കൊച്ചി: ക്രിസ്മസ് രാത്രിയിൽ കിഴക്കമ്പലം കിറ്റെക്‌സ് കമ്പനിയിൽ ഇതരസംസ്ഥാന തൊഴിലാളികൾ പൊലീസിനെ ആക്രമിച്ച കേസിൽ പത്ത് തൊഴിലാളികൾ കൂടി പിടിയിലായി. വിവിധ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും മൊബൈൽ ദൃശ്യങ്ങളിൽ നിന്നും തിരിച്ചറിഞ്ഞവരാണ് അറസ്റ്റിലായത്.
കസ്റ്റഡിയിലുണ്ടായിരുന്ന 164 പേരുടെ അറസ്റ്റ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. ഇവരെ കോടതിയില്‍ ഹാജരാക്കി ജയിലുകളിലേക്ക് മാറ്റി. മൂവാറ്റുപുഴ, കാക്കനാട്, വിയ്യൂര്‍ ജയിലുകളിലേക്കാണ് മാറ്റിയത്. പൊലീസുകാരെ വധിക്കാന്‍ ശ്രമിച്ചതിന് 51 പേർക്കെതിരെയും പൊതുമുതല്‍ നശിപ്പിച്ചതിന് 113 പേർക്കെതിരെയുമാണ് കേസെടുത്തത്. അസം, ഝാര്‍ഖണ്ഡ്, ഒഡിഷ, പശ്ചിമബംഗാള്‍ തുടങ്ങി പത്തോളം സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ് പ്രതികള്‍.
പെരുമ്പാവൂർ എ.എസ്.പി അനൂജ് പലിവാലിന്‍റെ നേതൃത്വത്തില്‍ രണ്ട് ഇന്‍സ്പക്ടര്‍മാരും ഏഴു സബ് ഇന്‍സ്പക്ടര്‍മാരുടമടങ്ങിയ 19 അംഗസംഘമാണ് കേസ് അന്വേഷിക്കുന്നത്. അതിനിടെ, കിറ്റെക്‌സിലെ തൊഴിലാളി ക്യാമ്പുകളിൽ ഇന്ന് തൊഴിൽ വകുപ്പ് പരിശോധന നടത്തിയേക്കും.
ക്രിസ്മസ് കരോൾ തടഞ്ഞ ഇതര സംസ്ഥാന തൊഴിലാളികളെ അറസ്റ്റ് ചെയ്യാൻ പൊലീസ് എത്തിയെന്ന പ്രചാരണത്തെ തുടർന്നാണ് ഒരു വിഭാഗം തൊഴിലാളികൾ പൊലീസിന് നേരേ അതിക്രമം നടത്തിയതെന്നാണ് നിഗമനം. അറസ്റ്റിലായവരുടെ മൊബൈൽ ഫോൺ ദൃശ്യങ്ങളിലെ സംഭാഷണങ്ങൾ പൊലീസ് വിശദമായി പരിശോധിച്ച് വരികയാണ്. പ്രതികൾ മൊബൈലിൽ നിന്നും നീക്കം ചെയ്ത ദൃശ്യങ്ങൾ പോലീസ് വീണ്ടെടുക്കുന്നുണ്ട്.
പ്രധാന പ്രതികളുടെ ക്രിമിനൽ പശ്ചാത്തലവും കൂടുതൽ വിവരങ്ങളും ലഭ്യമാക്കാനുള്ള ശ്രമവും അന്വേഷണ സംഘം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ ജില്ല ലേബർ ഓഫിസറോട് തൊഴിൽ വകുപ്പ് റിപ്പോർട്ട് തേടിയിരുന്നു. കിറ്റെക്‌സിലെ തൊഴിലാളികളുടെ ലഹരി ഉപയോഗം സംബന്ധിച്ച് പരാതി ഉയർന്ന സാഹചര്യത്തിൽ പ്രതികൾ മദ്യം അല്ലാതെ മറ്റ് ലഹരിവസ്തുക്കൾ ഉപയോഗിച്ചിരുന്നോ എന്ന കാര്യം എക്‌സൈസ് വിഭാഗവും അന്വേഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.