പാലാ: കോൺഗ്രസ് മുഖപത്രം വീക്ഷണത്തിലെ മുഖപ്രസംഗത്തിൽ ഉന്നയിച്ച വിമർശനത്തിന് മറുപടിയുമായി കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം. മാണി. താൻ ആരെയും ചതിച്ചിട്ടില്ലെന്നും മുന്നണിയിൽ ഇല്ലാത്ത പാർട്ടി യു.ഡി.എഫിന് വോട്ട് ചെയ്തില്ലെന്നതിൽ എന്ത് ചതിയാണുള്ളതെന്നും മാണി ചോദിച്ചു. വീക്ഷണം തങ്ങളെ ഉപദേശിക്കേണ്ടെന്നും കോൺഗ്രസിനെ ഉപദേശിച്ചാൽ മതിയെന്നും മാണി പറഞ്ഞു. അടുത്ത കാലത്തായി വീക്ഷണത്തിന്‍റെ വീക്ഷണത്തിന് ഇടിവു തട്ടിയിട്ടുണ്ടെന്ന് മാണി വാർത്താസമ്മേളനത്തിൽ പരിഹസിച്ചു.
കോട്ടയം ജില്ല പഞ്ചായത്തിലെ പരാജയം ഡി.സി.സി വിലകൊടുത്തു വാങ്ങിയതാണെന്ന് താൻ നേരത്തെ പറഞ്ഞിട്ടുണ്ട്. സാധാരണ ഗതിയിലാണെങ്കിൽ തങ്ങൾ പിന്തുണ നൽകുമായിരുന്നു. എന്നാൽ, ഡി.സി.സി വളരെ മോശമായിട്ടാണ് പ്രതികരിച്ചത്. അതിനെതിരെ അഭിമാനമുള്ള കേരള കോൺഗ്രസ് പ്രവത്തകർ പ്രതികരിക്കുകയായിരുന്നു. പ്രാദേശികമായി സഹകരിച്ചു മുന്നോട്ടു പോകാമെന്ന് കോൺഗ്രസുമായി കരാറുണ്ടാക്കിയിട്ടില്ലെന്നും മാണി ചൂണ്ടിക്കാട്ടി.
കേരള കോൺഗ്രസ് ഒരു മുന്നണിയിലേക്കും പോകുന്നില്ല. പാർട്ടിക്ക് ശക്തിയുണ്ടെങ്കിൽ തങ്ങളുമായി കൂട്ടുകൂടാൻ ആളുവരും. ശക്തിയുള്ളതും സ്വന്തം കാലിൽ നിൽക്കുന്നതുമായ പാർട്ടിയാണിത്. 1965, 1967, 1970 തുടങ്ങിയ വർഷങ്ങളിൽ ഈ ശക്തി തെളിയിച്ചിട്ടുണ്ട്. ചുമ്മാ തുമ്മിയാൽ തെറിച്ചു പോകുന്ന മൂക്കല്ല കേരള കോൺഗ്രസ്. കേരള രാഷ്ട്രീയത്തിൽ അസ്തിത്വമുള്ള രാഷ്ട്രീയ കക്ഷിയാണ്. തെരഞ്ഞെടുപ്പ് വരുമ്പോൾ ഞങ്ങൾക്കും കൂട്ടാളിയുണ്ടാകും. യു.ഡി.എഫിലേക്ക് തിരികെ പോകണമെന്ന ആഗ്രഹം പാർട്ടിക്കില്ല. ഞങ്ങളെ മുന്നണിയിലെടുക്കണമെന്ന് പറഞ്ഞ് അങ്ങോട്ട് ചെന്നിട്ടില്ലെന്നും മാണി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.