തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ കടം ഇതുവരെ അപകടകരമായ സ്ഥിതിയിൽ വന്നിട്ടില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കേന്ദ്രം 6.9 ശതമാനമാണ് കടമെടുത്തിരിക്കുന്നത്. സംസ്ഥാനങ്ങൾക്ക് മൂന്നു ശതമാനമായി നിജപ്പെടുത്തിയിരിക്കെയാണിത്. സംസ്ഥാനത്തിന്‍റെ കടമെടുപ്പ് പരിധിയുടെ കാര്യത്തിൽ കേന്ദ്രാനുമതി ഉടൻ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കേന്ദ്രം നിഷേധാത്മക നിലപാട് തുടർന്നാൽ മറ്റു സംസ്ഥാനങ്ങളുമായി ചേർന്ന് കൂട്ടായ നീക്കം നടത്തും. തെലങ്കാന, ആന്ധ്ര അടക്കമുള്ളവർ ശക്തമായ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. വിഷയത്തിൽ നിയമസഭ വിളിക്കാൻ സംസ്ഥാനം ആലോചിച്ചിട്ടില്ല. ജി.എസ്.ടി കൗൺസിലിലും ശക്തമായ അഭിപ്രായം വരുന്നു. കേന്ദ്രത്തിന് ന്യായമായ തീരുമാനം എടുക്കേണ്ടി വരും. 5000 കോടി കടമെടുക്കാൻ താൽക്കാലിക അനുമതിയാണ് ഇപ്പോൾ നൽകിയത്. കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് അംഗീകരിക്കാനാകാത്ത ചില കാര്യങ്ങൾ കൂടി കേന്ദ്രം പറയുന്നു.
ഭരണഘടനാപരമായി മാത്രമേ കാര്യങ്ങൾ ചെയ്യാനാകൂ. പൊതുമേഖല സ്ഥാപനങ്ങളുടെ കടം സർക്കാറിന്‍റെ കണക്കിൽ വരില്ല. വിലക്കയറ്റം ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണെന്ന് പുതിയ കണക്കുകൾ വന്നിട്ടുണ്ട്. നിയന്ത്രണമില്ലാതെ കടം വാങ്ങിയിരുന്നെങ്കിൽ ഇതുണ്ടാകുമായിരുന്നില്ല. പദ്ധതി ചെലവ് മികച്ച രീതിയിൽ നടന്ന വർഷമാണ് കഴിഞ്ഞത്. ഏപ്രിൽ, മേയ്, ജൂൺ ശമ്പള വിതരണത്തിന് പ്രയാസമില്ല. സിൽവർ ലൈൻ പദ്ധതി നടപ്പാക്കുന്നതിന് പ്രയാസമില്ലെന്നും മന്ത്രി പറഞ്ഞു.
പിരിച്ച നികുതി സർക്കാറിൽ അടയ്ക്കാത്തതിൽ കർശന നടപടിയെടുക്കും. ചില വ്യാപാരികൾ ശേഖരിച്ച നികുതി സർക്കാറിലേക്ക് അടക്കുന്നില്ല. നികുതിപ്പണം കൈവശം വെക്കാൻ ആർക്കും അവകാശമില്ല. ജി.എസ്.ടി. പരിധിയിൽ വരാത്ത വ്യാപാരികളാണെങ്കിലും നികുതി പിരിച്ചാൽ അത് സർക്കാറിൽ അടക്കണം. ചരക്ക് സേവന നികുതി വകുപ്പിന്‍റെ പുതിയ ലോഗോയും ടാഗ്ലൈനും മന്ത്രി പുറത്തിറക്കി. ബിൽ വാങ്ങിയില്ലെങ്കിൽ വില കുറച്ചു തരാമെന്ന ചിലരുടെ നിലപാട് ശരിയല്ലെന്നും മന്ത്രി പറഞ്ഞു. വകുപ്പു തലത്തിൽതന്നെ നികുതിയും കുടിശ്ശികയും നികുതി നഷ്ടവും വിലയിരുത്തും. 1000 കോടി വിറ്റുവരവുള്ള ചിലർ 300 കോടിയുടെ ജി.എസ്.ടി മാത്രമേ അടക്കുന്നുള്ളൂ. ഇത്തരം വിഷയങ്ങളിൽ ശാസ്ത്രീയ പരിശോധനയും നടപടിയും വരും.
കേന്ദ്രത്തിൽനിന്ന് കഴിഞ്ഞ വർഷത്തെ 4100 കോടിയുടെ ജി.എസ്.ടി നഷ്ട പരിഹാരമാണ് കിട്ടാനുള്ളത്. ജൂൺ വരെ 5000 കോടിയും വരും. ജൂൺ കഴിഞ്ഞാൽ നഷ്ട പരിഹാരമില്ല. ജൂൺ ആകുമ്പോൾ ജി.എസ്.ടി വളർച്ച 14 ശതമാനത്തിലേക്ക് എത്തില്ലെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.