കണ്ണൂർ: ‘എന്നോട് അന്ന് വന്നപാടെ പറഞ്ഞു: അമ്മേ ഞാനൊരു തെറ്റും ചെയ്തിട്ടില്ലാന്ന്. എന്റെ കാല് പിടിച്ച് എന്നെ കെട്ടിപ്പിടിച്ചിട്ട് പൊട്ടിക്കരഞ്ഞിട്ടാ അവൻ പറഞ്ഞത്. അമ്മേ ഞാനൊരു തെറ്റും ചെയ്തിട്ടില്ലാന്ന്... എന്നെയാരോ കുടിക്കിയതാന്ന്... ’ -വാക്കുകൾ മുഴുമിപ്പിക്കാനാവാതെ ആ അമ്മ കരയുകയാണ്. കേരള കലോത്സവത്തിലെ കോഴ ആരോപണത്തിൽ പ്രതി ചേർക്കപ്പെട്ടതിനെ തുടർന്ന് ജീവനൊടുക്കിയ വിധികർത്താവ് ഷാജിയുടെ മാതാവ് ലളിതയാണ് മകന്റെ വേർപാടിൽ ഉള്ളംതകർന്ന് കരയുന്നത്.
‘മൂന്നുദിവസം ഇതുതന്നെയാ മോൻ പറഞ്ഞത്. പണം വാങ്ങിയിട്ടില്ലെന്ന് മകൻ കരഞ്ഞു പറഞ്ഞു. മുഖത്ത് പാടുകളുണ്ടായിരുന്നു. ഞാൻ ചോദിച്ചപ്പോ അടിച്ചിട്ടില്ലാന്നാ പറഞ്ഞത്. മോനെ കുടുക്കിയവർ ആരായാലും നന്നാകൂല. എന്നാലും ഓന് ഇത്രയും മനസ്സിന് കട്ടിയില്ലാതായി പോയാ... കുടുക്കിയതിനെ തരണം ചെയ്തൂടേ.. ഇനി പറഞ്ഞിട്ട് കാര്യമില്ല. ഞമ്മൾ അനുഭവിക്കേണ്ടത് അനുഭവിക്കുക തന്നെ... ഓൻ കോഴ വാങ്ങുന്നതാണെങ്കിൽ ഈ പൊര ഇങ്ങനെയായിരുക്കുമോ മക്കളേ? ഈ പൊരക്ക് എന്തെങ്കിലും മാറ്റം വരൂലേ.. അല്ലെങ്കിൽ വേറെ എടുക്കൂലേ.. ’ -അമ്മ ഗദ്ഗദകണ്ഠയായി പറഞ്ഞു.
‘നയിച്ച പൈസ കൊണ്ടാണ് അവൻ എന്തെങ്കിലും ചെയ്തിരുന്നത്. ഓന്റേൽ പൈസയില്ലെങ്കിൽ പെൻഷൻ കിട്ടിയ പൈസേന്ന് എന്നോട് ചോദിക്കും. എനക്കൊന്നും അറീല്ല മക്കളേ.. എന്തെല്ലാന്ന് ഏതെല്ലാന്ന് എന്നൊന്നും എനിക്കറീല... ’ -അവർ കണ്ണീരടക്കിക്കൊണ്ട് പറഞ്ഞു.
ഷാജിയെ കുടുക്കിയത് അടുത്ത സുഹൃത്തുക്കളാണെന്ന് സഹോദരൻ അനിൽകുമാർ ആരോപിച്ചു. വിവാദങ്ങളിൽ ദുരൂഹതയുണ്ട്. ആരോപണം ഷാജിയെ മാനസികമായി തകർത്തിരുന്നു. തെറ്റ് ചെയ്തിട്ടില്ലെന്ന് ഷാജി പറഞ്ഞിരുന്നുവെന്നും അനിൽകുമാർ പറഞ്ഞു.
കോഴ ആരോപണവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതിയും മാർഗംകളി മത്സരത്തിലെ വിധികർത്താവുമായ കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം സദാനന്ദാലയത്തിൽ ഷാജി പൂത്തട്ടയെ ആണ് ഇന്നലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച വൈകീട്ട് 6.45നാണ് സംഭവം. രാവിലെ മുറിയിൽ കയറിയ ഷാജി വൈകീട്ട് പുറത്തിറങ്ങാത്തതിനെ തുടർന്ന് വീട്ടുകാർ മുറി തുറന്നു നോക്കിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടത്. കേസ് സംബന്ധമായി ഇന്നലെ രാത്രി തിരുവനന്തപുരത്തേക്ക് പോകേണ്ടതായിരുന്നു.
മുറിയിൽനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിരുന്നു. താൻ നിരപരാധിയാണെന്നും ഇതുവരെയും പൈസ വാങ്ങിയിട്ടില്ലെന്നും അർഹതപ്പെട്ടതിന് മാത്രമാണ് മാർക്ക് കൊടുത്തതെന്നും തെറ്റ് ചെയ്യില്ലെന്ന് അമ്മക്ക് അറിയാമെന്നും കുറിപ്പിലുണ്ട്. ഇതിന് പിന്നിൽ കളിച്ചവരെയെല്ലാം ദൈവം രക്ഷിക്കട്ടെയെന്നും കുറിപ്പിൽ പറയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.