തിരുവനന്തപുരം: സംസ്ഥാനത്തിെൻറ സാമ്പത്തിക വളർച്ച നിരക്ക് കുത്തനെ ഇടിഞ്ഞു. മുൻവർഷത്തെ 6.49 ശതമാനത്തിൽനിന്ന് 3.45 ശതമാനത്തിലേക്കാണ് (2019-20) വളർച്ച കൂപ്പുകുത്തിയത്. ദേശീയ വളർച്ച നിരക്കിനേക്കാൾ കുറവാണിത് (4.2 ശതമാനം).
വ്യവസായ- സേവന മേഖലകളിലും തിരിച്ചടിയുണ്ടായി. ഒാഖി ചുഴലിക്കാറ്റ്, പ്രളയം, കോവിഡ് എന്നിവയാണു തകർച്ചക്ക് കാരണമെന്ന് ആസൂത്രണ ബോർഡ് തയാറാക്കിയ 2020ലെ സാമ്പത്തികാവലോകനം പറയുന്നു. സംസ്ഥാനത്തിെൻറ പൊതുകടവും പെരുകി. 2.60 ലക്ഷം കോടിയാണ് കടം (2,60,311.37 കോടി). റവന്യൂചെലവിെൻറ 74.70 ശതമാനവും ശമ്പളം, പെൻഷൻ, പലിശ എന്നിവക്കാണ് വേണ്ടിവരുന്നത്. റവന്യൂ വരുമാനത്തിൽ കഴിഞ്ഞ വർഷം 2629.8 കോടി രൂപയുെട കുറവ് വന്നതായും തനതുവരുമാനം കുത്തനെ ഇടിഞ്ഞെന്നും ധനമന്ത്രി ഡോ. തോമസ് െഎസക് നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ട് വ്യക്തമാക്കുന്നു.
പ്രവാസികളുടെ തിരിച്ചുവരവും സംസ്ഥാനത്തിന് ആഘാതമായി. വർഷങ്ങളായി പ്രവാസികൾ മടങ്ങിവരുന്ന പ്രവണതയാണ്. ഗൾഫ് വരുമാനത്തിലെ കുറവും തിരിച്ചടിയായി. കേരള മൈഗ്രേഷൻ സർവേ പ്രകാരം 2018ൽ 12.95 ലക്ഷം പേരാണ് മടങ്ങിയത്.
കാർഷികരംഗം തുടർച്ചയായ രണ്ടാം വർഷവും നെഗറ്റിവ് വളർച്ചയിലാണ്. മൈനസ് 2.38 ൽനിന്ന് മൈനസ് 6.62 ശതമാനമായാണ് താഴ്ന്നത്. കൃഷി വിസ്തൃതി 0.73 ശതമാനവും ഒന്നിൽ കൂടുതൽ കൃഷിയിറക്കിയ ഭൂവിസ്തൃതി 4.92 ശതമാനവും വർധിച്ചെങ്കിലും നേട്ടമുണ്ടായില്ല.
കടം കൂടിയെങ്കിലും കടത്തിെൻറ വളർച്ച മുൻവർഷത്തെ 11.80ൽനിന്ന് 2019-20ൽ 10.47 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ആഭ്യന്തര കടത്തിെൻറ വർധന 9.91 ശതമാനമാണ്. സംസ്ഥാനത്തിെൻറ പ്രതിശീർഷ വരുമാനം 1,63,216 രൂപയായി. മുൻവർഷത്തെക്കാൾ 2.93 ശതമാനം വളർച്ചയാണിത്. തൊഴിലില്ലായ്മ നിരക്ക് 11.4 ൽനിന്ന് ഒമ്പത് ശതമാനമായി കുറഞ്ഞു. പുരുഷന്മാരിൽ അഞ്ച് ശതമാനവും സ്ത്രീകളിൽ 17.1 ശതമാനവും.
കോവിഡും അടച്ചിടലും ചെറുകിട സൂക്ഷ്മ ഇടത്തരം മേഖലയെ പ്രതികൂലമായി ബാധിച്ചു. കോവിഡ് മൂലം കാർഷികോൽപന്നങ്ങൾ, കന്നുകാലി ഉൽപന്നങ്ങൾ, മത്സ്യം എന്നിവയുെട ആഭ്യന്തര വില ഇടിഞ്ഞു. ലോക്ഡൗണും മറ്റും തിരിച്ചടി സൃഷ്ടിച്ചു. നേരത്തേ നല്ല വളർച്ച ഉണ്ടായിരുന്ന നിർമാണ മേഖല 2018-19ലെ 9.96 ശതമാനത്തിൽനിന്ന് 2019-20ൽ 3.7 ശതമാനമായി കുറഞ്ഞു. നോട്ട് നിരോധനം, പ്രളയം അടക്കമുള്ള നിരവധി തിരിച്ചടികൾ കഴിഞ്ഞ നാലു വർഷത്തിനിടെ നേരിടേണ്ടി വന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
കോവിഡ് സൃഷ്ടിച്ച സമ്പൂർണ തകർച്ചയിൽനിന്ന് കേരളത്തെ രക്ഷിച്ചത് സർക്കാർ നടപടികളാണെന്നും സമ്പദ്ഘടന തിരിച്ചുവരവിെൻറ പാതയിലാണെന്നും മന്ത്രി ഐസക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.