കിഴക്കമ്പലം: കഴിഞ്ഞ ക്രിസ്മസ് രാത്രിയിലെ സംഘർഷത്തില്‍ അറസ്റ്റിലായ 174 പേരില്‍ കോടതി ജാമ്യം അനുവദിച്ച 123 തൊഴിലാളികളെ കിറ്റെക്സ് തിരിച്ചെടുക്കുന്നു.
ഇവരെ ജോലിയില്‍ തിരികെ പ്രവേശിപ്പിക്കാന്‍ കമ്പനി തീരുമാനിച്ചതായി മാനേജിങ് ഡയറക്ടർ സാബു എം. ജേക്കബ് അറിയിച്ചു. ജോലിയില്‍ തിരിച്ചെടുക്കാൻ തടസ്സങ്ങളില്ലെന്ന് നിയമോപദേശം ലഭിച്ചിരുന്നു. കഴിഞ്ഞയാഴ്ചയാണ് ഇതുമായി ബന്ധപ്പെട്ട കേസുകളില്‍ പൊലീസ് കോടതിയില്‍ അന്തിമ കുറ്റപത്രം സമര്‍പ്പിച്ചത്. ഇതില്‍ 123 പേര്‍ക്കെതിരെയുള്ളത് ഗുരുതരമല്ലാത്ത വകുപ്പുകളാണ്.
തിരികെ ജോലിയില്‍ പ്രവേശിക്കുന്ന തൊഴിലാളികള്‍ക്ക് ഓരോരുത്തര്‍ക്കും 2000, അവരുടെ കുടുംബങ്ങള്‍ക്ക് 10,000 രൂപ വീതം അടിയന്തര ധനസഹായമായി നല്‍കും. താല്പര്യമുള്ളവര്ക്ക് സൗജന്യ താമസസൗകര്യവും ഭക്ഷണവും കമ്പനിയൊരുക്കും.
2021 ഡിസംബര്‍ 25ന് നടന്ന അക്രമ സംഭവത്തില്‍ നിരപരാധികളായ തൊഴിലാളികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് കമ്പനി നേരത്തേ ആരോപിച്ചിരുന്നു. ഇക്കാര്യം കോടതിക്കുകൂടി ബോധ്യപ്പെട്ട സാഹചര്യത്തിലാണ് 123 തൊഴിലാളികള്‍ക്ക് ജാമ്യം ലഭിച്ചതെന്നും സാബു ജേക്കബ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.