കഴക്കൂട്ടം: മേനംകുളം കിൻഫ്ര അപ്പാരൽ പാർക്കിലെ മെഡിക്കൽ സർവിസസ് കോർപറേഷന്റെ മരുന്ന് സംഭരണശാലയിലെ തീപിടിത്തത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ കഴക്കൂട്ടം ഇൻസ്പെക്ടർ ജെ.എസ്. പ്രവീൺ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി. കലക്ടർ വിളിച്ച യോഗത്തിൽ പങ്കെടുക്കാൻ പോയതിനാൽ പ്രധാന ജീവനക്കാരുടെ മൊഴി രേഖപ്പെടുത്താൻ കഴിഞ്ഞില്ല.
സംഭവത്തിൽ രണ്ട് കേസുകളാണ് കഴക്കൂട്ടം പൊലീസ് രജിസ്റ്റർ ചെയ്തത്. തീപിടിത്തത്തിനുപുറമെ, ഫയർമാൻ രഞ്ജിത്തിന്റെ അസ്വാഭാവിക മരണത്തിനും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷ ജീവനക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്.
ഫോറൻസിക് പരിശോധന ഫലം വന്നാൽ മാത്രമേ തീപിടിത്തത്തിന്റെ കാരണം വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു. വരുംദിവസങ്ങളിലും പൊലീസ് പരിശോധന നടക്കും. കെട്ടിടത്തിന് പഞ്ചായത്തിന്റെ ലൈസൻസുണ്ടെന്നും കരം അടക്കുന്നുണ്ടെന്നും കഠിനംകുളം പഞ്ചായത്ത് അറിയിച്ചു. എന്നാൽ, ഇത്തരം സാധനങ്ങൾ സൂക്ഷിക്കാനുള്ള എൻ.ഒ.സി കെട്ടിടത്തിനില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.
കെട്ടിടം ശോച്യാവസ്ഥയിലായിരുന്നെന്നും സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചല്ല സാധനങ്ങൾ സൂക്ഷിച്ചിരുന്നതെന്നും സ്ഥലം സന്ദർശിച്ച ഫയർഫോഴ്സ് മേധാവി ബി. സന്ധ്യ പറഞ്ഞിരുന്നു. ഗോഡൗണായി പ്രവർത്തിച്ച കെട്ടിടത്തിൽ തീപിടിത്തമുണ്ടായാൽ അണക്കാനുള്ള സംവിധാനങ്ങളില്ലായിരുന്നു.
ചൊവ്വാഴ്ച പുലർച്ച 1.30നാണ് മരുന്ന് സംഭരണശാലയിൽ വൻ തീപിടിത്തമുണ്ടായത്. തീ അണക്കാൻ ഷട്ടർ പൊളിച്ചുമാറ്റുന്നതിനിടയിലാണ് ചാക്ക അഗ്നിരക്ഷാ സേനയിലെ ഫയർ ഓഫിസർ രഞ്ജിത്ത് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.