തിരുവനന്തപുരം: കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് ബോര്‍ഡിന്‍െറ (കിഫ്ബി) സഹായത്തോടെ പൊതുമരാമത്ത് വകുപ്പ് നടപ്പാക്കുന്ന 7,000 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിയെന്ന് മന്ത്രി ജി. സുധാകരന്‍.
പൊതുമരാമത്തിന്‍െറ 162 പദ്ധതികള്‍ക്കാണ് അനുമതിയായത്. ഇത് യാഥാര്‍ഥ്യമാകുന്നതോടെ അടിസ്ഥാനസൗകര്യവികസനരംഗത്ത് വന്‍മുന്നേറ്റം സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. കേസരി ജേണലിസ്റ്റ് ട്രസ്റ്റ് സംഘടിപ്പിച്ച ‘മുഖാമുഖം’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 5,000 കോടി ലഭ്യമായാല്‍ കേരളത്തിലെ എല്ലാ റോഡുകളും പുനഃനിര്‍മാണം നടത്താനാകും. നിര്‍മിക്കുന്ന റോഡുകളുടെ ഈട് ഉറപ്പാക്കുന്നതിന് പ്രത്യേക പരിഗണന നല്‍കും. ഇതിനായി രൂപവത്കരിക്കുന്ന മെയിന്‍റനന്‍സ് വിഭാഗം ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റതാക്കാനും അഴിമതിരഹിതമാക്കാനും സാമൂഹിക ഓഡിറ്റിങ് നടപ്പാക്കും. സംസ്ഥാന, ജില്ല, നിയോജകമണ്ഡല തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 155 കമ്മിറ്റികളാകും ഇത് നടത്തുക. സാങ്കേതികരംഗത്തെ വിദഗ്ധരുടെ മേല്‍നോട്ടത്തിലാകും കമ്മിറ്റികള്‍. സ്ഥലംമാറ്റത്തിലും മറ്റും നിലനിന്നിരുന്ന അഴിമതി പൂര്‍ണമായി അവസാനിപ്പിച്ചു. ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള ഒത്തുകളിയും ഇല്ലാതായി.
മൂന്നാര്‍, ആലുവ, ശബരിമല റെസ്റ്റ് ഹൗസുകളിലെ അനധികൃത കൈയേറ്റക്കാരെയും പാട്ടക്കാരെയും ഒഴിപ്പിച്ചു. കുറ്റാലം റെസ്റ്റ് ഹൗസിലെ അനധികൃത ഇടപെടലുകള്‍ അവസാനിപ്പിക്കും. റെസ്റ്റ് ഹൗസുകള്‍ അനുവദിക്കുന്നതിന് വ്യക്തമായ മാര്‍ഗരേഖ കൊണ്ടുവരും. തീരദേശ ഹൈവേ, മലയോര ഹൈവേ, ദേശീയപാതവികസനം എന്നിവ പൂര്‍ത്തിയാകുന്നതോടെ സംസ്ഥാനത്തെ ഗതാഗതപ്രശ്നങ്ങള്‍ പൂര്‍ണമായി പരിഹരിക്കാനാകും. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നിലവിലുള്ള തീരദേശപാതകള്‍ ബന്ധിപ്പിക്കും. വീതികൂട്ടേണ്ടിടത്ത് മാത്രം വീതികൂട്ടും. ജനങ്ങള്‍ ഭൂമി വിട്ടുനല്‍കാന്‍ തയാറല്ളെങ്കില്‍ നിലവിലെ വീതിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കും. ആരെയും നിര്‍ബന്ധിച്ച് ഒഴിപ്പിക്കില്ല.
ജനങ്ങളെ വിശ്വാസത്തിലെടുത്ത് അവര്‍ക്ക് മാന്യമായ നഷ്ടപരിഹാരം ഉറപ്പാക്കിയിട്ടാവും പദ്ധതി പൂര്‍ത്തീകരിക്കുക. ആലപ്പുഴ ജില്ലയില്‍ റോഡ് വികസനം വരുമ്പോള്‍ തന്‍െറ പുരയിടത്തില്‍നിന്നും പത്ത് സെന്‍റ് വിട്ടുനല്‍കേണ്ടിവരും. വികസനത്തിനായി ഭൂമി വിട്ടുനല്‍കുന്നതില്‍ സന്തോഷമേയുള്ളൂവെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.