കൽപറ്റ: വയനാട്ടിൽ യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിപ്പിക്കാൻ ബി.ജെ.പി പരിഗണിക്കുന്നവരിൽ നടിയും മുൻ ദേശീയ വനിത കമീഷൻ അംഗവുമായ ഖുശ്ബു സുന്ദറുമെന്ന് റിപ്പോർട്ട്. ബി.ജെ.പി അന്തിമപട്ടികയിൽ ഖുശ്ബു ഇടംപിടിച്ചതായാണ് വിവരം.
രാഹുൽ ഗാന്ധി ഒഴിഞ്ഞതോടെയാണ് പ്രിയങ്ക മത്സരിക്കുന്നത്. തൃശൂരിന് സമാനമായി വയനാട്ടിൽ സിനിമാ താരത്തെ മത്സരിപ്പിക്കുന്നതിൽ സംസ്ഥാന ഘടകത്തോട് കേന്ദ്ര നേതൃത്വം അഭിപ്രായം ആരാഞ്ഞതായാണ് പുറത്തുവരുന്ന വിവരം. നാലുവർഷം മുമ്പാണ് ഖുശ്ബു കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നത്. നിലവിൽ ബി.ജെ.പി തമിഴ്നാട് ഘടകത്തിന്റെ ഭാഗമായാണ് ഖുശ്ബു പ്രവർത്തിക്കുന്നത്.
സി.പി.ഐ നേതാവ് സത്യൻ മൊകേരിയെയാണ് എൽ.ഡി.എഫ് കളത്തിലിറക്കുന്നത്. സി.പി.ഐ സംസ്ഥാന കൗൺസിലിലാണ് സത്യൻ മൊകേരിയുടെ സ്ഥാനാർഥിത്വം സംബന്ധിച്ച തീരുമാനം ഉണ്ടായത്. വയനാട് ജില്ല കമ്മിറ്റിയാണ് പേര് ശിപാർശ ചെയ്തത്. സി.പി.ഐ ദേശീയ കൗൺസിൽ അംഗമായ അദ്ദേഹം മൂന്ന് തവണ എം.എൽ.എ ആയിട്ടുണ്ട്. മുമ്പ് സത്യൻ മൊകേരി മത്സരിച്ചപ്പോൾ വയനാട് മണ്ഡലത്തിൽ സി.പി.ഐ മികച്ച പ്രകടനം നടത്തിയിരുന്നു.
ലോക്സഭ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്കെതിരെ ആനി രാജയായിരുന്നു മത്സരിച്ചിരുന്നത്. റായ്ബറേലി, വയനാട് ലോക്സഭ മണ്ഡലങ്ങളിൽ മത്സരിച്ച രാഹുൽ രണ്ടിടത്തും വിജയിച്ചതിനെ തുടർന്ന് വയനാട്ടിൽനിന്ന് രാജിവെച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.