വൈദ്യശാസ്ത്ര ലോകത്തിന് കേരളം നൽകിയ മഹത്തായ സംഭാവനയാണ് ഡോ. എം.എസ് വല്യത്താൻ - മുഖ്യമന്ത്രി

തിരുവനന്തപുരം: വൈദ്യശാസ്ത്ര ലോകത്തിന് കേരളം നൽകിയ മഹത്തായ സംഭാവനയാണ് ഡോ. എം എസ് വല്യത്താനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന കുറിപ്പിൽ പറഞ്ഞു.

പരമ്പരാഗതവും ആധുനികവുമായ വൈദ്യശാസ്ത്ര ചികിത്സാ സമ്പ്രദായങ്ങളെ സമന്വയിപ്പിച്ച് മുന്നോട്ടുപോയ ജനകീയ ഭിഷഗ്വരനായിരുന്നു അദ്ദേഹം. ആധുനിക വൈദ്യശാസ്ത്രത്തിൽ അവഗാഹം ഉണ്ടായിരിക്കെത്തന്നെ ആയുർവേദ വൈദ്യശാസ്ത്രം പഠിക്കാനും അതിൽകൂടി ഗവേഷണം നടത്താനും ഡോ. എം.എസ് വല്യത്താൻ നടത്തിയ ശ്രമങ്ങൾ സമൂഹത്തിൻ്റെ പൊതുവായ ആരോഗ്യ പരിരക്ഷാരംഗത്തിന്റെ സാധ്യതകളെല്ലാം വിനിയോഗിക്കേണ്ടതുണ്ട് എന്ന നിശ്ചയത്തിന്റെ അടിസ്ഥാനത്തിലുള്ളതായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

നേതൃപദവിയിൽ ഇരുന്ന് ശ്രീചിത്തിര തിരുനാൾ ആശുപത്രിയെ ഉത്തരോത്തരം വളർത്തിയ വ്യക്തിയായിരുന്നു. ഹൃദയ സംബന്ധമായ ചികിത്സയ്ക്കാവശ്യമായ നൂതന സാങ്കേതികവിദ്യകളും ഉപകരണങ്ങളും വികസിപ്പിച്ചു. ഡിസ്പോസിബിൾ ബ്ലഡ് ബാഗ്, തദ്ദേശീയമായി കുറഞ്ഞ ചെലവിൽ ഹൃദയവാൾവ് എന്നിവ വികസിപ്പിക്കുന്നതിലും അദ്ദേഹത്തിന് നേതൃപരമായ പങ്കുണ്ടായിരുന്നു.

ലഗസി ഓഫ് ചരക, ലഗസി ഓഫ് സുശ്രുത, ലഗസി ഓഫ് വാഗ്ഭട എന്നിങ്ങനെ വിശിഷ്ടങ്ങളായ മൂന്നു കൃതികൾ ആയുർവേദ ശാസ്ത്രവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിൻ്റേതായുണ്ട്. ആയുർവേദത്തിന്റെ സാധ്യതകൾ സാധാരണക്കാർക്ക് മനസ്സിലാകണം എന്ന ഉദ്ദേശ്യത്തോടെ എഴുതപ്പെട്ടതാണ് ഈ കൃതികൾ.

പത്മഭൂഷൺ, പത്മശ്രീ തുടങ്ങിയവ മുതൽ അമേരിക്കയിൽ നിന്നും ഫ്രാൻസിൽ നിന്നുമടക്കമുള്ള അംഗീകാരങ്ങൾ വരെ അദ്ദേഹത്തെ തേടിയെത്തി.

മണിപ്പാലിലടക്കം അദ്ദേഹം നടത്തിയ സേവനങ്ങൾ ശ്രദ്ധേയമായിരുന്നുവെന്ന് മുഖ്യമന്ത്രി അനുശോചന കുറിപ്പിൽ പറഞ്ഞു.

Tags:    
News Summary - Kerala's great contribution to the medical world is Dr. M. S. Valiathan- Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.