കോഴിക്കോട്: 200ഒാളം മോഷണം, കവർന്നത് 1000 പവനിലേറെ, ഭാര്യയുടെ പേരിൽ രണ്ടുകോടിയുടെ രണ്ട് വീട്, വിവിധയിടങ്ങളിൽ സ്ഥലം... പട്ടിക നീളുകയാണ്. െസപ്റ്റംബറിൽ കുന്ദമംഗലം പൊലീസ് അറസ്റ്റുചെയ്ത കണ്ണൂർ ആലക്കോട് സ്വദേശി കൊല്ലപറമ്പിൽ മുഹമ്മദിനാണ് (39) കോടിക്കണക്കിന് രൂപയുടെ ആസ്തിയുണ്ടെന്ന് കണ്ടെത്തിയത്. റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി ഒരു മാസത്തിലധികമായി പൊലീസ് കസ്റ്റഡിയിലായിരുന്നു.
കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 80ലേറെ കേസുകളിലുൾപ്പെട്ട പ്രതി ഇതിനുപുറമെ ഒരുകോടിയിലേറെ രൂപ കവർന്നതായും അന്വേഷണ സംഘം സ്ഥിരീകരിച്ചു. കോഴിക്കോട് നോർത്ത് അസി. കമീഷണർ ഇ.പി. പൃഥ്വിരാജിെൻറ നേതൃത്വത്തിലെ പ്രത്യേക സംഘത്തിെൻറ ചോദ്യം ചെയ്യലിലാണ് ഇത് വ്യക്തമായത്. കുന്ദമംഗലം, ചേവായൂർ, മെഡിക്കൽ കോളജ്, എലത്തൂർ, െകാടുവള്ളി, മുക്കം, അത്തോളി, കൊയിലാണ്ടി, പയ്യോളി, കൊണ്ടോട്ടി, അരീക്കോട്, മഞ്ചേരി, മലപ്പുറം, കരിപ്പൂർ, വേങ്ങര, കോട്ടക്കൽ, തിരൂരങ്ങാടി, മങ്കട എന്നീ സ്റ്റേഷൻ പരിധികളിലെ വീടുകളിലാണ് കവർച്ച നടത്തിയത്. മോഷണ മുതൽ കണ്ണൂർ, കാസർകോട് ജില്ലകളിലെ വിവിധ ജ്വല്ലറികളിൽ വിൽക്കുകയും അവശേഷിച്ചവ പണയം വെക്കുകയുമായിരുന്നു. വിദേശ നിർമിത കാറിൽ മാന്യമായി വസ്ത്രം ധരിച്ച് സ്വർണം വിൽക്കാൻ വരുന്നതിനാൽ ഇയാളെ ജ്വല്ലറിക്കാരാരും സംശയിച്ചിരുന്നില്ല. പണയ സ്വർണം എടുത്ത് വിൽപന നടത്തുന്നുവെന്ന വ്യാജേനയാണ് ഇയാൾ മോഷണ സ്വർണം വിറ്റഴിച്ചത്. വിൽക്കാൻ ബുദ്ധിമുട്ടുള്ള സ്വർണം കണ്ണൂരിലെ തളിപ്പറമ്പ്, ആലക്കോട് മേഖലയിലെ ധനകാര്യസ്ഥാപനങ്ങളിലാണ് പണയം വെച്ചത്.
കവർന്ന സ്വർണത്തിൽ 450 പവനിലേറെ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സ്വർണം വിറ്റുകിട്ടിയ പണമുപയോഗിച്ചാണ് ഭാര്യയുടെ പേരിൽ രണ്ടുകോടിയിൽപരം രൂപ വിലവരുന്ന രണ്ട് വീടുകൾ നിർമിച്ചത്. സ്വന്തം പേരിലും ഭാര്യയുടെ പേരിലും വിവിധയിടങ്ങളിൽ സ്ഥലവും വാങ്ങിയിട്ടുണ്ട്. കണ്ണൂരിൽ 1998ൽ 12 കേസുകളിലും 2008ൽ 27 കേസുകളിലും ഉൾപ്പെട്ട് ജയിൽശിക്ഷ അനുഭവിച്ച ഇയാൾ പുറത്തിറങ്ങിയശേഷം കൃഷിയും മരക്കച്ചവടവുമായി കഴിഞ്ഞു. 2014ൽ കൊയിലാണ്ടി ചെങ്ങോട്ടുകാവിനടുത്തുള്ള വീട്ടിൽ കവർച്ച നടത്തി വീണ്ടും ആരംഭിച്ച മോഷണം െസപ്റ്റംബറിൽ കുന്ദമംഗലത്ത് പിടിയിലാകുന്നതുവരെ തുടർന്നു.
കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപം കാർ നിർത്തി ബസിലും ഒാേട്ടായിലും സഞ്ചരിച്ചാണ് പ്രതി കവർച്ച നടത്തുന്നത്. ഒരേ ആളല്ല മോഷണങ്ങൾക്ക് പിന്നിലെന്ന് വരുത്തിത്തീർക്കാൻ കവർച്ചയിൽ വ്യത്യസ്ത രീതികൾ ഇയാൾ അവലംബിച്ചിരുന്നു. നാട്ടിലെ ദാനധർമ പ്രവർത്തനങ്ങളിലും ഇയാൾ സജീവമായിരുന്നു.
കുന്ദമംഗലം എസ്.െഎ ഇ. രജീഷ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ എം. മുഹമ്മദ് ഷാഫി, എം. സജി, പി. അഖിലേഷ്, നടക്കാവ് എസ്.െഎ വേണുഗോപാൽ, കുന്ദമംഗലം സ്റ്റേഷനിലെ എ.എസ്.െഎ ബാബു, സിവിൽ പൊലീസ് ഒാഫിസർ രജീഷ് എന്നിവരാണ് അന്വേഷണസംഘത്തിലെ അംഗങ്ങൾ.
നിരവധി കേസുകൾക്ക് തുമ്പായി
കോഴിക്കോട്: സിറ്റി പൊലീസിന് 2015 മുതൽ തെളിയിക്കാനാവതെ കിടന്ന നിരവധി കേസുകൾക്കാണ് മുഹമ്മദിെൻറ അറസ്റ്റോെട തുമ്പായത്. 2015ൽ മുക്കം പൊലീസ് പരിധിയിൽ നീലേശ്വരത്ത് നൊട്ടൻതൊടികയിൽ തരീഖത്ത് അലിയുടെ വീട്ടിൽനിന്ന് 80 പവനും, 2016 ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ചേവായൂർ സ്റ്റേഷൻ പരിധിയിലെ ചെലവൂർ പള്ളിത്താഴം തയ്യിൽ ഷൈമ മോഹെൻറ വീട്ടിൽനിന്ന് ഒമ്പതുലക്ഷം രൂപയുടെ സ്വർണവും മലാപ്പറമ്പ് മത്തക്കംവീട്ടിൽ േഡാ. തുളസീധരെൻറ വീട്ടിൽനിന്ന് 15 ലക്ഷം രൂപ വിലവരുന്ന കേസുമായിരുന്നു തുമ്പുകിട്ടാതെ പൊലീസിനെ കുഴക്കിയിരുന്നത്. അന്വേഷണം വഴിതെറ്റിക്കാൻ മോഷ്ടാവ് ഒാരോ സ്ഥലത്തും വ്യത്യസ്ത രീതികൾ സ്വീകരിച്ചിരുന്നു.
നീലേശ്വരത്തെ വീട്ടിൽ കവർച്ചക്ക് രണ്ടുപേരുണ്ടായിരുന്നുവെന്നു വരുത്താൻ രണ്ട് പ്ലേറ്റുകളിൽ ഭക്ഷണം വിളമ്പിക്കഴിച്ച് പ്ലേറ്റ് ഉപേക്ഷിച്ചിരുന്നു.
ചെലവൂരിലെ വീട്ടിൽനിന്ന് മദ്യം രണ്ട് ഗ്ലാസുകളിലാക്കി വാഷ് ബേസിനിൽ ഒഴിച്ചു. മലാപ്പറമ്പിലെ വീട്ടിൽ മോഷ്ടാവ് ഹിന്ദിക്കാരനാണ് എന്ന് വരുത്താൻ ഹാൻസ് വിതറുകയും സ്കെച്ച് പെൻ ഉപയോഗിച്ച് ചുമരിൽ ഹിന്ദിയിൽ എഴുതുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.