു.
കലോത്സവം ആരംഭിച്ച ദിവസം മുതൽ പരാതികൾ ഉയർന്നിരുന്നു. വിധികര്‍ത്താക്കള്‍ കോഴ വാങ്ങിയെന്ന് കേരള യൂനിവേഴ്സിറ്റി ചെയര്‍മാൻ നല്‍കിയ പരാതിയിൽ മൂന്ന് വിധികര്‍ത്താക്കള്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. അപ്പീല്‍ കമ്മിറ്റി യോഗത്തിനുശേഷം ഷാജി, സിബിൻ, ജോമെറ്റ് എന്നീ വിധികര്‍ത്താക്കളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കൈക്കൂലി വാങ്ങി ചിലര്‍ക്ക് അനുകൂലമായി വിധിനിര്‍ണയം നടത്തിയെന്ന പ്രതിഷേധത്തെതുടര്‍ന്ന് കഴിഞ്ഞ ദിവസം കലോത്സവം താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയും പിന്നീട് പുനരാരംഭിക്കുകയും ചെയ്തിരുന്നു. വിധികർത്താക്കളെയും വിദ്യാർഥികളെയും ഭീഷണിപ്പെടുത്തുന്നതായി ചൂണ്ടിക്കാട്ടി മാർ ഇവാനിയോസ് കോളജ് പ്രിൻസിപ്പൽ ചാൻസലറായ ഗവർണർക്ക് പരാതി നൽകിയിരുന്നു.
മാത്രമല്ല, എസ്.എഫ്.ഐ ആക്രമിച്ചെന്ന് ചൂണ്ടിക്കാട്ടി കെ.എസ്.യു പ്രവർത്തകർ മത്സരവേദിയിൽ പ്രതിഷേധിച്ചിരുന്നു. സംഭവത്തിൽ 16 എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.