തിരുവനന്തപുരം: കേരള സർവകലാശാല യുവജനോത്സവ മത്സരങ്ങളിൽ വിധി നിർണയത്തെ ചൊല്ലി എസ്.എഫ്.ഐയിലുണ്ടായ ചേരിതിരിവിനെയും ഏറ്റുമുട്ടലിനെയും തുടർന്ന് തടഞ്ഞുവെച്ച മത്സരവിജയികളുടെ പട്ടിക പ്രസിദ്ധീകരിക്കാൻ നീക്കം.
ഒരേ ഗ്രൂപ് മത്സരങ്ങളിൽ പങ്കെടുത്ത നാല് കോളജ് ടീമുകൾക്ക് ഒന്നും രണ്ടു മൂന്നും സ്ഥാനങ്ങൾക്ക് അർഹരായതായി കാണിച്ച് ഗ്രേസ് മാർക്ക് നൽകാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ആരോപണമുയർന്നു. കാലാവധി കഴിഞ്ഞ സർവകലാശാല യൂനിയനാണ് യുവജനോത്സവം സംഘടിപ്പിച്ചതെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു.
വിധി നിർണയത്തിലെ തർക്കത്തെ തുടർന്ന് കാസർകോടുകാരനായ വിധികർത്താവ് ഷാജി പൂത്തോട്ട ആത്മഹത്യ ചെയ്തത് വാർത്തയായിരുന്നു. ഷാജി അടക്കമുള്ള മൂന്നുപേരെ യൂനിയൻ ഭാരവാഹികൾ മർദിച്ചതായി ആരോപണമുയർന്നിരുന്നു. തുടർന്ന് വൈസ് ചാൻസലർ ഇടപെട്ട് ഫലപ്രഖ്യാപനം തടഞ്ഞു.
യുവജനോത്സവ നടത്തിപ്പിലെ വീഴ്ചകൾ പരിശോധിക്കാൻ സിൻഡിക്കേറ്റ് ഉപസമിതിയും രൂപവത്കരിച്ചിരുന്നു. സമിതി ഇതുവരെ റിപ്പോർട്ട് നൽകിയിട്ടില്ല. യൂനിയൻ കാലാവധി നീട്ടാൻ വിസ്സമ്മതിച്ച വി.സി യൂനിയന്റെ ചുമതല സ്റ്റുഡന്റ്സ് സർവിസ് ഡയറക്ടർക്ക് കൈമാറിയിരുന്നു. അദ്ദേഹമാണ് ഇപ്പോൾ പുതിയ വിധി നിർണയ പട്ടിക തയാറാക്കിയത്.
യുവജനോത്സവ മത്സരവിജയികളുടെ പേരുകൾ പ്രസിദ്ധീകരിക്കാൻ വൈകിയാൽ ഈ മാസം അവസാനം പ്രസിദ്ധീകരിക്കേണ്ട ബിരുദ പരീക്ഷകളുടെ മാർക്ക് ലിസ്റ്റിൽ ലഭിക്കേണ്ട ഗ്രേസ് മാർക്കുകൾ ഉൾപ്പെടുത്താനാവില്ല. ഗ്രൂപ് മത്സരങ്ങളിൽ കൂടുതൽ പേർ ഒന്നാംസ്ഥാനം നേടിയതായി പ്രഖ്യാപിച്ചാണ് പുതിയ ഗ്രേസ് മാർക്ക് തട്ടിപ്പ് നടത്തുന്നത്.
ഒരു ഗ്രൂപ് ഇനത്തിൽ ഉൾപ്പെടുന്ന 10-12 പേർക്ക് ഓരോ പേപ്പറിനും ആറ് ശതമാനം മാർക്ക് അധികമായി ലഭിക്കും. അതുകൊണ്ട് ഗ്രൂപ് മത്സരങ്ങളിലാണ് കൂടുതൽ പേർക്കും ഒന്നാംസ്ഥാനവും രണ്ടാംസ്ഥാനവും നൽകിയിരിക്കുന്നത്.
ഗ്രൂപ് മത്സരവിധികളിൽ തിരിമറി നടന്നതായി ആക്ഷേപമുള്ളതിനാൽ ഈ ഇനങ്ങളിൽ ഗ്രേസ് മാർക്ക് നൽകുന്നത് തടയണമെന്നും വിധി നിർണയ പട്ടിക തയാറാക്കിയവർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി വൈസ് ചാൻസർക്ക് നിവേദനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.