കണ്ണൂർ: തെറ്റ് ചെയ്യില്ലെന്ന് അമ്മക്ക് അറിയാമെന്നും പിന്നില്‍ കളിച്ചവരെയെല്ലാം ദൈവം രക്ഷിക്കട്ടെയെന്നും കലോത്സവ കോഴക്കേസിൽ ആരോപണവിധേയനായി ജീവനൊടുക്കിയ വിധികര്‍ത്താവ് കണ്ണൂർ സ്വദേശി ഷാജിയുടെ ആത്മഹത്യാക്കുറിപ്പ്. തിരുവനന്തപുരത്ത് നടന്ന കേരള സര്‍വകലാശാല കലോത്സവവുമായി ബന്ധപ്പെട്ട കോഴക്കേസിൽ ആരോപണവിധേയനായ മാർഗംകളി മത്സര വിധികർത്താവ് താഴെചൊവ്വ റെയിൽവേ സ്റ്റേഷനു സമീപത്തെ സദാനന്ദലയത്തിൽ പൂത്തട്ട ലളിതയുടെ മകൻ ഷാജി പൂത്തട്ടയെയാണ് (51) വീട്ടിനുള്ളില്‍ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്.
നിരപരാധിയാണെന്നും കോഴ വാങ്ങി വിധിനിര്‍ണയം നടത്തിയില്ലെന്നും വീട്ടിൽനിന്ന് കണ്ടെടുത്ത ആത്മഹത്യ കുറിപ്പിലുണ്ട്. സത്യം, സത്യം, സത്യം എന്ന് മൂന്നു തവണ എഴുതിയിട്ടുണ്ട്. കലോത്സവത്തിന്‍റെ വിധിനിര്‍ണയത്തിനായി വിധികര്‍ത്താക്കള്‍ക്ക് നല്‍കുന്ന ജഡ്ജ് റിമാര്‍ക്സ് ഷീറ്റിലാണ് ആത്മഹത്യക്കുറിപ്പ് എഴുതിയിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച ഹാജരാകാൻ തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പൊലീസ് ഷാജിക്ക് നോട്ടീസ് നല്‍കിയിരുന്നു. ഭാര്യ: ഷംന (ധർമടം). സഹോദരങ്ങൾ: അനിൽകുമാർ കാപ്പാട്, പരേതനായ സതീശൻ (അഴീക്കൽ). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് പയ്യാമ്പലത്ത്.
കൈക്കൂലി വാങ്ങി ഫലം അട്ടിമറിച്ചെന്ന ആരോപണത്തെ തുടർന്ന് ഷാജി ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിലായിരുന്നു. ഷാജിക്ക് പുറമേ പരിശീലകനും ഇടനിലക്കാരനുമെന്ന് സംശയിക്കുന്ന കാസർകോട് പരപ്പ സ്വദേശി ജോമെറ്റ് (33), മലപ്പുറം താനൂർ സ്വദേശി സി. സൂരജ് (33) എന്നിവരെയാണ് സംഘാടകരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഷാജിയുടെ ഫോണിലേക്ക് ജോമെറ്റും സൂരജും പല തവണ വിളിക്കുകയും സന്ദേശങ്ങൾ അയക്കുകയും ചെയ്തിരുന്നു. മത്സരശേഷം വിധികർത്താക്കളുടെ അനുമതിയോടെ ഫോണുകൾ പരിശോധിക്കുകയും ജോമെറ്റ്, സൂരജ്, സോനു എന്നിവരെ യൂണിവേഴ്സിറ്റി കോളജിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നതായും സംഘാടകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.