കണ്ണൂർ: ലോക്സഭ തെരഞ്ഞെടുപ്പിനിടെ വിവാദമായ വടകരയിലെ ‘കാഫിർ’ പോസ്റ്റ് പിൻവലിച്ച് സി.പി.എം നേതാവും മുൻ എം.എൽ.എയുമായ കെ.കെ ലതിക. ഫേസ്ബുക്ക് പ്രൊഫൈൽ ലോക്ക് ചെയ്തിട്ടുമുണ്ട്. കാഫിർ സ്ക്രീൻ ഷോട്ട് സംബന്ധിച്ച് ഹൈകോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് പോസ്റ്റ് പിൻവലിക്കൽ.
കേസിൽ യൂത്ത് ലീഗ് പ്രവര്‍ത്തകനെതിരെ തെളിവില്ലെന്ന് കഴിഞ്ഞ ദിവസമാണ് ഹൈകോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്. ഇതോടെ സ്ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ച മുന്‍ എം.എല്‍.എ കൂടിയായ കെ.കെ ലതികയെ അറസ്റ്റ് ചെയ്യണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. ലതികയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ സ്ക്രീന്‍ ഷോട്ട് തുടരുന്നത് കൂടി ചൂണ്ടിക്കാട്ടിയായിരുന്നു ആവശ്യം.
ലോക്സഭ തെരഞ്ഞെടുപ്പിന്റെ തലേദിവസമായിരുന്നു കാഫിര്‍ സ്ക്രീന്‍ ഷോട്ട് ഉയർന്നുവന്നത്. 'എന്തൊരു വർഗീയതയാണെടോ ഇത്. തെരഞ്ഞെടുപ്പ് കഴിഞ്ഞും നമ്മുടെ നാട് നിലനിൽക്കണ്ടേ. ഇത്ര കടുത്ത വർഗീയത പ്രചരിപ്പിക്കരുത്'-എന്ന കുറിപ്പോടെയായിരുന്നു കെ.കെ ലതിക ഇത് പങ്കുവെച്ചത്.
ഷാഫി പറമ്പിലിനെ അഞ്ച് നേരം നിസ്കരിക്കുന്ന ദീനിയായ മുസ്‍ലിമായും കെ.കെ ശൈലജയെ കാഫിറായും ചിത്രീകരിച്ചുള്ള സ്ക്രീന്‍ ഷോട്ട് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കാസിമിന്‍റെ പേരിലാണ് പുറത്തുവന്നതെങ്കിലും ഇത് തന്റെ പേരിൽ വ്യാജമായി നിർമിച്ചതാണെന്ന് ചൂണ്ടിക്കാട്ടി കാസിം റൂറൽ എസ്.പിക്ക് പരാതി നൽകിയിരുന്നു. കാസിമിനെതിരെ യാതൊരു തെളിവും കിട്ടിയിട്ടില്ലെന്നാണ് വടകര പൊലീസ് നല്‍കിയ റിപ്പോര്‍ട്ട്. മാത്രമല്ല, ഈ സ്ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ച അമ്പാടിമുക്ക് സഖാക്കള്‍, പോരാളി ഷാജി തുടങ്ങിയ സമൂഹ മാധ്യമ ഗ്രൂപ്പുകളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതായും പൊലീസ് അറിയിച്ചിരുന്നു. കെ.കെ ലതികയുടെ മൊഴിയെടുത്തതായും ഫോണ്‍ പരിശോധിച്ചതായും പൊലീസ് റിപ്പോര്‍ട്ടിൽ പറയുന്നു. ഇതോടെയാണ് ലതികയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്. ജാമ്യമില്ലാ കുറ്റം ചുമത്തിയായിരുന്നു കാസിമിനെതിരെ കേസെടുത്തത്. ജൂൺ 28നാണ് കേസ് കോടതി വീണ്ടും പരിഗണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.